മൈക്കിൾ ജാക്സൺ മരിച്ചപ്പോൾ മാധ്യമങ്ങൾ എന്‍റെടുത്ത് വന്നു, കാരണം അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു- സലീം കുമാർ
text_fieldsപ്രശസ്ത പോപ് ഗായകൻ മൈക്കിൾ ജാക്സൺ മരിച്ചപ്പോൾ മാധ്യമങ്ങൾ തന്നെ വിളിച്ച് പ്രതികരണം ചോദിച്ചെന്നും പറയുകയാണ് നടൻ സലീം കുമാർ. അദ്ദേഹം മരിച്ചത് ലോകം അറിഞ്ഞപ്പോൾ കതാൻ ഒരു സിനിമ സെറ്റിലായിരുന്നുവെന്നും ചാനലുകളും മറ്റും തന്നെ വിളിച്ച് പ്രതികരണമെടുക്കാൻ തുടങ്ങിയെന്നും സലിം കുമാർ പറയുന്നു.
എന്തുകൊണ്ടാണ് തൻ്റെ അടുത്ത് അവർ മൈക്കിൾ ജാക്സനെ കുറിച്ച് ചോദിക്കുന്നതെന്ന് മനസിലായില്ലെന്നും പിന്നീടാണ് ചതിക്കാത്ത ചന്തു എന്ന സിനിമയിൽ താൻ മൈക്കിൾ ജാക്സന്‍റെ രൂപത്തിൽ വന്നതുകൊണ്ടാണ് വിളിച്ചതെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോൾ ചിരിയേക്കാൾ കൂടുതൽ അത്ഭുതമാണ് തോന്നിയതെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.
'ചിരി ഉണ്ടാക്കിയ പലസംഭവങ്ങളും ഉണ്ട്. അത് പലതും പലരൂപത്തിൽ സിനിമകളിലേക്ക് കയറ്റിവിടുകയും ചെയ്തിട്ടുണ്ട്. എങ്കിലും പറയാം. മൈക്കിൽ ജാക്സൺ മരിച്ചവാർത്ത ലോകം അറിഞ്ഞുകൊണ്ടിരിക്കുന്ന സമയം. തൃശൂരിലെ ഒരു ലൊക്കേഷനിലാണ് ഞാനുണ്ടായിരുന്നത്. ചിലർ എന്നെ വിളിച്ച് വാർത്ത അറിയിക്കുന്നു. മൈക്കിൾ ജാക്സനെക്കുറിച്ചുള്ള അറിവുകൾ പ്രകടിപ്പിക്കുന്നു. ഇതെല്ലാം ഇവരെന്തിനാണ് എന്നോട് പറയുന്നതെന്ന് മാനസിലായില്ലെങ്കിലും ഞാൻ ചുമ്മാ നിന്നുകൊടുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചാനലിൽ നിന്നൊരു റിപ്പോർട്ടർ വിളിച്ച് അനുശോചനം ലൈവായി വേണമെന്ന് പറഞ്ഞു. ഞാനും മൈക്കിൾ ജാക്‌സനും തമ്മിൽ എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരുപിടിയും കിട്ടിയില്ല. അനുശോചനത്തിനായി വിളികൾ കൂടുതലായെത്തിയപ്പോൾ ഞാനുമായുള്ള മൈക്കിൾ ജാക്‌സന്‍റെ ബന്ധം ഞാൻ തിരിച്ചറിഞ്ഞു.
മൈക്കിൾ ജാക്‌സൻ്റെ രൂപത്തിൽ കണ്ട ഏക മലയാളി വ്യക്തി ഞാനാണ്. ചതിക്കാത്ത ചന്തുവിലെ ഡാൻസ്‌മാസ്റ്ററുടെ കഥാപാത്രം. മൈക്കിൾ ജാക്‌സനുമായി യഥാർഥ ബന്ധമുള്ളവരിൽ നിന്നൊന്നും കമന്റുകളെടുക്കാൻ കഴിയാത്ത കേരളത്തിലെ മാധ്യമപ്രവർത്തകർ എന്നെ വളഞ്ഞിട്ട് പിടിച്ചു.ചിരിയല്ല അത്ഭുതമായിരുന്നു ആദ്യം തോന്നിയത്. പക്ഷേ ചാനലുകാർ തിരക്കുകൂട്ടി ഞങ്ങൾക്ക് സലിം കുമാറേട്ടന്റെ അനുശോചനം കൂടിയേതീരുവെന്ന് പറഞ്ഞപ്പോൾ അന്ന് ഞാൻ അണപൊട്ടുന്ന ദുഃഖത്തോടെ ചാനലുകളിൽ സംസാരിച്ചു. അടുത്തദിവസം പുറത്തുവന്ന ഇംഗ്ലീഷ് പത്രത്തിൽ എന്റെയും പ്രഭുദേവയുടെയും അനുശോചനക്കുറിപ്പുകൾ പ്രാധാന്യത്തോടെ നൽകിയിരുന്നു. ഓർക്കുമ്പോൾ ഇന്നും ചിരിനിർത്താൻ കഴിയില്ല,' സലിം കുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.