Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightജാനകിയമ്മ: മലയാളിയുടെ...

ജാനകിയമ്മ: മലയാളിയുടെ കാതുകളിൽ തേന്മഴ പെയ്യിച്ച വാനമ്പാടി

text_fields
bookmark_border
ജാനകിയമ്മ: മലയാളിയുടെ കാതുകളിൽ തേന്മഴ പെയ്യിച്ച വാനമ്പാടി
cancel

തിരുവനന്തപുരം: മലയാള ഭാഷയുടെ തനിമയും ഭാവവും അത്രമേൽ ആഴത്തിൽ ഉൾക്കൊണ്ട്‌ മലയാളിക്ക് എക്കാലത്തെയും മികച്ച പ്രണയ-വിരഹ ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് എസ്. ജാനകി. മാതൃഭാഷ തെലുങ്കാണെങ്കിലും മലയാളികൾ അവരെ സ്വന്തം ‘ജാനകിയമ്മ’യായി നെഞ്ചിലേറ്റി. ആയിരത്തിലധികം മനോഹരമായ മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ നാല് പതിറ്റാണ്ടിലേറെയായി അവർ കേരളത്തിന്റെ കാതുകളിൽ തേനും വയമ്പും നിറച്ചു.

1957ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ...’ എന്ന ഗാനത്തിലൂടെയാണ് ജാനകിയമ്മ മലയാളത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് സംഗീത സംവിധായകൻ എം.എസ്. ബാബുരാജുമായുള്ള കൂട്ടുകെട്ട് മലയാള സംഗീത ചരിത്രത്തിലെ സുവർണ കാലഘട്ടമായി മാറി. ‘ഭാർഗ്ഗവീനിലയ’ത്തിലെ’ താമസമെന്തേ വരുവാൻ...’, ‘മൂടുപട’ത്തിലെ ‘തളിരിട്ട കിനാക്കൾ..’, ‘കാട്ടുതുളസി’യിലെ’ ‘സൂര്യകാന്തി’... തുടങ്ങിയ അനശ്വര ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നവയാണ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ-താരാട്ടു പാട്ടുകളിൽ ഭൂരിഭാഗവും ജാനകിയമ്മയുടെ സ്വരമാധുരിയിലാണ് ആസ്വദിക്കപ്പെട്ടത്.തുമ്പി വാ (ഓളങ്ങൾ)- ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ഈ ഗാനം തലമുറകൾ കഴിഞ്ഞിട്ടും മലയാളിക്ക് പ്രിയങ്കരമാണ്. ശ്രീനിവാസൻ കൂട്ടുകെട്ടിൽ വിദ്യാലയ ഓർമകളെ ഉണർത്തുന്ന ഗാനമാണ് ‘ഒരു വട്ടം കൂടി’ (ചില്ല്), പ്രണയത്തിന്റെ വിരഹഭാവം ജാനകിയമ്മയുടെ ശബ്ദത്തിൽ ഇന്നും മലയാളികളെ ഈറനണിയിക്കുന്നതാണ് ഒ.എൻ.വി-എം.ബി കൂട്ടുകെട്ടിൽ പിറന്ന ‘മിഴിയോരം നനഞ്ഞൊഴുകും’ (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ). എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ‘മഞ്ഞണി കൊമ്പിൽ’...

കുട്ടികളുടെ ശബ്ദത്തിലും കിളികളുടെ നാദത്തിലും പാടാനുള്ള ജാനകിയമ്മയുടെ പ്രത്യേക കഴിവ് മലയാള സിനിമയിൽ ഏറെ പ്രയോജനപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലയാള സിനിമകളിലെ മികച്ച ആലാപനത്തിന് ഒട്ടനവധി സംസ്ഥാന അവാർഡുകൾക്ക് പുറമെ, ‘തുലാഭാരം’ (1969 - ശാന്താകാരി പ്രശസ്തമാക്കിയ ഗാനങ്ങൾ), ‘ഓപ്പോളിലെ’ (1980 - ഏറ്റുമാനൂർ അമ്പലത്തിൽ...) എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരങ്ങളും അവർ കേരളത്തിലേക്ക് എത്തിച്ചു.

'തുഷാരബിന്ദുക്കളെ' (ആലിംഗനം), 'യമുനേ നീയൊഴുകൂ' (തുലാവർഷം), 'രാഗേന്ദുകിരണങ്ങൾ' (അവളുടെ രാവുകൾ), 'സന്ധ്യേ കണ്ണീരിലെന്തേ' (മദനോൽസവം), 'തളിരിട്ട കിനാക്കൾ' (മൂടുപടം), ‘ഓലത്തുമ്പത്തിരുന്നൂയലാടും’ (പപ്പയുടെ സ്വന്തം അപ്പൂസ്) തുടങ്ങി മലയാളി എന്നും നെഞ്ചോടു ചേർത്ത എത്രയോ ഗാനങ്ങൾ ജാനകിയമ്മയുടെ ശബ്ദത്തിലൂടെയാണ് അമൃതവർഷമായി പെയ്തിറങ്ങിയത്. പ്രണയവും വിരഹവും വാത്സല്യവും നിറഞ്ഞ അവരുടെ ശബ്ദത്തിൽ പിറന്ന ‘ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്’ (ഓപ്പോൾ), ‘ആടിവാ കാറ്റേ’ (കൂടെവിടെ) തുടങ്ങിയ ഗാനങ്ങൾ തലമുറകൾക്കിപ്പുറവും സംഗീതപ്രേമികൾ മൂളിക്കൊണ്ടിരിക്കുന്നു.

1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പല്ലപട്‌ലയിലാണ് എസ്. ജാനകി ജനിച്ചത്. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം അവരെ ചെന്നൈയിലെത്തിച്ചു. എ.വി.എം സ്റ്റുഡിയോയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ലഭിച്ച ജോലി ജാനകിയമ്മയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി. അവിടെ ട്രാക്ക് പാടാനവസരം ലഭിച്ചത്, പിന്നീട് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഗായികയായി മാറുന്നതിലേക്കുള്ള ചവിട്ടുപടിയായി. ടി. ചലപതിറാവുവിന്റെ സംഗീതത്തിൽ ഒരു തമിഴ് ഗാനം പാടിക്കൊണ്ടാണ് അവർ സിനിമയിലെത്തിയത്. തുടർന്ന് നാഗേശ്വരറാവു എന്ന സംഗീതസംവിധായകനാണ് അവരുടെ മാതൃഭാഷയായ തെലുങ്കിൽ പാടാൻ അവസരം നൽകിയത്.

കേരളത്തിന്റെ കാറ്റിനും പ്രകൃതിക്കും ജാനകിയമ്മയുടെ പാട്ടുകളുടെ ഈണമാണെന്ന് പലപ്പോഴും സംഗീതപ്രേമികൾ പറയാറുണ്ട്. ആ ശബ്ദം മാഞ്ഞുപോകാതെ മലയാളിയുടെ ഹൃദയത്തിൽ എന്നും ജീവിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:s janakimalayalam film songsplayback singermalayalamfilm
News Summary - S. Janaki: The Vanampadi Who Drenched Malayali Hearts With Melody
Next Story