സെൻസർ ബോർഡ് കാലഹരണപ്പെട്ടു; പ്രസക്തമെന്ന് കരുതുന്നത് മണ്ടത്തരം, കാഴ്ചക്കാരെ അപമാനിക്കുകയാണ് -രാം ഗോപാൽ വർമ
text_fieldsവിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രവും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും (സി.ബി.എഫ്.സി) തമ്മിലുള്ള തർക്കത്തിൽ പ്രതികരണവുമായി സംവിധായകൻ രാം ഗോപാൽ വർമ. സെൻസർഷിപ്പ് സംവിധാനം കാലഹരണപ്പെട്ടതും നിലവിലെ സാഹചര്യത്തിൽ അപ്രസക്തവുമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന നിർദേശത്തിന് മദ്രാസ് ഹൈകോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം.
സെൻസർ ബോർഡ് കാലഹരണപ്പെട്ടു എന്ന് വെള്ളിയാഴ്ച പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം എഴുതി. ഇത് ജനനായകന്റെ കേസിൽ മാത്രമല്ല, ഇന്ത്യയുടെ സെൻസർഷിപ്പ് മോഡലിന് മൊത്തത്തിൽ ബാധകമാണെന്നും കൂട്ടിച്ചേർത്തു. സെൻസർ ബോർഡ് ഇന്നും പ്രസക്തമാണെന്ന് കരുതുന്നത് ശരിക്കും മണ്ടത്തരമാണെന്നും അതിന്റെ പ്രസക്തിയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള മടി ഉള്ളതുകൊണ്ടാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം വാദിച്ചു.
ഫിൽട്ടർ ചെയ്യാത്തതും ദോഷകരവുമായ ഉള്ളടക്കങ്ങൾ ഓൺലൈനിൽ വ്യാപകമായിരിക്കുന്ന ഒരു കാലത്ത് സിനിമയെ നിയന്ത്രിക്കുന്നതിന്റെ യുക്തിയെ അദ്ദേഹം ചോദ്യം ചെയ്തു. '12 വയസ്സുള്ള ഒരു കുട്ടിക്ക് ഫോണിലൂടെ ഒരു തീവ്രവാദ വധശിക്ഷയും ഒമ്പത് വയസ്സുള്ള ഒരു കുട്ടിക്ക് കഠിനമായ അശ്ലീലം കാണാനും കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഫിൽട്ടറുകളില്ലാതെ രാഷ്ട്രീയ വിഷം, വർഗീയ വിഷം, സ്വഭാവഹത്യകൾ എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്. അതേസമയം സിനിമയിലെ “ഒരു വാക്കോ, ഒരു ഷോട്ട് അല്ലെങ്കിൽ ഒരു സിഗരറ്റോ” പരിശോധിക്കുന്നത് തുടരുകയാണ് -അദ്ദേഹം എഴുതി.
ബോർഡിന്റെ ഇടപെടലുകളെ നാടകങ്ങളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സെൻസർഷിപ്പ് കാഴ്ചക്കാരെ അപമാനിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അധികാരികൾ എന്ത് കാണണമെന്ന് തീരുമാനിക്കുന്നതിൽ പൗരന്മാരെ വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രായ വർഗീകരണവും മുന്നറിയിപ്പുകളും അർത്ഥവത്താണ്. സെൻസർഷിപ്പ് അങ്ങനെയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ജനനായകൻ. പ്രദർശനാനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രീ ബുക്കിങ്ങിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിർമാണകമ്പനി പണം തിരിച്ചു നൽകിയിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്ന വിജയ്യുടെ അവസാനത്തെ ചിത്രമാണ് ജനനായകൻ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

