മകൾക്ക് ഇതുവരെ ഫോണോ ടിവിയോ നൽകിയിട്ടില്ല, പകരം പുസ്തകങ്ങൾ: അസിന്റെ പാരന്റിങ് രീതിയെ കുറിച്ച് ഭർത്താവ്; ‘അവളെ വിവാഹം കഴിച്ചതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യം’
text_fieldsഅസിനും കുടുംബവും
ഒരു കാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളായിരുന്നു അസിൻ തോട്ടുങ്കൽ. 2000ത്തിന്‍റെതുടക്കത്തിൽ തമിഴിലെയും തെലുങ്കിലെയും ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ തിളങ്ങിയ താരം, പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി. 2008ൽ ആമിർ ഖാനൊപ്പം 'ഗജിനി' എന്ന ചിത്രത്തിലൂടെയായിരുന്നു അസിന്‍റെ ബോളിവുഡ് അരങ്ങേറ്റം. ഇന്ത്യയിൽ ആദ്യമായി 100 കോടി ക്ലബ്ബ് തുറന്ന ചിത്രം കൂടിയായിരുന്നു ഗജിനി.
കരിയർ ചെറുതായിരുന്നെങ്കിലും അസിൻ വളരെ വലിയ ഉയരങ്ങളിൽ എത്തിയിരുന്നു. 2016ൽ മൈക്രോമാക്സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയെ വിവാഹം കഴിച്ചതോടെയാണ് താരം അഭിനയത്തിൽ നിന്ന് മാറിനിന്നത്. ഇപ്പോഴിതാ അസിനുമായുള്ള വിവാഹത്തെ കുറിച്ചും പാരന്‍റിങ്ങിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഭർത്താവ് രാഹുൽ ശർമ്മ.
തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും പ്രധാനപ്പെട്ടതും നല്ലതുമായ കാര്യം അസിനെ വിവാഹം കഴിച്ചതാണെന്ന് രാഹുൽ പറഞ്ഞു. തന്റെ വിജയത്തിന് പിന്നിൽ കാണാത്ത ശക്തിയായി നിൽക്കുന്നത് അസിനാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘അസിനെ വിവാഹം കഴിച്ചതാണ് എനിക്ക് ഏറ്റവും നന്നായി നടന്ന കാര്യം. അവൾ എന്റെ പിന്നിലെ പാറയാണ്. എന്ത് സംഭവിച്ചാലും എന്ത് തന്നെയായാലും അവൾ പറയും 'വിഷമിക്കേണ്ട... നീ മുന്നോട്ട് പോകൂ.' അവൾ എന്നെയും എന്റെ അഭിനിവേശത്തെയും മനസ്സിലാക്കുന്നു. അവൾ ഒരു അന്ധവിശ്വാസിയാണ്. അത്തരം ആളുകൾ നിങ്ങൾക്ക് ചുറ്റുമുണ്ടെങ്കിൽ, ജീവിതം വളരെ എളുപ്പമാകും’ രാഹുൽ പറഞ്ഞു.
മകളുടെ കാര്യത്തിലും അസിന് പ്രത്യേക ശ്രദ്ധയും ചിട്ടയായ തീരുമാനങ്ങളും ഉണ്ടെന്ന് രാഹുൽ പറയുന്നു. ‘ഞങ്ങൾ ആരിന് ഇതുവരെ ഒരു സ്ക്രീനും നൽകിയിട്ടില്ല. ടിവിയോ മൊബൈൽ ഫോണോ ഇല്ല. വീട്ടിൽ പുസ്തകങ്ങൾ മാത്രമേയുള്ളൂ. അവളുടെ സ്കൂളിൽ ഉള്ളതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ഞങ്ങളുടെ വീട്ടിൽ ഉണ്ടാകും. അവൾ ഇപ്പോൾ രണ്ടാം ക്ലാസിലാണ്. പക്ഷേ 8, 9 ക്ലാസുകളിലെ പുസ്തകങ്ങൾ പോലും വീട്ടിൽ ഉണ്ട്. ഇടക്ക് ഞാൻ തമാശക്ക് പറയും, അവളെ പത്താം ക്ലാസ് ബോർഡ് പരീക്ഷയും എഴുതിക്കാം, എന്താണ് വ്യത്യാസം? എന്ന്. ഇതെല്ലാം അസിന്റെ സംഭാവനയാണ്’ രാഹുൽ പറഞ്ഞു.
7 വയസ്സുകാരിയായ ആരിൻ ഇതിനകം 12 ഭാഷകൾ മനസ്സിലാക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും രാഹുൽ വെളിപ്പെടുത്തി. കൊറിയൻ, ജാപ്പനീസ്, തായ്, ചൈനീസ് എന്നിവയുൾപ്പെടെ 12 ഭാഷകൾ അവൾ സംസാരിക്കും. എനിക്ക് രണ്ട് ഭാഷകൾ പോലും സംസാരിക്കാൻ പ്രയാസമാണ്. ഞങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും കുടുങ്ങിക്കിടക്കുകയാണ്. രാഹുൽ കൂട്ടിച്ചേർത്തു. വീടിനുള്ളിലെ കാര്യങ്ങൾ മുഴുവൻ നോക്കുന്നത് അസിനാണെന്നും താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വ്യക്തിയാണ് അവളെന്നും രാഹുൽ പറഞ്ഞു.

