‘റോമൻ ഹോളിഡേ’ രാജകുമാരി ഒരു ചാരവനിത!
text_fieldsഓസ്കർ ജേതാവായ നടി ഓഡ്രി ഹെപ്ബേൺ
റോമൻ ഹോളിഡേ’യിലെ ആൻ രാജകുമാരിയെ അനശ്വരയാക്കിയ, ഓസ്കർ ജേതാവും അമ്പതുകളിലെയും അറുപതുകളിലെയും ഹോളിവുഡ് താരറാണിയുമായിരുന്ന ഓഡ്രി ഹെപ്ബേൺ ഒരു ചാരവനിത! ഡച്ച് പൗരയായ ഓഡ്രി ഹെപ്ബേൺ രണ്ടാം ലോകയുദ്ധത്തിൽ നാസികൾക്കെതിരായ ഡച്ച് ചെറുത്തുനിൽപിൽ സന്ദേശവാഹകയായിരുന്നുവെന്നത് അക്കാലത്ത് അധികമാർക്കും അറിയില്ലായിരുന്നു. അഞ്ചുതവണ ഓസ്കറിന് നാമനിർദേശം ചെയ്യപ്പെടുകയും ‘റോമൻ ഹോളിഡേ’ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കർ, എമ്മി, ഗ്രാമി, ടോണി അവാർഡുകളും സ്വന്തമാക്കിയ പ്രതിഭയാണവർ..
1929ൽ, ഡച്ചുകാരിയായ മാതാവിനും ബ്രിട്ടീഷ്-ഓസ്ട്രിയൻ വംശജനായ പിതാവിനും ബ്രസൽസിലാണ് ഹെപ്ബേണിന്റെ ജനനമെങ്കിലും ബ്രിട്ടനിലായിരുന്നു താമസം. മാതാപിതാക്കൾ ഹിറ്റ്ലറുടെയും നാസിസത്തിന്റെയും ആരാധകരായിരുന്നുവെന്നതാണ് കൗതുകം. കൗമാരത്തിൽ അമ്മയോടൊപ്പം നെതർലൻഡിലെത്തി. 1940ൽ ഹിറ്റ്ലർ നെതർലൻഡ്സ് കീഴടക്കിയത്തോടെ ഹെപ്ബേണിന്റെ ജീവിതം മാറി. നാസിവിരുദ്ധ മുന്നേറ്റത്തിലെ പ്രമുഖനായിരുന്ന അമ്മാവൻ കൗണ്ട് ഓട്ടോയെ ജർമൻ പട്ടാളം കൊലപ്പെടുത്തിയത് ഹെപ്ബേണിനെ ഉലച്ചു. തുടർന്നാണ് അവർ ചെറുത്തുനിൽപ് പ്രസ്ഥാനത്തിന്റെ ഭാഗമായത്. ഡച്ച് റെസിസ്റ്റൻസ് ഗ്രൂപ്പിനായി ഹെപ്ബേൺ പണം സ്വരൂപിച്ചു.
1944 ലാണ് ഹെപ്ബേൺ, റെസിസ്റ്റൻസിന് വേണ്ടി ബ്രിട്ടീഷ് പട്ടാളത്തിനും മറ്റും രഹസ്യമായി സന്ദേശങ്ങൾ കൈമാറിയിരുന്നത്. നെതർലൻഡ്സ് മോചിതമായശേഷം ബ്രിട്ടനിലേക്ക് തിരിച്ചുപോയെങ്കിലും പട്ടിണി കാരണം ആരോഗ്യം നശിച്ച അവർ നൃത്തം മതിയാക്കി അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. തന്റെ യുദ്ധാനുഭവങ്ങൾ ഒരിക്കലും മറക്കാതിരുന്ന ഓഡ്രി ഹെപ്ബേൺ ജീവിതകാലം മുഴുവൻ സേവനപ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നു. യൂനിസെഫിന്റെ ഗുഡ്വിൽ അംബാസഡറായും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

