ബാഗ്‌ദാദ് അന്താരാഷ്ട്ര നാടകമേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് റിമ കല്ലിങ്കലിന്റെ 'മാമാങ്കം ഡാൻസ് കമ്പനി'
text_fieldsകൊച്ചി: ഇന്ത്യയുടെ സമ്പന്നമായ കലാ പൈതൃകം ബാഗ്‌ദാദ് അന്താരാഷ്ട്ര നാടകമേളയിൽ ശ്രദ്ധേയമാക്കാനൊരുങ്ങി നടിയും നർത്തകിയുമായ റിമ കല്ലിങ്കലും സംഘവും. പ്രശസ്തമായ മാമാങ്കം ഡാൻസ് കമ്പനിയുടെ 'നെയ്തെ' (നെയ്ത്തിന്റെ നൃത്തം) എന്ന അവതരണം 2025 ഒക്ടോബർ 14-ന് രാജ്യത്തെ പ്രതിനിധീകരിച്ച് ബാഗ്ദാദ് നാടകവേദിയിൽ അവതരിപ്പിക്കും. 2014ലാണ് റിമ ഡാൻസ് കമ്പനി സ്ഥാപിക്കുന്നത്. കേരളത്തിലെ പ്രമുഖ സമകാലിക നൃത്ത കൂട്ടായ്മകളിൽ ഒന്നാണിത്.
മലയാളത്തിൽ 'നെയ്ത്ത്' എന്നർത്ഥം വരുന്ന 'നെയ്തെ' 2018-ലെ പ്രളയത്തിൽ തറികളും ഉപജീവനമാർഗ്ഗങ്ങളും താറുമാറായ ചേന്ദമംഗലത്തെ കൈത്തറി നെയ്ത്തുകാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സമകാലിക നൃത്ത നിർമാണമാണ്. നെയ്ത്തിന്റെ ശാരീരിക ചലനങ്ങളെയും ഉപകരണങ്ങളെയും താളങ്ങളെയും നൃത്തഭാഷയിലേക്ക് മാറ്റിക്കൊണ്ട്, സമൂഹത്തിന്റെയും അതിജീവനത്തിന്റെയും സർഗ്ഗാത്മകതയുടെയും രൂപകമായാണ് ഇതിനെ അവതരിപ്പിക്കുന്നത്.
35 മിനിറ്റ് ദൈർഘ്യമുള്ള ഈ നൃത്ത ശിൽപ്പത്തിൽ എട്ട് നർത്തകരാണ് അണിനിരക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കേരളത്തിലെ നാടോടി നൃത്ത രൂപങ്ങൾ എന്നിവയിൽ നിന്നുള്ള സ്വാധീനങ്ങൾ നൃത്തത്തിൽ ഉൾപ്പെടുന്നു. നൃത്തസംവിധാനം നെയ്ത്തിന്റെ സങ്കീർണ്ണമായ പ്രക്രിയയെ പ്രതിഫലിപ്പിക്കുമ്പോൾ പശ്ചാത്തല സംഗീതം, തറികളുടെ അന്തരീക്ഷ ശബ്ദങ്ങൾ, താളാത്മകമായ സ്പന്ദനങ്ങൾ, പരമ്പരാഗത രൂപങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് പ്രേക്ഷകരെ കരകൗശല വിദഗ്ധന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
മിലാൻ, മോസ്കോ, ന്യൂയോർക് എന്നിവിടങ്ങളിലെ പ്രമുഖ വേദികളിലെ അവതരണങ്ങൾക്ക് ശേഷമാണ് നെയ്തെ ഇപ്പോൾ ബാഗ്‌ദാദിൽ എത്തുന്നത്. പാരമ്പര്യത്തെ ആധുനിക പ്രകടനത്തിലേക്ക് മാറ്റിയതിലെ നവീകരണത്തിനും സംവേദനക്ഷമതയ്ക്കും ഇറ്റലിയിലെ 'സ്പാസിയോ ടിയാട്രോ നോഹ്മയുടെ തെരേസ പൊമഡോറോ' സ്ഥാപിച്ച 15-ാമത് 'തിയേറ്ററോ ന്യൂഡോ' ഇന്റർനാഷണൽ പ്രൈസും നെയ്തെക്ക് ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രകടനത്തിന്റെയും, സംവാദത്തിന്റെയും, സാംസ്കാരിക വിനിമയത്തിന്റെയും ആഘോഷത്തിൽ 13 പ്രശസ്ത അന്താരാഷ്ട്ര നാടക കമ്പനികൾക്കും കലാകാരന്മാർക്കുമൊപ്പമാണ് റിമയും സംഘവും നൃത്തം അവതരിപ്പിക്കുന്നത്.
'നെയ്തെയിലൂടെ കേരളത്തിലെ നെയ്ത്തുകാരുടെ കലാവൈഭവവും അതിജീവന ശേഷിയും നൃത്തഭാഷയിലേക്ക് കൊണ്ടുവരാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. ചേന്ദമംഗലത്തെ തറികളിൽ നിന്നുള്ള ഈ കഥയെ ഒരു ആഗോള വേദിയിലെത്തിക്കുന്നത് വലിയ പ്രചോദനവുമാണെന്ന്' മാമാങ്കം ഡാൻസ് കമ്പനിയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ റിമ കല്ലിങ്കൽ പറഞ്ഞു. ബാഗ്‌ദാദിലെ വേദിയിൽ 'നെയ്തെ' അവതരിപ്പിക്കുമ്പോൾ, നൃത്തച്ചുവടുകളിലൂടെയും താളത്തിലൂടെയും അതിജീവനത്തിന്റെ കരുത്തിലൂടെയും ഇന്ത്യയുടെ സാംസ്കാരിക ഭാവനയെ ലോകത്തിന് മുന്നിൽ എത്തിക്കാൻ സാധിക്കുമെന്നും റിമ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

