Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘മമ്മൂട്ടി എന്റെ...

‘മമ്മൂട്ടി എന്റെ മാമന്റെ മോനല്ല, പക്ഷേ, ഇടത് വെട്ടുകിളികളുടെ ഈ വേട്ടയാടൽ അദ്ദേഹം അർഹിക്കുന്നുണ്ടോ?’ -സി.പി.എം സൈബർ​ പോരാളികൾക്കെതിരെ രാജേഷ് കൃഷ്ണ

text_fields
bookmark_border
‘മമ്മൂട്ടി എന്റെ മാമന്റെ മോനല്ല, പക്ഷേ, ഇടത് വെട്ടുകിളികളുടെ ഈ വേട്ടയാടൽ അദ്ദേഹം അർഹിക്കുന്നുണ്ടോ?’ -സി.പി.എം സൈബർ​ പോരാളികൾക്കെതിരെ രാജേഷ് കൃഷ്ണ
cancel

കൊച്ചി: വി.ഡി. സതീശന്റെ സ്വീകരണ പരിപാടിയിൽ പ​ങ്കെടു​ത്തതിന് നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സി.പി.എം യു.കെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണ. ഇടത് സൈബർ വെട്ടുകിളികളുടെ ഈ വേട്ടയാടൽ മമ്മൂട്ടി അർഹിക്കുന്നുണ്ടോ എന്നെനിക്കു സംശയമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

‘മുഖ്യമന്ത്രി വി.ഡി. സതീശന് കൊച്ചി പൗരാവലി നൽകിയ സ്വീകരണത്തിന്റെ ചിത്രത്തിനു താഴെ ഒരു പ്രഖ്യാപിത ഇടതു ഹാൻഡിലിന്റെ കമൻറ് കണ്ടു. "മമ്മൂട്ടി ***** താൻ അവരുടെ ആളാണെന്ന് തോന്നുല്ലെ ടൊ പന്ന കിളവാ’ എന്ന്. ദോഷം പറയരുതല്ലോ, ഇന്ന് കണ്ടതിൽ ഭേദപ്പെട്ട ഒരു തെറികമന്റാണിത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കേരളത്തിലെ ഏറ്റവും തലപ്പൊക്കമുള്ള നടന്‌ ഇന്ന് ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുക്കേണ്ടി വന്നു, ഇനി തുടർന്നും പലവേദികൾ പങ്കിടേണ്ടിയും വരും. ഇതുവരെ പിണറായിക്കൊപ്പം ആവശ്യത്തിലേറെ വേദികൾ പങ്കിട്ടപ്പോൾ അദ്ദേഹം നിങ്ങൾക്കൊന്നും വെറുക്കപ്പെട്ടവൻ ആയിരുന്നില്ലല്ലോ. അതിനു മുന്നേ പല മുഖ്യമന്ത്രിമാർക്കൊപ്പവും വേദിപങ്കിട്ടു ഞാൻ കണ്ടിട്ടും ഉണ്ട്. അതിലെന്താണ് തെറ്റ്?’-അദ്ദേഹം ചോദിച്ചു.

രാജേഷ് കൃഷ്ണ

വയനാട് ടൗൺഷിപ്പിൽ സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിന്റെ പേരിലാണ് നിങ്ങൾ മമ്മൂട്ടിയെ 'തൂക്കാൻ' വിധിക്കുന്നതെങ്കിൽ, പാർട്ടിക്കോ സർക്കാരുമായി ബന്ധപ്പെട്ടവർക്കോ അന്ന് അവിടെ തെറ്റ് പറ്റിയിട്ടില്ലെങ്കിൽ പിണറായി മമ്മൂട്ടിയോട് ക്ഷമ പറയും എന്ന് തോന്നുന്നുണ്ടോ എന്നും രാജേഷ് ചോദിച്ചു. ‘അവിടെ 'കനഗോലു' സെറ്റുചെയ്ത അജണ്ടയിൽ പാവം സഖാക്കൾ തലവച്ചു എന്ന് പറയേണ്ടി വരും. ആദ്യം ആ വിഡിയോ പുറത്തുവന്ന ഹാൻഡിലുകൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. നമുക്കിഷ്ടപ്പെട്ട അഭിപ്രായങ്ങൾ മാത്രം നമുക്ക് ചുറ്റും ഉള്ളവർ പറയണം എന്ന് വാശിപിടിക്കുന്നത് നിങ്ങളുടെ മനോനിലയാണ് വെളിവാക്കുന്നത്. റഫീക്കിനോടെന്നല്ല ആരോടും പരുഷമായി പെരുമാറരുതെന്നാണ് എന്റെ നിലപാട്’ -അദ്ദേഹം പറഞ്ഞു.

