'എൺപതിലധികം സിനിമകൾ ചെയ്ത ആളായിരുന്നിട്ടും ബോളിവുഡ് എന്നെ മറന്നിരുന്നു'; ഭാര്യയുടെ മരണശേഷം തിരിച്ചെത്തിയ രാഹുൽ ദേവ് നേരിട്ട പ്രതിസന്ധികൾ
text_fieldsപ്രശസ്ത നടനും മോഡലുമായ രാഹുൽ ദേവ് തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു ഘട്ടത്തെക്കുറിച്ച് പറയുകയാണ്. 2009-ൽ ഭാര്യ റീന ദേവിന്റെ വേർപാടിന് പിന്നാലെയാണ് രാഹുൽ സിനിമാലോകത്ത് നിന്ന് താൽക്കാലികമായി വിട്ടുനിന്നത്. തന്റെ മകൻ സിദ്ധാർത്ഥിനെ ഒരു സിംഗിൾ പാരന്റ് എന്ന നിലയിൽ വളർത്തുന്നതിനും അവനോടൊപ്പം സമയം ചെലവഴിക്കുന്നതിനുമായിരുന്നു അദ്ദേഹം അന്ന് മുൻഗണന നൽകിയത്. എന്നാൽ ഏകദേശം നാലര വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിവരാൻ ശ്രമിച്ചപ്പോൾ ബോളിവുഡ് തന്നെ മറന്നുപോയതായി അദ്ദേഹത്തിന് തോന്നി.
സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത് തന്റെ കരിയറിനെ ഇത്രത്തോളം ബാധിക്കുമെന്ന് രാഹുൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മുംബൈയിൽ തിരിച്ചെത്തിയപ്പോൾ അവസരങ്ങൾക്കായി അദ്ദേഹത്തിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. എൺപതിലധികം സിനിമകളിൽ അഭിനയിച്ച പരിചയസമ്പത്തുണ്ടായിട്ടും, ഒരു പുതുമുഖത്തെപ്പോലെ അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വന്നത് വൈകാരികമായും തൊഴിൽപരമായും അദ്ദേഹത്തെ തളർത്തി. ഒറ്റക്ക് ഒരു കുട്ടിയെ വളർത്തുന്നതിലെ വെല്ലുവിളികൾ തന്നെ മാനസികമായി തളർത്തിയെങ്കിലും, തന്റെ ആത്മീയ ഗുരുവിന്റെ പിന്തുണയാണ് ആ പ്രതിസന്ധികളെ മറികടക്കാൻ സഹായിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും മകന് വേണ്ടി ഉറച്ചുനിൽക്കാൻ അദ്ദേഹം ശ്രമിച്ചു. തന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം വീണ്ടും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്. ബോളിവുഡ് പോലുള്ള ഒരു വലിയ ഇൻഡസ്ട്രിയിൽ ചെറിയൊരു ഇടവേള പോലും ഒരാളെ എത്രത്തോളം പിന്നിലാക്കുമെന്ന് തന്റെ അനുഭവം തെളിയിക്കുന്നതായി രാഹുൽ ദേവ് ഒരു അഭിമുഖത്തിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

