Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി റാണി ചന്ദ്ര ഓർമയായിട്ട് അരനൂറ്റാണ്ട്

text_fields
bookmark_border
നടി റാണി ചന്ദ്ര ഓർമയായിട്ട് അരനൂറ്റാണ്ട്
cancel

ഫോർട്ട്കൊച്ചി: മലയാള സിനിമയിൽ ശാലീന സൗന്ദര്യത്തിന്റെ പട്ടവും നേടി വെള്ളിത്തിരയിലെത്തി നായികവേഷത്തിലൂടെ ഉയരങ്ങൾ കീഴടക്കി വരവെ അകാലത്തിൽ മരണപ്പെട്ട റാണി ചന്ദ്ര ഓർമയായിട്ട് തിങ്കളാഴ്ച് അമ്പത് വർഷം തികയുന്നു. 1976 ഒക്ടോബർ 12നാണ് ഇന്ത്യൻ എയർലൈൻസിന്റെ കാരവെൽ വിമാനം മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിന് സമീപം തീപിടിച്ച് തകർന്നുവീണ് 95 പേർ മരിച്ചത്. ഗൾഫിലെ നൃത്തപരിപാടിക്ക് ശേഷം ബോംബെ വഴി മദ്രാസിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു റാണി ചന്ദ്രയും മാതാവ് കാന്തിമതി, സഹോദരിമാരായ അമ്പിളി, നിമ്മി, സീത എന്നിവരും ഡാൻസ് ട്രൂപ്പിലെ അംഗങ്ങളും ഉൾപെടുന്ന 89 യാത്രക്കാരും ആറ് വിമാന ജീവനക്കാരും ദുരന്തത്തിൽ മരിച്ചത്. 27ാം വയസ്സിൽ മലയാളത്തിലും തമിഴിലും തിളങ്ങി നിന്ന യുവനായികയുടെ അകാലവിയോഗം മലയാള സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.

1949 ജൂൺ 2നാണ് റാണിചന്ദ്ര ജനിച്ചത്. ഫോർട്ടുകൊച്ചി ചിരട്ടപ്പാലത്ത് വ്യവസായിയായിരുന്ന പിതാവ് ചന്ദ്രന്റെയും മാതാവ് കാന്തിമതിയുടെയും ആറ് മക്കളിൽ ഒരാളായിരുന്നു റാണി. എറണാകുളം സെന്റ് തെരേസാസ് കോളജിൽ പഠിക്കുമ്പോഴാണ് 1965ൽ തൃശൂരിൽ കേരളത്തിൽ ആദ്യമായി സംഘടിപ്പിച്ച ‘മിസ് കേരള’ സൗന്ദര്യമത്സരത്തിൽ റാണിചന്ദ്ര വിജയിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ആ മിസ് കേരള പട്ടം റാണി ചന്ദ്രയുടെ ജീവിതത്തിലെ ടേണിംഗ് പോയൻറായി മാറി. 1967ൽ പി.എ.തോമസ് സംവിധാനം ചെയ്ത പാവപ്പെട്ടവൻ എന്ന ചിത്രത്തിൽ അവസരം കിട്ടിയെങ്കിലും സിനിമ പരാജയപ്പെട്ടു. അടുത്ത വർഷം അഞ്ചു സുന്ദരികൾ എന്ന സിനിമയിൽ അഭിനയിച്ചു. അതും വിജയം കാണാതെ വന്നതോടെ രാശിയില്ലാത്ത നായിക എന്ന ഒരു പ്രചരണം ഉടലെടുത്തു. എന്നാലും തളരാത്ത മനസോടെ പ്രതീക്ഷകളുടെ തിരിനാളവുമായി റാണിയും കുടുംബവും മദ്രാസിലേക്ക് താമസം മാറ്റി. ഇതിനിടെ പിതാവ് ചന്ദ്രന്റെ ബിസിനസ് തകർന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുബത്തെ കരകയറ്റാൻ റാണി മിസ് കേരള ആൻറ് പാർട്ടി എന്ന നൃത്തസംഘം രൂപീകരിച്ചു. ഗൾഫ് രാജ്യങ്ങളിലടക്കം പരിപാടികൾ അവതരിപ്പിച്ചു. ഇടക്ക് ചെറിയ വേഷങ്ങളിൽ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

ഇതിനിടെ രാമു കാര്യാട്ടിന്റെ നെല്ലിലും അവസരം കിട്ടി. നെല്ലിലെ അഭിനയം കണ്ട് 1976ൽ കെ.ജി ജോർജ് സംവിധാനം ചെയ്ത സ്വപ്നാടനത്തിൽ നായിക വേഷം കിട്ടി. മൂന്ന് പുരസ്കാരങ്ങളാണ് ആ ചിത്രം നേടിയത്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റാണി ചന്ദ്രക്കും ലഭിച്ചു. അതൊരു കയറ്റത്തിന്റെ തുടക്കമായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലും തമിഴിലുമായി എഴുപതോളം ചിത്രങ്ങളിൽ റാണി ചന്ദ്ര അഭിനയിച്ചു. സിനിമയിലും നൃത്തത്തിലും സജീവമായി നിറഞ്ഞുനിൽക്കുന്നതിനിടെയാണ് വിമാനാപകടത്തിലൂടെ ആ പ്രതിഭയെ അകാലത്തിൽ കവർന്നെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rani Chandra Remembered 50 Years Later
Next Story