സിപിഎം ബ്രിട്ടണ്‍ ഘടകമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറാണ് രാജേഷ് കൃഷ്ണ. മുൻപ് യുട്യൂബ് ചാനൽ ഉടമയായ ഷാജൻ സ്കറിയയെ വിമാനത്താവളത്തിൽ മർദിച്ചതുമായി ബന്ധപ്പെട്ട് രാജേഷ് ആരോപണവിധേയനായിരുന്നു. മധുരയിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിൽ വിദേശ പ്രതിനിധിയായി പങ്കെടുക്കാൻ ശ്രമിക്കുന്നതിനിടെ പുറത്താക്കപ്പെട്ടത് വിവാദമായിരുന്നു. ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചയയ്ക്കുകയായിരുന്നു. പത്തനംതിട്ട വാര്യാപുരം സ്വദേശിയായ രാജേഷ് എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നു. സിപിഎം അനുകൂല ചാനലിൽ ഉൾപ്പെടെ മാധ്യമപ്രവർത്തകനായിരുന്നു. ലണ്ടനിൽ വ്യവസായിയായ രാജേഷ് ‘പുഴു’, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ തുടങ്ങിയ സിനിമകളുടെ നിർമാണപങ്കാളിയാണ്.

കുറിപ്പിന്റെ പൂർണരൂപം:

മമ്മൂട്ടി എന്റെ മാമന്റെ മോനല്ല.

ഇന്നോളം എനിക്കദ്ദേഹത്തോട് അമിതമായ ഒരു ആരാധനയുമില്ല.

പക്ഷെ ഇടത് സൈബർ വെട്ടുക്കിളികളുടെ ഈ വേട്ടയാടൽ മമ്മൂട്ടി അർഹിക്കുന്നുണ്ടോ എന്നെനിനക്കു സംശയമുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശന് കൊച്ചി പൗരാവലി നൽകിയ സ്വീകരണത്തിന്റെ ചിത്രത്തിനു താഴെ ഒരു പ്രഖ്യാപിത ഇടതു ഹാൻഡിലിൻ്റെ കമൻറ് കണ്ടു. "മമ്മൂട്ടി ***** താൻ അവരുടെ ആളാണെന്ന് തോന്നുല്ലെ ടൊ പന്ന കിളവാ " ദോഷം പറയരുതല്ലോ ഇന്ന് കണ്ടതിൽ ഭേദപ്പെട്ട ഒരു തെറികമന്റാണിത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കേരളത്തിലെ ഏറ്റവും തലപ്പൊക്കമുള്ള നടന്‌ ഇന്ന് ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുക്കേണ്ടി വന്നു, ഇനി തുടർന്നും പലവേദികൾ പങ്കിടേണ്ടിയും വരും. ഇതുവരെ പിണറായിക്കൊപ്പം ആവശ്യത്തിലേറെ വേദികൾ പങ്കിട്ടപ്പോൾ അദ്ദേഹം നിങ്ങൾക്കൊന്നും വെറുക്കപ്പെട്ടവൻ ആയിരുന്നില്ലല്ലോ. അതിനു മുന്നേ പല മുഖ്യമന്ത്രിമാർക്കൊപ്പവും വേദിപങ്കിട്ടു ഞാൻ കണ്ടിട്ടും ഉണ്ട്. അതിലെന്താണ് തെറ്റ്,

ഇനി വയനാട് വിഷയം വച്ചാണ് നിങ്ങൾ മമ്മൂട്ടിയെ 'തൂക്കാൻ' വിധിക്കുന്നതെങ്കിൽ, പാർട്ടിക്കോ സർക്കാരുമായി ബന്ധപ്പെട്ടവർക്കോ തെറ്റ് പറ്റിയിട്ടില്ലെങ്കിൽ പിണറായി മമ്മൂട്ടിയോട് ക്ഷമ പറയും എന്ന് തോന്നുന്നുണ്ടോ. അവിടെ 'കനഗോലു' സെറ്റുചെയ്ത അജണ്ടയിൽ പാവം സഖാക്കൾ തലവച്ചു എന്ന് പറയേണ്ടി വരും. ആദ്യം ആ വീഡിയോ പുറത്തുവന്ന ഹാൻഡിലുകൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. നമുക്കിഷ്ടപ്പെട്ട അഭിപ്രായങ്ങൾ മാത്രം നമുക്ക് ചുറ്റും ഉള്ളവർ പറയണം എന്ന് വാശിപിടിക്കുന്നത് നിങ്ങളുടെ മനോനിലയാണ് വെളിവാക്കുന്നത്.

