സുരാജിന്റെ പ്രകടനം കാണാൻ കാത്തുനിന്ന് തലൈവർ; 'ജയിലർ 2' സെറ്റിലെ അനുഭവം പങ്കുവെച്ച് താരം
text_fieldsചെന്നൈ: നെൽസൺ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 'ജയിലർ 2'വിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ അവിസ്മരണീയ നിമിഷം വെളിപ്പെടുത്തി ദേശീയ അവാർഡ് ജേതാവും മലയാളത്തിന്റെ പ്രിയ നടനുമായ സുരാജ് വെഞ്ഞാറമൂട്. സെറ്റിൽ തന്റെ അഭിനയം കാണാനായി പുലർച്ചെ രണ്ട് മണിവരെ കാത്തുനിൽക്കുകയും ഷോട്ടിന് ശേഷം എഴുന്നേറ്റുനിന്ന് കൈയടിക്കുകയും ചെയ്ത രജനീകാന്തിന്റെ പ്രവൃത്തിയെക്കുറിച്ച് ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിലാണ് സൂരജ് മനസ്സ് തുറന്നത്.
തന്റെ ഷോട്ടുകൾ പൂർത്തിയായി മടങ്ങേണ്ട സമയം കഴിഞ്ഞിട്ടും സുരാജിന്റെ പ്രകടനം കാണാനായി രജനീകാന്ത് സെറ്റിൽ തന്നെ തുടരുകയായിരുന്നു. "എന്റെ കഥാപാത്രത്തിലേക്ക് ഉൾച്ചേർന്ന് ഞാൻ ആ രംഗം ചെയ്തു തീർത്തു. ഡയറക്ടർ 'കട്ട്' പറഞ്ഞ നിമിഷം ആരോ കൈയടിക്കുന്നത് കേട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്. അത് മറ്റാരുമായിരുന്നില്ല, രജനി സാർ തന്നെയായിരുന്നു!" - സുരാജ് പറഞ്ഞു.
സൂപ്പർസ്റ്റാർ എഴുന്നേറ്റുനിന്ന് കൈയടിക്കുന്നത് കണ്ടതോടെ സെറ്റിലുണ്ടായിരുന്ന മുഴുവൻ അണിയറപ്രവർത്തകരും കൈയടിക്കാൻ തുടങ്ങി. "ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നു അത്. എനിക്ക് അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ വലിയ മനുഷ്യനിൽ നിന്നുള്ള പ്രശംസ ആ പുരസ്കാരത്തേക്കാൾ വിലമതിപ്പുള്ളതാണ്. ഇത്രയും വലിയൊരു സൂപ്പർസ്റ്റാർ ആയിരുന്നിട്ടും സഹപ്രവർത്തകരുടെ അഭിനയരീതികളെക്കുറിച്ചും സിനിമയെക്കുറിച്ചും അദ്ദേഹം കാണിക്കുന്ന താല്പര്യം ശരിക്കും പ്രചോദനമാണ്," സൂരജ് കൂട്ടിച്ചേർത്തു.
ചിത്രത്തിൽ 'ദിലീപ്' എന്ന കഥാപാത്രത്തെയാണ് സൂരജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. രജനീകാന്ത് വീണ്ടും 'ടൈഗർ മുത്തുവേൽ പാണ്ട്യൻ' ആയി എത്തുന്ന 'ജയിലർ 2' നിർമ്മിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ്. രമ്യാ കൃഷ്ണൻ, യോഗി ബാബു, മിർണ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ഒക്ടോബർ 15-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

