Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറക്കാനാകുമോ സുഡുവിന്റെയും മജീദിന്റെയും ആ പ്രിയപ്പെട്ട ജമീലുമ്മയെ...

text_fields
bookmark_border
മറക്കാനാകുമോ സുഡുവിന്റെയും മജീദിന്റെയും ആ പ്രിയപ്പെട്ട ജമീലുമ്മയെ...
cancel

നമുക്ക് മറക്കാനാകുമോ 'സുഡാനി ഫ്രം നൈജീരിയ'യിലെ സുഡുവിന്റെയും മജീദിന്റെയും ആ പ്രിയപ്പെട്ട ജമീലുമ്മയെ?, തിയേറ്റർ വിട്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ മനസ്സിൽനിന്നും ആ ചിരിയും സ്നേഹവും ഇന്നും മാഞ്ഞുപോയിട്ടില്ല. അതിരുകളില്ലാത്ത കനിവിന്റെ, വാക്കുകൾക്കപ്പുറമുള്ള കരുതലിന്റെ ഒരു വലിയ കടൽ തന്നെയുണ്ടായിരുന്നു ആ ചെറിയ വീടിന്റെ ഉമ്മറത്തും അടുക്കളയിലും. ഒരു നാടിന്റെ അതിരുകളോ ഭാഷയോ അറിയാത്ത, എവിടെ നിന്നോ വന്നുപെട്ട ഒരു വിദേശി ചെറുപ്പക്കാരൻ കാലിന് പരിക്കേറ്റ് തളർന്നുകിടക്കുമ്പോൾ, അവനെ പൊതിഞ്ഞ് നിന്നത് കേവലം ചികിത്സയായിരുന്നില്ല. മറിച്ച് സ്വന്തം ചോരയായി കണ്ട ഒരു അമ്മമനസ്സിന്റെ മാതൃത്വമായിരുന്നു.

മലയാള സിനിമയിൽ എത്രയോ അമ്മവേഷങ്ങൾ വന്നുപോയിട്ടുണ്ട്. സ്നേഹത്തിന്റെ തണലായും സഹനത്തിന്റെ പ്രതീകമായും എത്രയെത്ര മുഖങ്ങൾ നമ്മുടെ കൺമുന്നിലൂടെ കടന്നുപോയി. എന്നാൽ സ്ക്രീനിലെ ഒരു കഥാപാത്രം എന്നതിനപ്പുറം, അത് കാണുന്ന ഓരോ മലയാളിയുടെയും നെഞ്ചിലേക്ക് ആഴത്തിൽ പടർന്നു കയറുകയും "ഇത് ഞങ്ങടെ വീട്ടിലെ ഉമ്മ തന്നെയാണ്" എന്ന് തോന്നിപ്പിക്കുകയും ചെയ്ത വേഷങ്ങൾ അപൂർവ്വമാണ്. ജമീലയുമ്മ അങ്ങനെ നമ്മൾ നെഞ്ചോട് ചേർത്തുപിടിച്ച ഒന്നാണ്. മലപ്പുറത്തിന്റെ നന്മയും കരുതലും നിഷ്കളങ്കതയും അതേപടി ആവാഹിച്ചെടുത്ത, തനി മലപ്പുറത്തുകാരിയായ ഒരു ഉമ്മ.നാടകവേദിയിൽ അമ്പതു വർഷത്തിലേറെ ജീവിച്ച്, ഒടുവിൽ വെള്ളിത്തിരയിലൂടെ മലയാളികളുടെ മുഴുവൻ ഉമ്മയായി മാറി നമ്മെ വിട്ടുപിരിഞ്ഞ സാവിത്രി ശ്രീധരൻ എന്ന വലിയ കലാകാരിക്ക് ഈ ജമീലയുമ്മയോളം പോന്നൊരു സ്മാരകം വേറെയില്ല.

