രാവിലെ ജിമ്മിന് ശേഷം കാൻസർ ശസ്ത്രക്രിയക്ക് പോയി, കാരണം...; വെളിപ്പെടുത്തലുമായി രാകേഷ് റോഷൻ
text_fieldsകാൻസർ ശസ്ത്രക്രിയക്ക് മുമ്പ് ജിമ്മിൽ പോയി വ്യായാമം ചെയ്തുവെന്ന് നടൻ ഹൃത്വിക് റോഷന്റെ പിതാവും സംവിധായകനുമായ രാകേഷ് റോഷൻ. രോഗത്തെ താൻ വളരെ നിസ്സാരമായിട്ടാണ് എടുത്തതെന്നും മനശക്തിയാണ് ഏറ്റവും പ്രധാനമെന്നും രാകേഷ് റോഷൻ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
'കാൻസറിനെ വളരെ നിസ്സാരമായിട്ടാണ് ഞാൻ കണ്ടത്. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെയിരുന്നു. അവരോട് തമാശ പറഞ്ഞു. കാരണം ജീവിതം ഇരുട്ടിലേക്ക് പോകുന്നുവെന്ന് അവർക്ക് തോന്നാൻ പാടില്ലെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് പോകുന്ന ദിവസം രാവിലെ ഞാൻ മകൻ ഹൃത്വിക്കിനൊപ്പം ജിമ്മിൽ പോയി വ്യായാമം ചെയ്തു. അന്ന് രാവിലെ ഏകദേശം ഒരു മണിക്കൂർ വർക്കൗട്ട് ചെയ്തു. അതിന് ശേഷം സർജറിക്കായി ആശുപത്രിയിൽ പോയി. നാല് മണിയായപ്പോഴേക്കും റൂമിലേക്ക് മാറ്റി. അഞ്ച് മണിക്ക് ഞാൻ എഴുന്നേറ്റ് നടക്കുകയായിരുന്നു. നമ്മൾ മനസിനെയാണ് ആദ്യം ശക്തിപ്പെടുത്തേണ്ടത്. നിങ്ങളുടെ ബുദ്ധിമുട്ടുകൾ മറക്കാൻ മനസ്സിനെ എത്രത്തോളം ശക്തമാക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഇതെല്ലാം'- രാകേഷ് റോഷൻ പറഞ്ഞു.
2018 ആണ് രാകേഷ് റോഷന് കാൻസർ സ്ഥിരീകരിക്കുന്നത്. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ് രോഗമുക്തി നേടിയത്.'നാക്ക് മുറിച്ച് കളയുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ വലിയ ഭയം തോന്നി. എന്നാല്‍ അങ്ങനെ ചെയ്യാനാവില്ലെന്ന് അപ്പോള്‍ തന്നെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. കാന്‍സര്‍ വരാവുന്ന ഏറ്റവും മോശം സ്ഥലങ്ങളില്‍ ഒന്നാണ് നാവ്. നാവിന് രോഗം ബാധിച്ചാല്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ രുചി പോലും അറിയാന്‍ സാധിക്കില്ല. വെള്ളമോ ചായയോ കോഫിയോ ഒന്നും കുടിക്കാനാകില്ല. മൂന്ന് മാസങ്ങളോളം ഞാന്‍ അത്തരമൊരു അവസ്ഥയിലായിരുന്നു'- മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ രാകേഷ് റോഷൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

