അന്ന് രജനീകാന്ത് ആരാധകർ ചെരുപ്പെറിഞ്ഞു; 25 വർഷത്തിന് ശേഷം ആദ്യമായി തിയറ്ററിൽ പടയപ്പ കണ്ട് രമ്യ കൃഷ്ണൻ
text_fieldsരജനീകാന്തിനൊപ്പം അഭിനയിച്ച തന്‍റെ സൂപ്പർഹിറ്റ് ചിത്രമായ പടയപ്പ കണ്ട് നടി രമ്യ കൃഷ്ണൻ. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനീകാന്തിന്റെ കഥാപാത്രത്തിന്‍റെ എതിരാളിയായ നീലാംബരിയെന്ന കഥാപാത്രത്തെയാണ് രമ്യ കൃഷ്ണൻ അവതരിപ്പിച്ചത്. രജനീകാന്തിന്റെ 75-ാം ജന്മദിനവും അഭിനയ ജീവിതത്തിലെ അദ്ദേഹത്തിന്റെ 50 വർഷവും പടയപ്പ സിനിമയുടെ 25-ാം വർഷവും കണക്കിലെടുത്താണ് ചിത്രം വീണ്ടും തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഡിസംബർ 12നായിരുന്നു റീ റിലീസ്.
എന്നാൽ പുറത്തിറങ്ങി 25 വർഷമായ ചിത്രം താൻ ആദ്യമായാണ് തിയറ്ററിൽ കാണുന്നതെന്ന് താരം പറഞ്ഞു. തിയറ്ററിനുള്ളിൽ ചിത്രം കാണുന്നതിന്റെ ക്ലിപ്പിങ്ങുകൾ രമ്യ കൃഷ്ണൻ പങ്കുവെച്ചു. 'അവസാനം ആദ്യമായി തിയറ്ററിൽ പടയപ്പ കണ്ടു' എന്ന കാപ്ഷനോടെയാണ് രമ്യ കൃഷ്ണൻ ചിത്രങ്ങൾ പങ്കുവെച്ചത്.
പഴയൊരു അഭിമുഖത്തിൽ രമ്യ കൃഷ്ണൻ രജനീകാന്തിന്റെ എതിരാളിയായി അഭിനയിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് സംസാരിച്ചിരുന്നു. 'റിലീസ് ചെയ്ത് പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചതിനുശേഷം മാത്രമാണ് അത് ഒരു സ്വപ്ന വേഷമായി മാറിയത്. അതിനുമുമ്പ്, മറ്റൊരു മുഖ്യധാരാ നായികക്കും അത് ചെയ്യാൻ ധൈര്യമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ഒരു വഴിയുമില്ലാത്തതിനാലും രജനീകാന്തിനൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹത്താലും ഞാൻ അത് ചെയ്തു' -അവർ പറഞ്ഞു.
നീലാംബരി തന്റെ സ്വപ്ന വേഷമാകുമെന്ന് കരുതിയല്ല അവതരിപ്പിച്ചതെന്ന് രമ്യ കൃഷ്ണൻ പറഞ്ഞു. തനിക്ക് ഭയമായിരുന്നെന്നും പല ജൂനിയർ ആർട്ടിസ്റ്റുകളും ചിത്രത്തിലെ സംഭാഷണങ്ങളെക്കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തുമായിരുന്നെന്നും അവർ പറഞ്ഞു. ചിലർ ചെന്നൈയിൽ ഇനി ജീവിക്കാൻ കഴിയുമോ എന്ന് വരെ ചോദിച്ചിരുന്നു. ചിത്രം റിലീസായപ്പോൾ രജനീകാന്ത് ആരാധകർ സ്‌ക്രീനിലേക്ക് ചെരിപ്പെറിഞ്ഞതിനെക്കുറിച്ചും താരം സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

