കുംഭമേള സന്യാസിമാരുടെ കൈയിലുള്ള അത്രയും കഞ്ചാവൊന്നും അവന്റെ കൈയ്യിലില്ല: മേക്കപ്പ്മാനെ ന്യായീകരിച്ച് വിവാദ പരാമർശവുമായി സംവിധായകൻ രോഹിത് വി.എസ്
text_fieldsഇടുക്കിയിൽ ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് സിനിമയിലെ മേക്കപ്പ്മാൻ ആർ.ജി. വയനാടനെ (രഞ്ജിത് ഗോപിനാഥൻ) പിന്തുണച്ച് വിവാദ പരാമർശവുമായി സംവിധായകൻ രോഹിത് വി.എസ്. രംഗത്ത്. ആര.ജി. വയനായടനെ കഴിഞ്ഞദിവസം എക്സൈസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇടുക്കി മൂലമറ്റത്ത് നിന്നാണ് ഇയാളെ എക്സൈസ് പിടികൂടിയത്. 45 ഗ്രാം കഞ്ചാവ് രഞ്ജിത്തിന്‍റെ പക്കൽ നിന്നും പിടികൂടിയിരുന്നു.
കഞ്ചാവ് വലിക്കുമെങ്കിലും താൻ കണ്ടതിൽ ഏറ്റവും ശാന്തനായ വ്യക്തിയാണ് രഞ്ജിത്ത് എന്നാണ് രോഹിത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കുംഭമേളയിലെ സന്യാസിമാർ കൊണ്ടുനടക്കുന്ന കഞ്ചാവിന്‍റെ അത്രയും എന്തായാലും രഞ്ജിത്തിന്റെ കയ്യിൽ ഇല്ലായിരുന്നെന്നും രോഹിത് കുറിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രോഹിത്തിന്‍റെ പ്രതികരണം. കള, ഇബ്‍ലിസ്, അഡ്‌വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വി.എസ്.
'അതെ… അവൻ വലിക്കാറുണ്ട്. എന്നാൽ, ഞാൻ ഇതുവരെ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് അവൻ. വയലൻസിന്‍റെ അടുത്തൂടെ പോലും അവൻ പോയിട്ടില്ല. കുംഭമേളയിലെ സന്യാസിമാർ കൊണ്ടുനടക്കുന്ന കഞ്ചാവിന്‍റെ അത്രയും എന്തായാലും രഞ്ജിത്തിന്റെ കയ്യിൽ ഇല്ലായിരുന്നു. ഒരു മയത്തിലൊക്കെ', എന്നാണ് രോഹിത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അട്ടഹാസം എന്ന ചിത്രത്തിൻ്റെ സെറ്റിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിത്തിൻ്റെ കൈയിൽ നിന്നും കഞ്ചാവ് പിടികൂടിയത്. വാഗമൺ, കാഞ്ഞാർ ഭാഗത്തെ സിനിമാസെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നു എന്ന നാട്ടുകാരുടെ പരാതിയിന്മേലാണ് എക്സൈസ് അന്വേഷണത്തിനിറങ്ങിയത്. കഞ്ചാവ് ഉപയോഗിച്ചതിന്റെ തെളിവുകൾ എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് സൂക്ഷിച്ച സിപ് ലോക്ക് കവറുകൾ, കഞ്ചാവ് കുരുക്കൾ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു. ഇതിനെത്തുടർന്ന് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്തു. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജിത്ത് മേക്കപ്പ് മാനായി പ്രവർത്തിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.