രൺവീർ സിങ്ങിന് വധഭീഷണി; മുംബൈയിലെ വസതിയിൽ കനത്ത പൊലീസ് സുരക്ഷ
text_fieldsമുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീട്ടിൽ നടന്ന വെടിവെപ്പിന് പിന്നാലെ ബോളിവുഡ് നടൻ രൺവീർ സിങ്ങിനും വധഭീക്ഷണി. അഞ്ജാത നമ്പറിൽ നിന്ന് വാട്സ്ആപ്പ് വഴിയാണ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് വാട്സാപ്പ് വോയ്സ് നോട്ട് വഴിയാണ് സന്ദേശം അയച്ചത്. സംഭവത്തെതുടർന്ന് താരത്തിന്റെ മുംബൈയിലെ വസതിയിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
രൺവീർ സിങ്ങിന് ഭീഷണി സന്ദേശം അയച്ചതിന് പിന്നിൽ കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയി സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധറി’ലാണ് രൺവീർ സിങ് അവസാനമായി അഭിനയിച്ചത്. ബോക്സ് ഓഫിസ് ഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം മാർച്ചിൽ റിലീസ് ചെയ്യാനിരിക്കുകയാണ്.
ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിക്കുനേരെ വെടിവെപ്പ് നടന്നത്. പുലർച്ചെ 12.45ഓടെ ബൈക്കിലെത്തിയ അക്രമി വസതിക്ക് പുറത്ത് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയിയുടെ സംഘം ഏറ്റെടുത്തിരുന്നു. തുടർന്ന് പൂനെയിൽ നിന്ന് അഞ്ച് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശികളായ അമൻ ആനന്ദ് മരോട്ടെ (27), ആദിത്യ ജ്ഞാനേശ്വർ ഗായകി (19), സിദ്ധാർത്ഥ് ദീപക് എൻപുരെ (20), സമർത്ഥ് ശിവശരൺ പോമാജി (18), സ്വപ്നിൽ ബന്ദു സകത് (23) എന്നിവരാണ് പിടിയിലായത്. താരങ്ങൾക്ക് നേരെയുള്ള ഭീഷണികൾ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സംയുക്തമായാണ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

