ധർമേന്ദ്രയെ വിടാതെ പിന്തുടർന്ന മതംമാറ്റ വിവാദം
text_fieldsധർമേന്ദ്രയും ഹേമമാലിനിയും
മുംബൈ: വെള്ളിത്തിരയിൽ വിജയഗാഥ രചിക്കുമ്പോഴും യഥാർഥ ജീവിതത്തിൽ ധർമേന്ദ്രയെ വിവാദം പിന്തുടർന്നു. 70 കളിലെയും 80 കളിലെയും ഡ്രീം ഗേൾ ഹേമ മാലിനിയുമായുള്ള വിവാഹമാണ് വിവാദത്തിന് തിരികൊളുത്തിയത്. 19ാം വയസ്സിൽ പ്രകാശ് കൗറിനെ വിവാഹം ചെയ്തിരുന്നു ധർമേന്ദ്ര. ആ ബന്ധം നിലനിർത്തിയാണ് 1980ൽ ഹേമമാലിനിയെ വിവാഹം ചെയ്യുന്നത്.
ഷോലെ അടക്കം 40 ഓളം സിനിമകളിൽ പ്രണയജോഡികളായിരുന്നു ഇരുവരും. സൗഹൃദം വിട്ടുപിരിയാനാകാത്ത പ്രണയമായി മാറി. ആദ്യ ഭാര്യയെ നിലനിർത്തിയുള്ള രണ്ടാം വിവാഹത്തിന് ധർമേന്ദ്രയും ഹേമ മാലിനിയും മതംമാറിയെന്നായിരുന്നു വിവാദം. ഇസ്‍ലാം മതം സ്വീകരിച്ച് ദിൽവർ, ആയിഷബി എന്ന് ഇരുവരും പേരുമാറ്റിയത്രെ. എന്നാൽ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. വിവാദത്തിൽ അന്ന് ഇരുവരും പ്രതികരിച്ചതേ ഇല്ല.
2004ൽ ബി.ജെ.പി ടിക്കറ്റിൽ രാജസ്ഥാനിലെ ബികാനിറിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ വിവാദം വീണ്ടും കത്തി. താൽപര്യങ്ങൾക്കനുസരിച്ച് മതം മാറുന്ന ആളല്ല താനെന്നായിരുന്നു അന്ന് ധർമേന്ദ്ര ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്. വ്യക്തിപരമായ കാര്യങ്ങളാണെന്ന് പറഞ്ഞ് ഹേമ മാലിനി ഒഴിഞ്ഞുമാറി. ഒടുവിൽ, ഹിന്ദു ആചാരപ്രകാരമായിരുന്നു ധർമേന്ദ്രയുടെ സംസ്കാര ചടങ്ങുകൾ.
ബോളിവുഡിന്റെ ഹി മാൻ
മകനെ പ്രഫസറാക്കാനായിരുന്നു സ്കൂൾ അധ്യാപകനായ പിതാവിന്റെ ആഗ്രഹം. എന്നാൽ ധർമേന്ദ്രയുടെ യാത്ര മറ്റൊരു ട്രാക്കിലൂടെയായിരുന്നു. ദിലീപ് കുമാറിന്റെയും മധുബാലയുടെയും സിനിമകളുടെ മാന്ത്രിക വലയത്തിൽ കുടുങ്ങിയ ധർമേന്ദ്രയുടെ ഉള്ളിൽ സിനിമ മോഹം പൂവിട്ടു. സിനിമ പോസ്റ്ററുകളിൽ തന്റെ ചിത്രവും പേരും അയാൾ സ്വപ്നം കണ്ടുതുടങ്ങി.
പ്രദേശത്തെ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള പാലത്തിൽ ചെന്ന് ഫ്രണ്ടയർ മെയിൽ കടന്നുപോകുമ്പോൾ, ഒരു ദിവസം മുംബൈയിലേക്ക് ഇത് തന്നെയും വഹിച്ച് കുതിക്കുമെന്ന് ഉരുവിട്ടുകൊണ്ടിരുന്നു. 1958ൽ ഫിലിം ഫെയർ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വണ്ടി കയറുമ്പോൾ പൂവണിഞ്ഞത് ആ സ്വപ്നമാണ്. റിയാലിറ്റി ഷോ ജേതാവാകുകയും സിനിമ മേഖലയിലെ പ്രമുഖരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. സിനിമയിൽ അവസരം കിട്ടാൻ പിന്നെയും ഒരു വർഷം കാത്തുനിൽക്കേണ്ടിവന്നു.
1960ൽ ആദ്യ സിനിമ വാണിജ്യപരമായി പരാജയപ്പെട്ടെങ്കിലും ധർമേന്ദ്ര തന്റെ സാന്നിധ്യം അറിയിച്ചു. പിന്നീടുള്ളത് വിജയ കഥകൾ. എല്ലാത്തരത്തിലുമുള്ള കഥാപാത്രങ്ങൾക്ക് അദ്ദേഹം വെള്ളിത്തിരയിൽ ജീവൻ നൽകി. ഓരോ സിനിമയിലൂടെയും അതുവരെ ആരാധകർ തന്നെക്കുറിച്ച് പുലർത്തിയ ധാരണകൾ തിരുത്തുകയായിരുന്നുവെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു.
മാഷ്മെല്ലോ പോലെ മൃദുലമായിരുന്നിട്ടും, ‘കരുത്തിന്റെ ഹി മാൻ’ എന്ന് ആരാധകരും സിനിമ ലോകവും ധർമേന്ദ്ര വിളിച്ചു. പ്രപഞ്ചത്തിലെ ഏറ്റവും കരുത്തനായ കാർട്ടൂൺ കഥാപാത്രമാണല്ലോ ഹി മാൻ. ‘ഏറ്റവും സുന്ദരനായ നടൻ’ എന്ന വിശേഷണവുമുണ്ടായി. ചെറിയ വേഷത്തിലായാലും തന്നെ അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. നഷ്ട പ്രണയത്തിന്റെ ഓർമകളിൽനിന്ന് തന്റെ 88ാം വയസ്സിൽ പഴയ ‘അഭി ന ജാവോ ചോഡ്‌കർ’ പാടി ശബാന ആസ്മിക്കടുത്തേക്ക് ചെല്ലുന്ന ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലെ രംഗം ആരാധകർക്ക് മറക്കാനാകില്ല.
പ്രായാധിക്യം നടത്തത്തിൽ തെളിയുമ്പോഴും പ്രണയം തുളുമ്പുന്ന മിഴികളും പുഞ്ചിരിയും ആരാധകരെ ആഴത്തിൽ ആകർഷിച്ചു. ഇരുളും വെളിച്ചവും നിറഞ്ഞ ബ്ലാക്ക് ആൻഡ് വൈറ്റ് മുതൽ ഡിജിറ്റൽ വരെയുള്ള സിനിമാക്കാലത്തിലൂടെ കടന്നുവന്ന മഹാ നടന്മാരിൽ ഒരാളാണ് ധർമേന്ദ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

