Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞാൻ തിരഞ്ഞെടുത്തതല്ല, എനിക്ക് ലഭിച്ച അനുഗ്രഹമാണ് ഈ വേഷം’; സീതയാകാനുള്ള തയാറെടുപ്പുകളെ കുറിച്ച് സായ് പല്ലവി

text_fields
bookmark_border
രാമായണത്തിന്‍റെ ആദ്യ ഭാഗം ദീപാവലി റിലീസായി എത്തും
sai pallavi
cancel
camera_alt

സായ് പല്ലവി

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിൽ സീതാദേവിയുടെ വേഷം ചെയ്തതിനെക്കുറിച്ചുള്ള തന്റെ ആഴമേറിയ അനുഭവങ്ങൾ പങ്കുവെച്ച് നടി സായ് പല്ലവി. പ്രാർത്ഥനയോടെയും ധ്യാനത്തോടെയും തികച്ചും ശാന്തമായ മനസ്സോടെയുമാണ് താൻ ഈ കഥാപാത്രത്തെ സമീപിച്ചതെന്ന് സായ് പല്ലവി വെളിപ്പെടുത്തി. ന്യൂഡൽഹിയിൽ നടന്ന ചിത്രത്തിന്റെ പ്രഥം സങ്കൽപ് ചടങ്ങിൽ സംസാരിക്കവെയാണ്, ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു സീതയുടേതെന്ന് താരം തുറന്നുപറഞ്ഞത്.

സീതയെപ്പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ സായ് പല്ലവിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘അഭിനേതാക്കൾക്ക് ഇങ്ങനെയുള്ള വേഷങ്ങൾ ലഭിക്കുക അത്ര എളുപ്പമല്ല. കാരണം ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് അത്ര ലളിതമായ കാര്യമല്ലല്ലോ. അതിനെ അതിന്റെ ഏറ്റവും മികച്ച രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ ഹൃദയവും ആത്മാവും നൽകി പ്രയത്നിക്കുന്ന ഒരു ടീം തന്നെ പിന്നിലുണ്ടാകണം. തന്റെ ആസൂത്രണം കൊണ്ടോ കരിയറിലെ വലിയ ആഗ്രഹം കൊണ്ടോ നേടിയെടുത്ത ഒന്നായി ഈ വേഷത്തെ കാണുന്നില്ലെന്നും, മറിച്ച് ഇതൊരു വലിയ അനുഗ്രഹമായി വന്നതാണെന്നുമാണ് സായ് പല്ലവി പറഞ്ഞു.

‘സീതാമയ്യയുടെ വേഷം ചെയ്യാൻ ഞാൻ തിരഞ്ഞെടുത്തതാണെന്ന് ഞാൻ കരുതുന്നില്ല. മറിച്ച് ഈ വേഷം ചെയ്യാൻ എനിക്ക് അനുഗ്രഹം ലഭിച്ചതാണ്. നമുക്ക് പിന്നാലെ നടന്ന് സ്വന്തമാക്കാൻ പറ്റുന്ന ഒന്നല്ല ഇത്. എനിക്ക് ഇങ്ങനെ അഭിനയിക്കണം എന്ന് മുൻകൂട്ടി എഴുതിവെക്കാൻ കഴിയുന്നതുമല്ല. ഞാൻ ധ്യാനിച്ചിരിക്കുമ്പോൾ പ്രാർത്ഥിക്കാറുണ്ടായിരുന്നു; സീതാമയ്യ, അങ്ങ് എന്നിലൂടെ അഭിനയിക്കൂ. എന്നിൽ നിന്ന് എന്താണോ പുറത്തുവരുന്നത്, അത് ഈ സിനിമക്ക് വേണ്ടി അവിടുന്ന് ആഗ്രഹിക്കുന്നതായിരിക്കട്ടെ’ എന്ന് സായ് പല്ലവി പറഞ്ഞു.

ഷൂട്ടിങ്ങിലുടനീളം മാനസികമായി ശാന്തത പുലർത്താനും പോസിറ്റീവ് ആയിരിക്കാനും താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് സായ് പല്ലവി പങ്കുവെച്ചു. ഇത്രയും ബഹുമാനിക്കപ്പെടുന്ന ഒരു പുണ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുൻപുള്ള ഏറ്റവും പ്രധാനപ്പെട്ട തയാറെടുപ്പായിരുന്നു അത്. ‘എന്റെ ചിന്തകളിൽ പോലും പരമാവധി വിശുദ്ധി നിലനിർത്താൻ ഞാൻ എപ്പോഴും ശ്രമിച്ചിരുന്നു. കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാൻ ഇത് എന്നെ സഹായിച്ചു’ താരം കൂട്ടിച്ചേർത്തു. ചടങ്ങിൽ പങ്കെടുത്ത സംവിധായകൻ നിതേഷ് തിവാരി സായ് പല്ലവിയെ അഭിനന്ദിക്കുകയും, സീത എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ എത്തിക്കാൻ താരം എടുത്ത കഠിനാധ്വാനത്തെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'രാമായണ' രണ്ട് ഭാഗങ്ങളായാണ് തിയറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലി റിലീസായും, രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ബോളിവുഡ് താരം രൺബീർ കപൂറാണ് ചിത്രത്തിൽ ശ്രീരാമനായി എത്തുന്നത്. ലക്ഷ്മണനായി രവി ദുബെയും വേഷമിടുന്നു. കന്നഡ സൂപ്പർ താരം യാഷ് ആണ് രാവണനായി എത്തുന്നത്. ഹനുമാന്റെ വേഷത്തിൽ സണ്ണി ഡിയോൾ എത്തുമ്പോൾ ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, കൈകേയിയായി ലാറ ദത്തയും, മണ്ഡോദരിയായി കാജൽ അഗർവാളും വേഷമിടുന്നു. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, പ്രമുഖ വി.എഫ്.എക്സ് കമ്പനിയായ ഡി.എൻ.ഇ.ജി, നടൻ യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sai Pallavi Opens Up About Playing Sita in Ramayana
Next Story