Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ക്ഷമയെന്നാൽ പൊറുക്കലാണ്, അല്ലാഹുവിന്‍റെ പദ്ധതികളിൽ വിശ്വസിക്കുക'

text_fields
bookmark_border
ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി സാനിയ മിർസ
sani mirza 98789767
cancel

ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. താൻ വീണ്ടും വിവാഹിതനായ വിവരം ജനുവരി 20ന് ശുഐബ് മാലിക് അറിയിച്ചതോടെയാണ് ഇരുതാരങ്ങളും തമ്മിലെ ദാമ്പത്യവും വേർപിരിഞ്ഞ വിവരം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ, സാനിയയും മാലിക്കും മാസങ്ങൾക്ക് മുമ്പേ വിവാഹമോചിതരായിട്ടുണ്ടെന്ന കാര്യം സാനിയയുടെ കുടുംബം തന്നെ വെളിപ്പെടുത്തിയിരുന്നു.

വിവാഹമോചനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റും സജീവമാണ് സാനിയ മിർസ. ഒരിടവേളക്ക് ശേഷം ആദ്യമായി സാനിയ പൊതുവേദിയിൽ പങ്കെടുത്തത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. മുംബൈയിൽ നടന്ന പിക്കിള്‍ബോള്‍ മത്സരത്തിൽ പ്രത്യേക അതിഥിയായി എത്തിയതായിരുന്നു താരം. ബോളിവുഡ് താരം മനീഷ് പോള്‍, ടെന്നിസ് താരം രൊഹാന്‍ ബൊപ്പണ്ണ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ജീവിതത്തിന് പ്രചോദനം നൽകുന്ന നിരവധി സന്ദേശങ്ങൾ സാനിയ അടുത്തകാലത്തായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാറുണ്ട്. ഏറ്റവുമൊടുവിലത്തെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ക്ഷമയെ കുറിച്ചാണ് സാനിയ പറഞ്ഞിരിക്കുന്നത്.




'നിങ്ങളുടെയുള്ളിൽ എത്ര വേദനയുണ്ടെങ്കിലും ആളുകളോട് പുഞ്ചിരിക്കലാണ് ക്ഷമ. നിങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും അത് മറ്റാരും കാണുന്നതിന് മുമ്പേ തുടച്ചുകളയലാണ് ക്ഷമ. നിങ്ങളോട് ക്രൂരത കാട്ടിയവർക്ക് മാപ്പ് നൽകലാണ് ക്ഷമ. എല്ലാം ശരിയാകുമെന്നുള്ള അല്ലാഹുവിലുള്ള വിശ്വാസമാണ് ക്ഷമ. അല്ലാഹുവിന്‍റെ പദ്ധതികളിൽ വിശ്വാസമർപ്പിക്കലാണ് ക്ഷമ' -സാനിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.


തന്‍റെ സഹോദരിയും സംരംഭകയുമായ അനം മിർസയെ അഭിനന്ദിച്ചുള്ള പോസ്റ്റും സാനിയ പങ്കുവെച്ചിട്ടുണ്ട്. തന്‍റെ ഏറ്റവും അടുത്ത സുഹൃത്തും, പ്രശ്നങ്ങൾ പരിഹരിക്കുന്നയാളുമാണ് സഹോദരിയെന്ന് സാനിയ പറയുന്നു.

മറ്റൊരു പോസ്റ്റിൽ സ്വന്തം ഫോട്ടോ പങ്കുവെച്ചുകൊണ്ട് 'രാജകുമാരി' എന്നാണ് സാനിയ വിശേഷിപ്പിച്ചത്. 'തലയുയർത്തൂ രാജകുമാരീ, അല്ലെങ്കിൽ നിങ്ങളുടെ കിരീടം താഴെവീഴും' എന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്.


2010ലാണ് സാനിയയും ശുഐബ് മാലിക്കും വിവാഹിതരായത്. മാലിക്കിന്‍റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇന്ത്യക്കാരിയായ അയേഷ സിദ്ദീഖിയായിരുന്നു ശുഐബിന്‍റെ ആദ്യ ഭാര്യ. 2022ലാണ് സാനിയയും ശുഐബും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്‍റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. ഇക്കാര്യം ഇരുവരും അന്ന് നിഷേധിച്ചിരുന്നു. എന്നാൽ, ഈ വർഷം സമൂഹ മാധ്യമങ്ങളിൽ സാനിയ പങ്കുവെച്ച ചില പോസ്റ്റുകളും, ശുഹൈബ് മാലികിനെയും സനയെയും ചേർത്തുള്ള ഗോസിപ്പ് വാർത്തകളും ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഉറപ്പിക്കുന്നതായിരുന്നു.

മാലിക്കിന്‍റെ മൂന്നാം വിവാഹമാണ് നടന്നത്. പാക് നടി സന ജാവേദുമൊത്താണ് പാക് മുൻ ക്യാപ്റ്റൻ കൂടിയായ മാലിക്ക് പുതിയ ജീവിതം തുടങ്ങിയത്. അതേസമയം, സന ജാവേദുമായുള്ള വിവാഹത്തിന് മാലിക്കിന്‍റെ കുടുംബാംഗങ്ങൾക്ക് പൂർണസമ്മതമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. വിവാഹചടങ്ങിൽ കുടുംബാംഗങ്ങൾ പങ്കെടുത്തിട്ടുമുണ്ടായിരുന്നില്ല. മാലിക്കിന്‍റെ വിവാഹേതര ബന്ധങ്ങൾ കാരണം സാനിയ മിർസ പൊറുതിമുട്ടിയിരുന്നുവെന്ന് മാലിക്കിന്‍റെ സഹോദരി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabr is forgiving, trusting Allah’s plan Sania Mirza
Next Story