റഫീക്കിനോടെന്നല്ല ആരോടും പരുഷമായി പെരുമാറരുതെന്നാണ് എൻ്റെ നിലപാട്, അത് ഞാനന്ന് പ്രകടിപ്പിച്ചിട്ടുമുണ്ട്.

25 വർഷമായി കൈരളിയുടെ ചെയർമാനാണ് മമ്മൂട്ടി. മറ്റു പലരെയും പോലെ നിഷ്പക്ഷത മുഖംമൂടിയായി അണിയണമെങ്കിൽ ഈ 'മുൾക്കിരീടം' എടുത്തു വയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ. മമ്മൂട്ടിക്ക് കൈരളിയെക്കൊണ്ട് ലാഭം എന്തെങ്കിലും ഉണ്ടായി എന്ന് പറഞ്ഞാൽ ഒരാളും വിശ്വസിക്കില്ല പക്ഷെ കൈരളിക്കു മമ്മൂട്ടിയെക്കൊണ്ട് ഗുണം ഉണ്ടാകുന്നത്, ഈ കഴിഞ്ഞ കൈരളി ഗൾഫ് ഷോയുടെ ഒരുക്കങ്ങൾ നടന്നിരുന്നത് 'പേട്രിയട്ട് ' എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണ സമയത്തായതിനാൽ തന്നെ ഞാൻ നേരിട്ട് കണ്ടതാണ്. അതിൽ പങ്കെടുത്ത എല്ലാ താരങ്ങളെയും അദ്ദേഹം നേരിട്ട് വിളിച്ചതാണ്. വണ്ടിക്കൂലിയും താമസവും കൊടുത്താൽ മാത്രം ആളുകൾ എത്തില്ല. ഒരു സിനിമയുടെ ചിത്രീകരണത്തിലുള്ളവരെ രണ്ടോ മൂന്നോ ദിവസം ഷൂട്ട് തന്നെ നിർത്തിവെപ്പിച്ച് അവിടെ എത്തിക്കണമെങ്കിൽ പ്രൊഡ്യൂസർമാരും ഡയറക്ടർമാരും സമ്മതിക്കണം. ഇവിടെയൊക്കെയാണ് മമ്മൂട്ടി എന്ന പേരിന്റെ വലുപ്പം.

പുറത്ത് പരസ്യമായി രാഷ്ട്രീയം പറയാത്തവർ രാഷ്ട്രീയക്കാരല്ല എന്ന തോന്നൽ എനിക്കില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂട്ടി. പ്രഖ്യാപിത കോൺഗ്രസ്സുകാരായ ആന്റോ ജോസഫിനോടും രമേശ് പിഷാരടിയോടും യുക്തിസഹമായി, ദയാരഹിതമായി രാഷ്ട്രീയ വാഗ്വാദങ്ങളിൽ ഏർപ്പെടുന്നത് എത്രയോതവണ ഞാൻ കണ്ടിരിക്കുന്നു.

ചില ഘട്ടങ്ങളിൽ നിശബ്ദതയും ഉഗ്രൻ പാർട്ടി പ്രവർത്തനമാണ്. 2025 ഏപ്രിൽ 6 മുതൽ ഞാൻ ചെയ്യുന്നതുപോലെ. പാർട്ടിക്ക് പരിക്ക് പറ്റാതിരിക്കാനുളള നിശബ്ദത കാരണമാണ് മമ്മൂട്ടി ഈ തെറികൾ വാങ്ങി കൂട്ടുന്നതെന്ന് നിസ്സംശയം ഞാൻ പറയും. പെരുമ്പടവം ഒരു സങ്കീർത്തനം പോലെയിൽ പറഞ്ഞപോലെ "ചിലപ്പോൾ ചിലരുടെ മൗനം അവരുടെ അലർച്ചയേക്കാൾ ഭയാനകമാണ്"...!

