'ഗംഭീരം പൈലറ്റ് ജീ, താങ്കളോടൊപ്പം യാത്ര ചെയ്യാൻ സാധിച്ചാൽ അത് അഭിമാനകരം'; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവുമായി സൽമാൻ ഖാൻ
text_fieldsദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈയ് വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യത്തിൽ ധീരമായ ഇടപെടലിലൂടെ 182-ഓളം യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് സൽമാൻ ഖാൻ ക്യാപ്റ്റൻ സ്മിത്തിന് ബിഗ് സല്യൂട്ട് നൽകിയത്. 'നിങ്ങൾ അത് അത്ഭുതകരമായി ചെയ്തു, പൈലറ്റ് ജീ! ഞങ്ങൾ എല്ലാവരും നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. ഭാവിയിൽ താങ്കൾ പറത്തുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത് ഒരു വലിയ സന്തോഷമായിരിക്കും. വെൽ ഡൺ ബ്രോ!' എന്നായിരുന്നു സൽമാൻ ഖാന്റെ വാക്കുകൾ.
കഴിഞ്ഞ ബുധനാഴ്ച ദുബൈയിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈദുബൈ വിമാനത്തിലെ കോക്പിറ്റിനുള്ളിൽ വെച്ച് സഹപൈലറ്റായ ഒമാൻ സ്വദേശി ക്യാപ്റ്റൻ സ്മിതിനെ അക്രമിക്കുകയായിരുന്നു. കടുത്ത ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും തന്‍റെ മനക്കരുത്ത് കൈവിടാതിരുന്ന സ്മിത് വിമാനം അപകടകരമായി താഴേക്ക് പതിക്കുന്ന സാഹചര്യം തിരിച്ചറിഞ്ഞു. രക്തത്തിൽ കുളിച്ച അവസ്ഥയിലും കോക്പിറ്റിന്‍റെ ലോക്ക് ചെയ്ത വാതിൽ തുറക്കാൻ അദ്ദേഹത്തിന് സാധിച്ചു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും യാത്രക്കാരും കോക്പിറ്റിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തിയ വ്യക്തിയെ കീഴ്പ്പെടുത്തുകയായിരുന്നു.
തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി വിമാനം ഇറക്കുകയും അപകടത്തിൽ പെട്ട എല്ലാവരുടെയും ജീവൻ സുരക്ഷിതമാക്കുകയും ചെയ്തു. ക്യാപ്റ്റൻ സ്മിത്തിന്‍റെ ഈ അസാമാന്യ സമയോചിത ഇടപെടലും ധീരതയും വലിയ ദുരന്തമാണ് ഒഴിവാക്കിയത്. സംഭവത്തിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്മിത്തുമായി സംസാരിച്ച് അദ്ദേഹത്തിന്‍റെ സേവനത്തെ അഭിനന്ദിച്ചിരുന്നു. നിലവിൽ അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്മിത്തിന് ചലച്ചിത്ര രംഗത്തു നിന്നും പൊതുസമൂഹത്തിൽ നിന്നും വലിയ രീതിയിലുള്ള പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

