കാർ തയാർ ആയിരുന്നില്ല, രക്തത്തിൽ കുളിച്ച സെയ്ഫ് അലി ഖാനെ മകൻ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിൽ
text_fieldsമുംബൈ: അക്രമിയുടെ കത്തിക്കുത്തിൽ ഗുരുതര പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് മൂത്ത മകൻ ഇബ്രാഹിം. കത്തിക്കുത്തിൽ പരിക്കേറ്റ് രക്തത്തിൽ കുളിച്ച സെയ്ഫിനെ ആശുപത്രിയിലെത്തിക്കാൻ കാർ നോക്കിയപ്പോൾ ഒന്നും ഇബ്രാഹിമിന്റെ ശ്രദ്ധയിൽ പെട്ടില്ല. തുടർന്ന് ഒട്ടും സമയം പാഴാക്കാതെ, ഇബ്രാഹിം ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സെയ്ഫിന്റെ ബാന്ദ്രയിലെ വീട്ടിൽ നിന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് രണ്ടുകിലോമീറ്റർ ദൂരമുണ്ട്. സെയ്ഫിന്റെയും ആദ്യ ഭാര്യ അമൃത സിങ്ങിന്റെയും മകനാണ് ഇബ്രാഹിം.
54കാരനായ സെയ്ഫ് അലി ഖാന്റെ ശരീരത്തിൽ കത്തിക്കുത്തേറ്റ് ആറു മുറിവുകളാണുണ്ടായിരുന്നത്. അതിൽ രണ്ട് മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട് താരം. അക്രമിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 2.30നാണ് ബാന്ദ്രയിൽ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് അക്രമിയുടെ കുത്തേറ്റത്. അക്രമി നേരത്തേ തന്നെ സെയ്ഫിന്റെ വീട്ടിൽ ഒളിച്ചിരുന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കാരണം ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് ആരും വീട്ടിനുള്ളിലേക്ക് കടന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ ഇല്ല. അതിനാലാണ് അക്രമി മണിക്കൂറുകൾക്ക് മുമ്പേ സെയ്ഫിന്റെ വീട്ടിൽ കയറി ആക്രമിക്കാനായി തക്കംപാർത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് കരുതുന്നത്. സെയ്ഫിനെ ആറുതവണ കുത്തി ഗുരുതര പരിക്കേൽപിച്ച ശേഷം അക്രമി ഓടിരക്ഷപ്പെടുകയും ചെയ്തു.
അക്രമം നടക്കുമ്പോൾ സെയ്ഫിന്റെ മക്കളായ തൈമൂർ, ജെഹ് എന്നിവർ വീട്ടിലുണ്ടായിരുന്നു. ഭാര്യ കരീന കപൂർ സഹോദരി കരീഷ്മക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പുലർച്ചെ 3.30നാണ് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി സി.ഇ.ഒ നിരജ് ഉത്തമാനി പറഞ്ഞു. വീട്ടിനുള്ളിൽ കടന്ന മോഷ്ടാവും സെയ്ഫ് അലി ഖാനും തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് മോഷ്ടാവ് കത്തി ഉപയോഗിച്ച് തുടർച്ചയായി കുത്തിയത്. ഏതാനും കുടുംബാംഗങ്ങൾ ആ സമയത്ത് വീട്ടിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