ഒരു വാക്കുപോലും തിരിച്ചറിയാത്ത ആ ചെറുപ്പക്കാരനോട് ആംഗ്യത്തിലൂടെയും കനിവോടെയും അവർ സംസാരിച്ച ആ രംഗങ്ങൾ മലയാളിയുള്ള കാലത്തോളം മറക്കില്ല. ഡോക്ടറോട് "ഓനിത്തിരി തുമ്മലുണ്ട് സാറേ..." എന്ന് തികഞ്ഞ വേവലാതിയോടെ അവർ പറയുമ്പോൾ, അതിൽ ഒരു രോഗവിവരത്തിനപ്പുറം ഭാഷയും അതിരുകളും മാഞ്ഞുപോയ കരുതലിന്റെ ആഴമുണ്ടായിരുന്നു. രാത്രിയിൽ അവന് കഴിക്കാൻ വെച്ചുനീട്ടുന്ന ചൂടുള്ള ചപ്പാത്തിയിലും തേങ്ങാപ്പാലിലും അവർ വിളമ്പിയത് വെറുമൊരു ഭക്ഷണമായിരുന്നില്ല, സ്നേഹത്തിന്റെ അമൃതായിരുന്നു. തളർന്നുകിടക്കുന്ന അവന്റെ സുഖപ്രാപ്തിക്കായി മമ്പുറം പള്ളിയിൽ പ്രാർത്ഥിക്കാൻ പോകുമ്പോഴും ജമീല കാണികളുടെ വീടുകളിലെ സ്വന്തം ഉമ്മയായി മാറുകയായിരുന്നു. തന്നോട് മിണ്ടാതിരിക്കുന്ന മകനെയും ഭർത്താവിനെയും നോക്കി നിസ്സഹായയായി നിൽക്കുന്ന ആദ്യ രംഗം മുതൽ, അസുഖം ഭേദമാവാതെ സുഡുവിനെ വീട്ടിൽ നിന്നും കൊണ്ട് പോകാനൊരുങ്ങുന്ന മജീദിനെ ചീത്ത പറയുന്നൊരു രംഗം വരെയുണ്ട് സിനിമയിൽ. 'ഇത്രക്കാലം നോക്കീക്കണെങ്കിൽ ഇവടന്നങ്ങോട്ടും നോക്കനറിയാ, കുട്ടികളുടെ തീട്ടവും മൂത്രവും കോരിയിട്ട് തന്നെയാ തള്ളാര് ഇവിടെവരേ ആയത്, അത് ആരും മറക്കണ്ട. കൊറേ കാലായി ഓന്,ഓന്ക് ഓന്‍റെ കാര്യം മാത്രം, ബാക്കി ഉള്ളോരെ വേദന ഓന് അറിയണ്ടല്ലോ. സുഡൂന്‍റെ പനി മാറിയാ ഒനെ ഇൻക് ഇന്‍റെ പെരേ തന്നെ കാണണം.' ഈ ഒരൊറ്റ സീനിലൂടെ പൊട്ടിത്തെറിക്കേണ്ടിടത്ത് ഉശിരുള്ള മലപ്പുറത്തുകാരിയായി മാറി സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്ന ജമീലയായി ജീവിക്കുകയായിരുന്നു അവർ.

സിനിമയുടെ അവസാനത്തിൽ സാമുവൽ തിരികെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഇറങ്ങുമ്പോൾ ആ വീടിന്റെ അന്തരീക്ഷമാകെ മാറുന്നുണ്ട്. "അന്റെ പെങ്ങളുട്ടിക്ക് കൊട്‌ത്തോ..." എന്ന് പറഞ്ഞ് സാമുവലിന് ഒരു ജോഡി കമ്മൽ എടുത്തുനൽകുമ്പോൾ, അത് കേവലം ഒരു സമ്മാനമായിരുന്നില്ല; ലോകത്തിന്റെ ഏതോ കോണിൽ കഴിയുന്ന മറ്റൊരു പെൺകുട്ടിയോടുള്ള ഒരു അമ്മയുടെ നെഞ്ചുപിടയ്ക്കുന്ന കരുതലായിരുന്നു. സ്നേഹം കൊടുക്കാൻ അതിരുകളോ ഭൂഖണ്ഡങ്ങളോ തടസ്സമല്ലെന്ന് ആ ഒരൊറ്റ രംഗത്തിലൂടെ അവർ തെളിയിച്ചു.

