'ഞാൻ ഇപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്; സാഹിബ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം മാത്രമായിരുന്നില്ല...' ദിലീപ് കുമാറിന്റെ ഓർമയിൽ വൈകാരിക കുറിപ്പുമായി സൈറ ബാനു
text_fieldsബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ദിലീപ് കുമാർ. അദ്ദേഹത്തിന്‍റെ മരണശേഷവും അങ്ങനെ തന്നെ തുടരുന്നു. ദിലീപ് കുമാറിന്‍റെ ചിത്രങ്ങളും വിഡിയോകളും ഭർത്താവിനെക്കുറിച്ചുള്ള അറിയപ്പെടാത്തതുമായ വസ്തുതകളും സൈറ ബാനു സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 2025 ജൂലൈ ഏഴ് ദിലീപ് കുമാറിന്റെ ചരമവാർഷികമാണ്. ഭർത്താവിന്‍റെ ഓർമയിൽ വൈകാരിക കുറിപ്പുമായി എത്തിയിരിക്കുകയാണ് സൈറ ബാനു.
'എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം' എന്ന് പറഞ്ഞാണ് സൈറ കുറിപ്പ് തുടങ്ങിയിരിക്കുന്നത്. സൈറ ബാനു തന്‍റെ ഇൻസ്റ്റാഗ്രാമിൽ ദിലീപ് കുമാറിന്റെ ഒരു വിഡിയോ പങ്കുവെച്ചു. അദ്ദേഹത്തിന്‍റെ നിരവധി ക്ലിപ്പുകളും, അധികം കാണാത്ത നിരവധി ചിത്രങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിലീപ് കുമാറിന്റെ തന്നെ ഗാനമായ 'അകേലെ ഹീ അകേലെ ചലാ ഹേ' എന്ന ഗാനമാണ് പശ്ചാത്തലത്തിൽ ചേർത്തിട്ടുള്ളത്.
സാഹിബിന്‍റെ ശൂന്യത ഒരിക്കലും നികത്താൻ കഴിയില്ല... എന്നിട്ടും, ഞാൻ ഇപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്. ചിന്തയിൽ, മനസ്സിൽ, ജീവിതത്തിൽ. ഈ ജീവിതത്തിലും, അടുത്ത ജീവിതത്തിലും, അദ്ദേഹത്തിന്‍റെ അഭാവത്തിലും എന്‍റെ ആത്മാവ് അദ്ദേഹത്തോടൊപ്പം നടക്കാൻ പഠിച്ചിരിക്കുന്നു സൈറ ബാനു കുറിച്ചു.
എല്ലാ വർഷവും ഭർത്താവിന്‍റെ ചരമ വാർഷികത്തിൽ അദ്ദേഹത്തെ താൻ ഓർക്കാറുണ്ടെന്നും സൈറ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്‍റെ അഭ്യുദയകാംക്ഷികൾ, ആരാധകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവർ ഈ ദിവസം ഒരിക്കലും മറക്കില്ല. എല്ലാവരുടെയും ഹൃദയങ്ങളിൽ അദ്ദേഹത്തിന് ഇപ്പോഴും ഇടമുണ്ട്. ദിലീപ് കുമാറിനെ 'ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം' എന്നാണ് സൈറ വിശേഷിപ്പിച്ചത്. അദ്ദേഹം സ്പോർട്സിനെ സ്നേഹിച്ചിരുന്നു. വിധി മറ്റൊന്നായിരുന്നെങ്കിൽ അദ്ദേഹം ഒരു കായികതാരമാകുമായിരുന്നു എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു സൈറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

