40 വർഷത്തിന് ശേഷം ആരാധകർക്കൊപ്പം സിനിമ കണ്ട് രജനീകാന്ത്; ജയിലർ 2 ആവേശത്തിൽ ആരാധകർ
text_fieldsചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം ജയിലർ 2 തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രത്തിന്റെ വൻ വിജയത്തിനിടയിൽ ആരാധകരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് സൂപ്പർസ്റ്റാർ. കഴിഞ്ഞ 40 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായി, സ്വന്തം ചിത്രം ആരാധകർക്കൊപ്പം തീയേറ്ററിലിരുന്ന് കണ്ടിരിക്കുകയാണ് രജനീകാന്ത്.
വെള്ളിയാഴ്ച ചെന്നൈയിലെ പ്രമുഖ തീയേറ്ററിലാണ് രജനീകാന്ത് അപ്രതീക്ഷിതമായി എത്തിയത്. സംഗീത സംവിധായകൻ അനിരുദ്ധിനൊപ്പമാണ് താരം തീയേറ്ററിലെത്തിയത്. രജനീകാന്തിന്റെ കൊച്ചുമകൻ ലിംഗ, ചിത്രത്തിന്റെ സംവിധായകൻ നെൽസൺ ദിലീപ്കുമാർ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. തങ്ങളുടെ പ്രിയതാരം ഒപ്പമുണ്ടെന്നറിഞ്ഞതോടെ ആരാധകർ വലിയ ആഘോഷത്തോടെയാണ് ചിത്രത്തെയും സൂപ്പർസ്റ്റാറിനെയും വരവേറ്റത്.
ചിത്രത്തിന്റെ നിർമ്മാതാക്കളായ സിത്താര എന്റർടൈൻമെന്റ്സ് തങ്ങളുടെ എക്സ് പ്ലാറ്റഫോമിലൂടെയാണ് ഈ അപൂർവ്വ നിമിഷം പങ്കുവെച്ചത്. 40 വർഷത്തിനിടെ ആദ്യമായി സൂപ്പർസ്റ്റാർ രജനീകാന്ത് തന്റെ ആരാധകർക്കൊപ്പം ബിഗ് സ്ക്രീനിൽ ജയിലർ 2 കാണാൻ ഒത്തുചേർന്നിരിക്കുന്നു എന്ന കുറിപ്പോടെയാണ് അവർ വിഡിയോ പങ്കുവെച്ചത്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ 2 ആഗോള ബോക്സ് ഓഫീസിൽ ഇപ്പോൾ 700 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. നവരാത്രി-ദസറ അവധി ദിവസങ്ങളുടെ ആനുകൂല്യം പൂർണ്ണമായും മുതലാക്കിയ ചിത്രം ആദ്യ ആഴ്ചയിൽ തന്നെ 500 കോടിയും തുടർന്ന് 600 കോടിയും കടന്നിരുന്നു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിൽ ടൈഗർ മുത്തുവേൽ പാണ്ഡ്യൻ ആയിട്ടാണ് രജനീകാന്ത് എത്തുന്നത്. രമ്യാ കൃഷ്ണൻ, യോഗി ബാബു, മിർണ, ഋത്വിക് എന്നിവർ ആദ്യഭാഗത്തിലെ കഥാപാത്രങ്ങളെത്തന്നെ അവതരിപ്പിക്കുമ്പോൾ എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലൻ എന്നിവരും പുതിയ കഥാപാത്രങ്ങളായി എത്തുന്നു. കൂടാതെ മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്രോഫ് എന്നിവരുടെ തകർപ്പൻ അതിഥി വേഷങ്ങൾക്ക് പുറമേ ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നുമുള്ള രണ്ട് വമ്പൻ താരങ്ങളുടെ സർപ്രൈസ് അപ്പിയറൻസും രണ്ടാം ഭാഗത്തിലുണ്ട്.

