ഒരു കത്തി കണ്ടാൽ ഇപ്പോഴും ഉള്ളിൽ ഭയം; മരണത്തെ മുഖാമുഖം കണ്ട ആ ആക്രമണത്തെക്കുറിച്ച് സെയ്ഫ് അലി ഖാൻ
text_fieldsമുംബൈ : ബാന്ദ്രയിലെ ആഡംബര വസതിയിൽ വെച്ച് തനിക്ക് നേരെ നടന്ന കൊലപാതക ശ്രമത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. തന്നെയും കുടുംബത്തെയും ഞെട്ടിച്ച ആ ആക്രമണം നടന്ന് ഒരു വർഷത്തിലേറെ കഴിഞ്ഞെങ്കിലും, ആ രാത്രിയുടെ ഭീതിയിൽ നിന്ന് താൻ ഇനിയും പൂർണ്ണമായി മോചിതനായിട്ടില്ലെന്ന് താരം വ്യക്തമാക്കി. 'ബോംബെ ടൈംസി'ന് നൽകിയ അഭിമുഖത്തിലാണ് സെയ്ഫ് മനസ്സ് തുറന്നത്.
"കുടുംബം ഈ ആഘാതത്തിൽ നിന്ന് വേഗത്തിൽ തന്നെ പുറത്തുകടന്നു. എന്നാൽ എനിക്ക് ഇനിയും പൂർണ്ണമായി അതിനെ മറികടക്കാനായിട്ടില്ല. മുന്നിൽ ഒരു കത്തി കണ്ടാൽ പോലും ഇപ്പോഴും എന്റെയുള്ളിൽ പെട്ടെന്ന് ഒരു പ്രതികരണമുണ്ടാകും"- സെയ്ഫ് പറഞ്ഞു.
ആക്രമണ സമയത്ത് ഉപയോഗിച്ച കത്തി ഒടിഞ്ഞുപോയതാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് സെയ്ഫ് വിശ്വസിക്കുന്നു. "ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കത്തിയായിരുന്നു അത്. അക്രമി കയ്യിൽ ഒരു നല്ല 'രാംബോ' കത്തിയാണ് കരുതിയിരുന്നതെങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ശരീരം മുഴുവൻ കുത്തേറ്റെങ്കിലും അത് മാരകമാകാതിരുന്നത് എന്റെ ഭാഗ്യം മാത്രമാണ്," താരം കൂട്ടിച്ചേർത്തു.
മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളെക്കുറിച്ചും സൈഫ് മനസ്സുതുറന്നു. ചോരയിൽ കുളിച്ച് കിടക്കുമ്പോൾ തനിക്ക് മരണത്തെക്കുറിച്ചല്ല, ശരീരം തളർന്നുപോകുമോ എന്നതിനെക്കുറിച്ചായിരുന്നു ഭയമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
2025 ജനുവരി 16-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഫയർ എസ്കേപ്പ് വഴി സൈഫിന്റെ 12-ാം നിലയിലെ ഫ്ലാറ്റിൽ അതിക്രമിച്ചുകടന്ന പ്രതി, മകനായ ജഹാംഗീറിനെ നോക്കാൻ നിന്ന നഴ്സ് എലിയമ്മ ഫിലിപ്പിനെ ആക്രമിച്ച് ഒരു കോടി രൂപ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാന് നേരെയും ആക്രമണമുണ്ടായി. നട്ടെല്ലിനും കൈക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
അതേസമയം, പ്രിയദർശൻ സംവിധാനം ചെയ്ത് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തിയ 'ഹൈവാൻ' എന്ന ചിത്രമാണ് സെയ്ഫിന്റേതായി ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

