‘ആദിത്യ ധർ ബോക്സ് ഓഫീസിന്റെ പിതാവാണ്! ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട സിനിമയാണിത്’; ധുരന്ധർ 2വിനെ പ്രശംസിച്ച് രജനീകാന്ത്, നന്ദി പറഞ്ഞ് സംവിധായകൻ
text_fieldsസിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന 'ധുരന്ധർ 2' തിയറ്ററുകളിൽ കത്തി കയറുകയാണ്. സിനിമയുടെ മേക്കിംഗിനെയും സാങ്കേതിക തികവിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി സെലിബ്രിറ്റികളാണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. ഇപ്പോഴിതാ രജനീകാന്തും സിനിമയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്. ‘എന്തൊരു സിനിമയാണിത്! 'ധുരന്ധർ 2'... ആദിത്യ ധർ ബോക്സ് ഓഫീസിന്റെ പിതാവാണ്! രൺവീറിനും സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട സിനിമയാണിത്. ജയ് ഹിന്ദ്’ എന്നാണ് രജനീകാന്ത് എക്സിൽ കുറിച്ചത്.
‘സർ, വിനോദത്തിന്റെ അളവുകോലായി ഞങ്ങൾ കണ്ടു വളർന്നത് നിങ്ങളെ മാത്രമാണ്. പതിറ്റാണ്ടുകളായി അതേ സ്വാഗോടെയും കൃപയോടെയും ഞങ്ങളെ വിസ്മയിപ്പിക്കുന്ന താങ്കളിൽ നിന്ന് ഇങ്ങനെയൊരു പ്രശംസ ലഭിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ നിമിഷമാണ്’ എന്നാണ് സംവിധായകൻ ആദിത്യ ധർ മറുപടിയായി കുറിച്ചത്.
വൻ താരനിരയാണ് ചിത്രത്തെ പ്രശംസിച്ചെത്തിയത്. ‘വൈകാരികമായ നിമിഷങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന കഥാസന്ദർഭങ്ങളും കോർത്തിണക്കി അതിമനോഹരമായ ഒരു തിരക്കഥയാണ് ഇതിന്റേത്. ആദിത്യ ധർ, നിങ്ങൾ ഈ സിനിമയിലൂടെ ഒരു വമ്പൻ വിജയം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. നാല് മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമ നിർമിക്കാനും അത് റിലീസ് ചെയ്യാനും വലിയ ധൈര്യം തന്നെ വേണം. അവസാന നിമിഷം വരെ പ്രേക്ഷകരെ സീറ്റിൽ പിടിച്ചിരുത്താൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്’ എന്നാണ് രാജമൗലി എക്സിൽ കുറിച്ചത്.
‘ധുരന്ധർ 2 കണ്ടു കഴിഞ്ഞു. സ്റ്റൈലിഷ് ആയ ഒരു പീരിയഡ് സിനിമ! ഓരോ ഇന്ത്യക്കാരനും അഭിമാനം തോന്നുന്ന നിമിഷങ്ങൾ ചിത്രത്തിലുണ്ട്’ എന്നാണ് അല്ലു അർജുൻ എക്സിൽ കുറിച്ചത്. സ്റ്റീവൻ സ്പീൽബെർഗും ക്രിസ്റ്റഫർ നോളനും പോലും അവർ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം മാറ്റിവച്ച് 'ധുരന്ധർ 2' ആദ്യ ദിനം ആദ്യ ഷോ തന്നെ കാണുന്നത് അവർക്ക് ബുദ്ധിയും ഗുണകരവുമായിരിക്കും’ എന്നാണ് സംവിധായകൻ രാം ഗോപാൽ വർമ്മ കുറിച്ചത്. അക്ഷയ് കുമാർ, ആലിയ ഭട്ട്, അനുപം ഖേർ, കാർത്തിക് ആര്യൻ, സിദ്ധാർത്ഥ് മൽഹോത്ര തുടങ്ങി പ്രമുഖർ സിനിമയെ പ്രശംസിച്ചു. മഹേഷ് ബാബു, രാം ചരൺ, ജൂനിയർ എൻ.ടി.ആർ തുടങ്ങിയവരും ചിത്രത്തെ വാനോളം പുകഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

