കുത്തേറ്റത് മക്കളുടെ മുന്നിൽവെച്ച്; സെയ്ഫ് അലി ഖാന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ
text_fieldsബാന്ദ്രയിലെ വീട്ടിൽവെച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ചികിത്സയിലാണ്. നടൻ അപകടനില തരണംചെയ്തുവെന്നാണ് റിപ്പോർട്ട്. ആറ് തവണയാണ് സെയ്ഫിന് കുത്തേറ്റത്. അതിൽ രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണ്. സുഷുമ്ന നാഡിയോട് ചേർന്നും കുത്തേറ്റ പരിക്കുണ്ട്.
കുട്ടികളുടെ മുന്നിൽ വെച്ചാണ് സെയ്ഫിന് കുത്തേറ്റത്. മോഷ്ടാവ് അകത്തുകയറിയ വിവരമറിഞ്ഞ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി എത്തിയതായിരുന്നു സെയ്ഫ്. അക്രമിയുമായി വാക്തർക്കമുണ്ടാവുകയും അതിനു പിന്നാലെ കുത്തേൽക്കുകയുമായിരുന്നു.
അക്രമിക്ക് വീട്ടിനകത്ത് നിന്നാരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ആക്രമണത്തിൽ ജോലിക്കാരിക്കും പരിക്കുണ്ട്. ഇവരെയുൾപ്പെടെ ചോദ്യം ചെയ്യും. മൂന്നുജീവനക്കാരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബാന്ദ്രയിലെ അതീവ സുരക്ഷ സംവിധാനങ്ങളുള്ള നാലുനില വീട്ടിലാണ് സെയ്ഫ് അലിഖാനും കുടുംബവും താമസിക്കുന്നത്.ഇവിടേക്ക് അക്രമി എങ്ങനെ എത്തി എന്നതാണ് സംശയം. കൃത്യം നടന്ന ഉടൻ രക്ഷപ്പെട്ടതിനും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്നും പൊലീസ് കരുതുന്നുണ്ട്.
അക്രമം നടക്കുമ്പോൾ സെയ്ഫിന്റെ മക്കളായ തൈമൂർ, ജെഹ് എന്നിവർ വീട്ടിലുണ്ടായിരുന്നു. ഭാര്യ കരീന കപൂർ സഹോദരി കരീഷ്മക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പുലർച്ചെ 3.30നാണ് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി സി.ഇ.ഒ നിരജ് ഉത്തമാനി പറഞ്ഞു. വീട്ടിനുള്ളിൽ കടന്ന മോഷ്ടാവും സെയ്ഫ് അലി ഖാനും തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് മോഷ്ടാവ് കത്തി ഉപയോഗിച്ച് തുടർച്ചയായി കുത്തിയത്. ഏതാനും കുടുംബാംഗങ്ങൾ ആ സമയത്ത് വീട്ടിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

