Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസൗദിയില്‍ പന്നിയിറച്ചി...

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്നത് വ്യാജ പ്രചാരണം, തനിക്കെതിരെ ബോധപൂർവ നീക്കമെന്നും വേടൻ

text_fields
bookmark_border
https://www.madhyamam.com/tags/vedan
cancel
camera_alt

റാപ്പർ വേടൻ

കൊച്ചി: തന്നെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തയിൽ പ്രതികരണവുമായി റാപ് ഗായകൻ വേടൻ. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന റസ്റ്റാറന്റ് ശൃംഖല തുടങ്ങാൻ പോകുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വേടൻ പ്രസ്താവന നടത്തിയെന്നുമുള്ള പ്രചാരണങ്ങൾക്കെതിരെയാണ് താരം രംഗത്തെത്തിയത്.

‘സാധാരണ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ല, എന്നാല്‍ ഇത്തവണ പറയാതെ വയ്യ’ എന്ന് തുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചാണ് വേടന്റെ പ്രതികരണം. തന്നെ ലക്ഷ്യം വെച്ച് ബോധപൂർവം നടത്തുന്ന വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി.

‘എന്നെക്കുറിച്ച് ഒരു വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സൗദി അറേബ്യയില്‍ പന്നിയിറച്ചി വിഭവങ്ങള്‍ വിളമ്പുന്ന ഒരു റസ്റ്റാറന്റ് ചെയിന്‍ ഞാന്‍ തുടങ്ങാന്‍ പോകുന്നു എന്നും, അതിനെക്കുറിച്ച് ഞാന്‍ പ്രസ്താവന നടത്തി എന്നും ചില പോസ്റ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പൂര്‍ണമായും കള്ളമാണ്.

ഇങ്ങനെ ഒരു പ്രസ്താവന ഞാന്‍ ഒരിക്കലും നടത്തിയിട്ടില്ല. സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തോ ഒരു ഹോട്ടലോ റസ്റ്റാറന്റോ ഭക്ഷണ ബിസിനസോ തുടങ്ങാന്‍ എനിക്ക് യാതൊരു പദ്ധതിയുമില്ല. അതുമായി ബന്ധപ്പെട്ട് കമ്പനിയോ പങ്കാളിയോ അപേക്ഷയോ ഒന്നും തന്നെ എനിക്കില്ല. ഞാന്‍ സൗദിയിലേക്ക് പോകുന്നത് ഒരു പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍, പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണ്.

എന്നെ ക്ഷണിക്കുന്ന ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാക്കോ പ്രവൃത്തിയോ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല’ -വേടന്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

ഇത്തരം വ്യാജപ്രചാരണങ്ങൾ ആദ്യമായല്ലെന്നും ഓരോ വർഷവും തന്റെ ഷോകൾ വർധിക്കുന്ന സമയത്ത് സമാനമായ പ്രചാരണങ്ങൾ ഉയരുന്നത് യാദൃശ്ചികമായി കാണാനാകില്ലെന്നും വേടൻ ആരോപിച്ചു. തന്റെ കലാജീവിതത്തെയും പ്രേക്ഷകരുമായുള്ള ബന്ധത്തെയും വിദേശത്തെ പരിപാടി സംഘാടകരുമായുള്ള ബന്ധത്തെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും കുറ്റപ്പെടുത്തി.

‘ഒന്നുമില്ലായ്മയിൽ നിന്നാണ് ഞാൻ തുടങ്ങിയത്. എന്നെ വിശ്വസിച്ച മനുഷ്യരുടെ പിന്തുണയാണ് ഇന്നത്തെ നിലയിലേക്ക് എന്നെ എത്തിച്ചത്. ഇത്തരം പ്രചാരണങ്ങൾ കൊണ്ടൊന്നും എന്റെ യാത്ര നിർത്താനാകില്ല’ -വേടൻ കൂട്ടിച്ചേർത്തു.

വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ആവശ്യമായ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. വാർത്തകളോ പോസ്റ്റുകളോ പങ്കുവെക്കുന്നതിന് മുമ്പ് അവയുടെ വസ്തുത പരിശോധിക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളോട് വേടൻ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:legal actionFakeNewsVedanSocial Media
Next Story