സാമൂഹിക പ്രതിബദ്ധതയിൽ, സർഗാത്മക ഇടപെടലുകളിൽ, സഹജീവി സ്നേഹത്തിൽ, സമഭാവനയിൽ, അപരനോടുള്ള ചേർന്നുനിൽപ്പിൽ, ദുർബലരോടുള്ള ദയാവായ്പ്പിൽ , രോഗികളോടുള്ള കരുതലിൽ പല 'സോ കോൾഡ്' സോഷ്യലിസ്റ്റുകളുടെ തട്ടുകളെക്കാളും മമ്മൂട്ടിയുടെ തട്ട് താഴ്ന്നുതന്നെ ഇരിക്കും.

ഒരൊറ്റ വിഷയത്തിൽ, ഒരു തെറ്റിൽ , ഒരേയൊരു നാവുപിഴയിൽ വിധി കൽപ്പിക്കുന്ന ഉത്തമന്മാരുടെ കൂട്ടമാണ് സോഷ്യൽ മീഡിയ ഇന്ന്. ദിവസവും ഒട്ടേറെ തെറ്റുകളിലൂടെ നീന്തിത്തുടിക്കുന്ന ഉത്തമന്മാരാണ് ഇവിടെ 'ജഡ്ജിമാർ' എന്ന് കാണുമ്പോഴാണ് ഇതിന്റെ വിരോധാഭാസം. KK ഷാഹിനയെ, TS ദീപയെ, S സുദീപിനെ സുനിത ദേവദാസിനെ അവർ പറയുന്ന വിഷയത്തിനപ്പുറം അന്നേദിവസം വരെ പറഞ്ഞ പ്രവർത്തിച്ച സർവ രാഷ്ട്രീയ ചേർന്നുനിൽക്കലിനെയും റദ്ദുചെയ്‌ത് പുകച്ചു പുറത്തുചാടിച്ച് എന്തോ വലിയ രാഷ്ട്രീയ ഇടപെടൽ നടത്തി എന്ന് സ്ഥാപിക്കുന്ന 'ഉത്തമ' ഹാൻഡിലുകളെ നിലയ്ക്ക് നിർത്താത്തതാണ് ഈ പരാജയത്തിന്റെ വലിയൊരു കാരണം എന്ന് ഞാൻ പറയും.

ഇന്ന് തെറിവിളിക്കുന്ന ഹാൻഡിലുകളോട് വിനയത്തോടെ പറയട്ടെ ‘മലരേ നീയൊക്കെയാണ് ഈ പാർട്ടിയെ തോൽപിച്ചത്. നിൻ്റെയൊക്കെ സോഷ്യൽ മിഡിയയിലെ ഉത്തമൻ കളിയാണ് ഈ പാർട്ടിയെ ജനങ്ങളിൽ നിന്നകറ്റിയത്’ ഈ പാർട്ടിയുടെ അഞ്ചരലക്ഷം മെമ്പർമാർ ഈ പാർട്ടിയെ നെഞ്ചേറ്റി പുറത്ത് നിശബ്ദരായി, തങ്ങളുടെ ഘടകങ്ങളിൽ, കമ്മിറ്റികളിൽ പോരാടി ഈ കെട്ട കാലത്ത് ഇതിനെ പ്രതിരോധിച്ചു കൊണ്ടിരിക്കുമ്പോൾ. ഒരാളെ ഇതിൽ നിന്ന് അകറ്റാനല്ലാതെ ഈ പാർട്ടിയിലേക്ക് ഒരാളെ കൊണ്ടുവന്ന കണക്ക് പറയൂ, കാണട്ടെ.

തങ്ങൾ മാത്രമാണ് ഇടതുപക്ഷം എന്നാണിവരുടെ പക്ഷം, തങ്ങളല്ലാതെ മറ്റാരും ഇടതുപക്ഷം അല്ലത്രേ...!

നാളെകളിൽ ഞാൻ സിനിമാ നിർമ്മാതാവായി തുടരുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല, പക്ഷെ സോഷ്യൽ മീഡിയയിലെ ഉത്തമരായ സിപിഎം നന്നാക്കികളുടെ ഇടയിൽ ഞാനൊരു കമ്മ്യൂണിസ്റ്റായി തുടരും,

അതുറപ്പ് ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyCyber AttackCPMRajesh Krishna
News Summary - Rajesh Krishna Slams CPM Cyber Attack Against Mammootty
Next Story