ഇന്ന് സാവിത്രി ശ്രീധരൻ ഓർമ്മയാകുമ്പോൾ, ആ സിനിമ കണ്ട ഏവരുടെയും മനസ്സ് വിങ്ങിനിൽക്കുന്നത് ആ അയൽപക്കത്തെ ബീയുമ്മയിലാണ്. "അള്ളാ, സുഡുവെന്ന് അന്റെ പേരല്ലായിരുന്നോ..." എന്ന് തികഞ്ഞ നിഷ്കളങ്കതയോടെ ചോദിച്ച, ജമീലുമ്മയുടെ നെഞ്ചുചേർന്നുനിന്ന ഉറ്റ കൂട്ടുകാരി ബീയുമ്മ. വീട്ടുവിശേഷങ്ങളിലും സങ്കടങ്ങളിലും തണലായി ഒപ്പമുണ്ടായിരുന്ന ആ ബീയുമ്മയും മലയാളികൾക്ക് സ്വന്തം ഉമ്മയെപ്പോലെ പ്രിയപ്പെട്ടവളായിരുന്നു. അരനൂറ്റാണ്ടുകാലം നാടകവേദികളിൽ ഒന്നിച്ച് കൈകോർത്തുനടന്ന്, സിനിമയിലും ഒന്നിച്ച് എത്തി പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ ആ രണ്ടു പ്രതിഭകളിൽ ഒരാൾ ഇന്ന് യാത്രയായിരിക്കുന്നു. ഇനി ബീയുമ്മയ്ക്ക് ആരുണ്ട് കൂട്ടായി? സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കാൻ, അടുക്കളയിലെ കൊച്ചുവർത്തമാനങ്ങൾ പറയാൻ, സുഡുമോന്റെ വിശേഷങ്ങൾ തിരക്കാൻ ഇനിയാ വീട്ടിൽ ജമീലയില്ല. ഒന്നിച്ച് നാടകവണ്ടികളിൽ കയറിയിറങ്ങി, ഒന്നിച്ച് അഭിനയിച്ച്, അമ്പതു കൊല്ലത്തോളം ജീവിതത്തിലും അരങ്ങിലും തോളുരുമ്മി നിന്ന ഉറ്റ കൂട്ടുകാരിയെ വിധി തനിച്ചാക്കിയിരിക്കുന്നു. സരസ ബാലുശ്ശേരി അവതരിപ്പിച്ച ബീയുമ്മയുടെ ആ നിശബ്ദതയിലും വിങ്ങിനിൽക്കുന്ന മുഖത്തിലും ഇനിയൊരിക്കലും നികത്താനാകാത്ത ഒരു ശൂന്യതയുണ്ട്.

കലയ്ക്കും യാഥാർത്ഥ്യത്തിനുമിടയിലെ അതിരുകൾ മായ്ച്ചുകളഞ്ഞ പ്രകടനമായിരുന്നു സാവിത്രി ശ്രീധരന്റേത്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ ഉള്ളിടത്തോളം കാലം, സ്നേഹത്തിന്റെ സാന്ത്വനമായി, പവിത്രമായ മാതൃത്വത്തിന്റെ പ്രതീകമായി ആ ജമീലയുമ്മ മലയാളികളുടെ ഹൃദയങ്ങളിൽ ജീവിക്കുക തന്നെ ചെയ്യും. ആ നിഷ്കളങ്കമായ ചിരിയും കരുതലും ഇനി നമ്മൾ ഓർത്തെടുക്കുന്നത് കണ്ണീരിന്റെ നനവോടെ മാത്രമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Remembering Jameeluamma: A Tribute to Savithri Sreedharan and Her Unforgettable Role in Sudani from Nigeria
Next Story