റിതേഷ് ദേശ്മുഖിനായി ഭേൽ പൂരി തയാറാക്കി സൽമാൻ ഖാൻ; പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള വിഡിയോ പങ്കുവെച്ച് ജെനീലിയ
text_fieldsസൽമാൻ ഖാന്‍റെ അറുപതാം പിറന്നാൾ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ, ജെനീലിയ ഡിസൂസ പങ്കുവെച്ച അദ്ദേഹത്തിന്‍റെ പൻവേൽ ഫാംഹൗസ് പാർട്ടിയിൽ നിന്നുള്ള വിഡിയോ ആണ് ഇന്‍റർനെറ്റിലെ ചർച്ചാവിഷയം. സൽമാൻ ഖാൻ ഭേൽ പൂരി തയാറാക്കി ജെനീലിയക്കും ഭർത്താവും നടനുമായ റിതേഷ് ദേശ്മുഖിനും വിളമ്പുന്നത് വിഡിയോയിൽ കാണാം. ജെനീലിയ തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് രസകരമായ വിഡിയോ പങ്കുവെച്ചത്.
വിഡിയോയിൽ സൽമാൻ ഖാൻ വ്യത്യസ്ത സ്ട്രീറ്റ് ഫുഡ് ചേരുവകൾ കലർത്തി ഭേൽ ഉണ്ടാക്കുന്നത് കാണാം. 'സൽമാൻ ഖാനെ പോലെ മറ്റാരുമില്ല... നിങ്ങളെ സന്തോഷിപ്പിക്കാൻ അദ്ദേഹം കഴിയുന്നതൊക്കെ ചെയ്യും. ഇത്തവണ അദ്ദേഹം തികച്ചും രുചികരമായ 'ഭൗ ചി ഭേൽ' വിളമ്പുകയാണ്... 'ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു സൽമാൻ....' - എന്ന അടിക്കുറിപ്പോടെയാണ് ജെനീലിയ വിഡിയോ പങ്കുവെച്ചത്.
അതേസമയം, ഫാംഹൗസിൽ അർധരാത്രിയായിരുന്നു ക്ഷണിക്കപ്പെട്ട അതിഥികളുടെയും പാപ്പരാസികളുടെയും നടുവിലായി അറുപതാമത്തെ ജന്മദിനത്തിലെ കേക്ക് മുറിക്കൽ ചടങ്ങ് നടത്തിയത്. തന്റെ സഹോദരങ്ങളെയും കുടുംബത്തെയും കൂടാതെ ക്രിക്കറ്റ് ഇതിഹാസമായ മഹേന്ദ്രസിങ് ധോണിയും കുടുംബവും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബോളിവുഡ് താരങ്ങളായ ആദിത്യ റോയ്, തബു, പഴയതാരം ഹെലൻ, സഞ്ജയ് ലീല ബൻസാലി, രൺദീപ് ഹൂഡ, മിഖ സിങ് തുടങ്ങിയവരും പാർട്ടിക്കെത്തിയിരുന്നു.
1988ൽ ബീവി ഹോതോ യേസേ എന്ന ചിത്രത്തിലൂടെ സഹനടനായാണ് സൽമാൻ ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം റിലീസ് ചെയ്ത മേനെ പ്യാർ കിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെന്നല്ല, രാജ്യത്തെ മുഴുവൻ യുവാക്കളുടെയും കൗമാരക്കാരുടെയിടയിലും ചോക്ലേറ്റ് നായകനാവുകയായിരുന്നു. തുടർന്നങ്ങോട്ട് ബോളിവുഡിൽ സൽമാൻ ഖാനെന്ന നായകനടന്റെ പടയോട്ടമായിരുന്നു. തന്റെ 37 വർഷത്തെ ചലച്ചിത്ര സാമ്രാജ്യത്തിൽ ഒറ്റയാനായി വാഴുകയാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

