'ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെ'; ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂട്ടിയുടേത്; കുറിപ്പ്
text_fieldsമധുവിന് വേണ്ടി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് നടൻ മമ്മൂട്ടിയുടേതായിരുന്നെന്ന് മെഗാസ്റ്റാറിന്റെ പി.ആർ.ഒ റോബര്‍ട്ട് കുര്യാക്കോസ്. ഏറെ നാളത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ മധുവിന് അനുകൂലമായ നീതി ലഭിച്ചതിൽ സന്തോഷം പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെറുമൊരു ഫേസ്ബുക്ക് കുറിപ്പിലൊതുങ്ങാത്ത ഐക്യദാര്‍ഢ്യമായിരുന്നു ഈ വിഷയത്തിൽ മമ്മൂട്ടിയുടേതെന്നും തളര്‍ന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മക്കും സഹോദരിക്കും സല്യൂട്ടെന്നും റോബർട്ട് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
‘‘മധുവിന് നീതിനല്‍കിയ നീതിപീഠത്തിന് നന്ദി. അതിന് വേണ്ടി അധ്വാനിച്ച പ്രോസിക്യൂഷന് അഭിനന്ദനം. തളര്‍ന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സല്യൂട്ട്. ഇതിനൊപ്പം ഓര്‍ക്കേണ്ട ഒരുപേര് പ്രിയ മമ്മൂക്കയുടേതാണ് എന്നതില്‍ അഭിമാനം. 'ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്' എന്ന് പറഞ്ഞുകൊണ്ട് മധുവിന് വേണ്ടി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേതായിരുന്നു. ഇപ്പോള്‍ കോടതി തന്നെ ആള്‍ക്കൂട്ടആക്രമണത്തിനെതിരായി വിധി പറഞ്ഞിരിക്കുന്നു. വെറുമൊരു ഫെയ്‌സ്ബുക്ക് കുറിപ്പിലൊതുങ്ങാത്ത ഐക്യദാര്‍ഢ്യമായിരുന്നു ഇതില്‍ മമ്മൂക്കയുടേത്.
കേസ് അട്ടിമറിക്കപ്പെടുന്നുവെന്നും പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുങ്ങുന്നുവെന്നും ആരോപണമുയര്‍ന്നപ്പോള്‍ മധുവിന്റെ കുടുംബത്തിന് നിയമസഹായം ( നിയമോപദേശം ) നല്‍കുന്നതിനായി അഭിഭാഷകന്റെ സഹായം ഏര്‍പ്പെടുത്തുകകൂടി ചെയ്തു,അദ്ദേഹം. മമ്മൂട്ടി എന്ന മഹാനടന്‍ മനുഷ്യപ്പറ്റ്‌കൊണ്ട് എങ്ങനെയാണ് വ്യത്യസ്തനാകുന്നത് എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു മധുകേസ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ എന്ന പദത്തെ മഹത്തായി കാണുന്ന മമ്മൂക്കയുടെ ഇടപെടല്‍കൂടിയാണ് വിജയം കാണുന്നത്. മമ്മൂക്കയ്ക്ക് അന്നും ഇന്നും എന്നും മധു അനുജന്‍ തന്നെയാകുന്നതും അതുകൊണ്ടുതന്നെ... ( വിധി അറിഞ്ഞപ്പോൾ ആർടിസ്റ്റ് നന്ദൻ പിള്ള വരച്ചത് ആണ് കൂടെ ഉള്ള ചിത്രം )'.-റോബര്‍ട്ട് കുര്യാക്കോസ് കുറിച്ചു.
മധു വധക്കേസ് പ്രതികളായ 16 പേരിൽ 14 പേരും കുറ്റക്കാരാണെന്ന് മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

