സുഷാന്തിന്‍റെ മരണശേഷം ജിവിതം താളം തെറ്റി, മയക്കു മരുന്നുകേസിൽ അറസ്റ്റിലായി; വർഷങ്ങൾക്കുശേഷം അഭിനയ രംഗത്തേക്ക് തിരിച്ചുവരാനൊരുങ്ങി റിയ ചക്രവർത്തി
text_fieldsറിയ ചക്രവർത്തിയും സുഷാന്ത് സിങ് രജ്പുതും
ബോളിവുഡിലെ ആരാധകരുടെ പ്രിയ താര ജോഡികളായിരുന്നു സുഷാന്ത് സിങ് രജ്പുതും റിയ ചക്രവർത്തിയും. എന്നാൽ ആ പ്രണയത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. സുഷാന്ത് ജീവനൊടുക്കിയ വാർത്ത സിനിമ ലോകത്തെയും ലോകമെമ്പാടുമുള്ള ആരാധകരെയും ഞെട്ടിച്ചിരുന്നു. പ്രിയ നടന്‍റെ വിയോഗം കുടുംബത്തിനെന്നപോലെ ആരാധകർക്കും ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. സുഷാന്തിന്‍റെ മരണശേഷമുള്ള റിയയുടെ ജീവിതവും താളം തെറ്റിയിരുന്നു. മയക്കുമരുന്നു കേസിൽ അറസ്റ്റിലായിരുന്ന നടി പിന്നീട് പല മാനസിക സംഘർക്ഷങ്ങളിലൂടെയാണ് കടന്നുപോയത്.
എന്നാൽ ഏഴു വർഷങ്ങൾക്കുശേഷം നെറ്റ്ഫ്ലിക്സ് വെബ് സീരീസായ ഫാമിലി ബിസിനസിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് റിയ. ഹൻസൽ മേത്തയാണ് സീരീസിന്‍റെ നിർമാതാവ്. വേദനകൾക്കൊടുവിൽ താൻ ഒരുപാട് സ്വപ്നം കണ്ടിരുന്ന ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതിനെകുറിച്ച് നടി എച്ച്.ടിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു. '10 വർഷത്തിലേറെയായി ഞാൻ കഠിനാധ്വാനം ചെയ്ത അഭിനയ സ്വപ്നത്തിലേക്ക് തിരിച്ചെത്താൻ എനിക്ക് നിരവധി തെറാപ്പി സെഷനുകൾ ആവശ്യമായി വന്നു. എനിക്ക് അഭിനയ അവസരങ്ങൾ ലഭിച്ചിരുന്നില്ല.' റിയ പറഞ്ഞു.
സുശാന്തിന്റെ മരണശേഷം താൻ അനുഭവിച്ച വേദനയെക്കുറിച്ച് റിയ ഓർമിച്ചു. 'വളരെയധികം വേദനയും കഷ്ടപ്പാടും അനുഭവിച്ചതിനാലാണ് എനിക്ക് അഭിനയം നിർത്തേണ്ടി വന്നത്. അദ്ദേഹത്തിന്‍റെ മരണശേഷം ഞാൻ വൈകാരികമായും, മാനസികമായും, ശാരീരികമായും തളർന്നിരുന്നു. ആരും എന്നോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ആ വർഷങ്ങൾ അവിശ്വസനീയമാംവിധം വേദനാജനകമായിരുന്നു. ബുദ്ധിമുട്ടുകൾ മറികടക്കാൻ ദൈവവും ഈ ലോകവും നമുക്ക് എല്ലാ ശക്തിയും നൽകിയിട്ടുണ്ട്. നമ്മൾ ആ ശക്തിയെ വീണ്ടെടുക്കണം. എന്റെ സുഹൃത്തുക്കളും കുടുംബവും ഇല്ലായിരുന്നെങ്കിൽ എനിക്ക് ഒരിക്കലും ഈ സാഹചര്യത്തെ മറികടക്കാൻ കഴിയുമായിരുന്നില്ല' റിയ കൂട്ടിച്ചേർത്തു.
അഭിനയം ഉപേക്ഷിച്ചതിന് ശേഷം റിയ ചക്രവർത്തി പുതിയൊരു ബിസിനസ്സ് ആരംഭിച്ചിരുന്നു. പിന്നീട് ചില റിയാലിറ്റി ഷോകളിലും അതിഥിയായി എത്തി. തുടർന്ന് നടി സ്വന്തമായി ഒരു പോഡ്‌കാസ്റ്റ് ആരംഭിച്ചിരുന്നു. അത് വൻ ഹിറ്റായി മാറി. ഇപ്പോൾ റിയ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. അനിൽ കപൂർ, വിജയ് വർമ്മ എന്നിവരോടൊപ്പമാണ് ഫാമിലി ബിസിനസ് എന്ന പരമ്പരയിൽ നടി അഭിനയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

