‘മേക്കപ്പ് ഇല്ലാതെ വരാൻ ആവശ്യപ്പെട്ടു’; കാർത്തിക് സുബ്ബരാജുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് പൂജ ഹെഗ്‌ഡെ
text_fieldsസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന കാർത്തിക് സുബ്ബരാജ് ചിത്രം റെട്രോ മെയ് ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. സംവിധായകനുമായുള്ള തന്റെ ആദ്യത്തെ കൂടികാഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് നടി.
'കാർത്തിക് സുബ്ബരാജിനെ ആദ്യമായി കാണാൻ പോയപ്പോൾ, മേക്കപ്പ് ഇല്ലാതെ വരാൻ അദ്ദേഹം ആവശ്യപ്പെട്ടു. മേക്കപ്പ് ഇല്ലാതെ സ്വാഭാവികമായി അഭിനയിക്കുന്ന സിനിമകളിൽ ജോലി ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമായതിനാൽ അത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി' -നടി ഒരു അഭിമുഖത്തിൽ പറഞ്ഞു.
രുക്മിണിയെ അഗാധമായി പ്രണയിക്കുന്ന പാരിവേൽ കണ്ണൻ എന്ന യുവാവിന്റെ കഥ പറയുന്ന ഒരു റൊമാന്റിക് ആക്ഷൻ ചിത്രമാണ് റെട്രോ. പ്രണയത്തിനുവേണ്ടി, തന്റെ അക്രമാസക്തമായ ഭൂതകാലം ഉപേക്ഷിച്ച് ശാന്തമായ ജീവിതം നയിക്കാൻ നായകൻ തീരുമാനിക്കുന്നു.
ചിത്രത്തിൽ ജോജു ജോർജ്, ജയറാം, കരുണാകരൻ, നാസർ, പ്രകാശ് രാജ്, സുജിത് ശങ്കർ തുടങ്ങി നിരവധി പേർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 2ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് റെട്രോ നിർമിക്കുന്നത്. ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും സന്തോഷ് നാരായണൻ സംഗീത സംവിധാനവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങും നിർവ്വഹിക്കുന്നു.
അതേസമയം, എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വിജയ് അവസാനമായി അഭിനയിക്കുന്ന 'ജന നായകൻ' എന്ന ചിത്രത്തിലെ നായികയും പൂജ ഹെഗ്‌ഡെയാണ്. ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം വിജയ്‌യുമായി നടി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ബോബി ഡിയോൾ, മമിത ബൈജു, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ എന്നിവരും ചിത്രത്തിലെ മറ്റ് താരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

