ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിനെ ചോദ്യം ചെയ്തു
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ കേസന്വേഷിക്കുന്ന എസ്.ഐ.ടി സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ ജയറാമിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യൽ നടന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട നിർണായകമായ നീക്കമാണിത്.
നടൻ ജയറാമും ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള വീഡിയോകളും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. അപ്പോൾ തന്നെ ജയറാമിനെ ചോദ്യം ചെയ്യുമെന്ന സൂചനയുമുണ്ടായിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാമെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ജയറാം വ്യക്തമാക്കിയിരുന്നു.
പതിറ്റാണ്ടുകളായി ശബരിമലയിൽ ദർശനം നടത്തുന്ന വ്യക്തിയാണ് താനെന്നും ശബരിമലയിൽ വെച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും ജയറാം മൊഴി നൽകിയെന്നാണ് വിവരം. പോറ്റി നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും ജയറാം മൊഴി നൽകി.
പോറ്റിയെ വിശ്വാസമായിരുന്നു. എന്നാൽ, അയാൾ നടത്തിയ സാമ്പത്തിക ഇടപാടുകളോ തട്ടിപ്പോ തനിക്കറിയില്ല. ശബരിമല കട്ടിളപ്പാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പാളികൾ കോട്ടയം ചങ്ങനാശ്ശേരി ഇളംപള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും താൻ പങ്കെടുത്തു.
ഭക്തനെന്ന നിലയിലാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ജയറാമിന്റെ മൊഴി വിശ്വസനീയമാണെന്ന നിലയിലാണ് നിലവിൽ എസ്.ഐ.ടി. ആ സാഹചര്യത്തിൽ ജയറാമിനെ കേസിൽ സാക്ഷിയാക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

