'കൊടുങ്കാറ്റുകളെ നീ നിശബ്ദമായി നേരിട്ടു, തോറ്റുപോകാതെ മുന്നോട്ട് നടക്കാൻ നീ തീരുമാനിച്ചു', മകളുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി റഹ്മാൻ
text_fieldsറഹ്മാൻ പങ്കുവെച്ച ചിത്രങ്ങൾ
മകളുടെ മുപ്പതാം പിറന്നാളിന് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ റഹ്മാൻ. ഒരു പിതാവെന്ന നിലയിൽ മകളെ കുറിച്ച് താൻ എത്രത്തോളം അഭിമാനിക്കുന്നുവെന്നും അവൾ പിന്നിട്ട വഴികൾ ദുസഹമായിരുന്നിട്ടും മനശക്തിയോടെ മകളത് നേരിച്ചുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച ജന്മദിന പോസ്റ്റിൽ റഹ്മാൻ കുറിച്ചു.
'എന്‍റെ പ്രിയപ്പെട്ട മകൾക്ക്... ഇന്ന് നിനക്ക് 30 വയസ്സ് തികയുകയാണ്. ജീവിതത്തിന്‍റെ മനോഹരമായൊരു നാഴിക കല്ലാണിത്. പ്രായം കൊണ്ട് മാത്രമല്ല, നിന്‍റെ ധൈര്യം കൊണ്ടും വളർച്ചകൊണ്ടും അതിജീവനംകൊണ്ടും നീ അതിൽ എത്തി നിൽക്കുന്നു. നീ അർഹിക്കാത്ത രീതിയിൽ ജീവിതം നിന്നെ പരീക്ഷിച്ച വർഷങ്ങളിലൂടെ നീ കടന്നുപോയത് ഒരു പിതാവെന്ന നിലയിൽ ഞാൻ കണ്ടു. കൊടുങ്കാറ്റുകളെ നീ നിശബ്ദമായി നേരിട്ടു, വേദനകളെ അഭിമാനത്തോടെ ചുമന്നു. എന്നിട്ടും തോറ്റുപോകാതെ മുന്നോട്ട് നടക്കാൻ നീ തീരുമാനിച്ചു. അത് മാത്രം മതിയായിരുന്നു നീ എത്രത്തോളം കരുത്തുള്ളവളാണെന്ന് എനിക്ക് മനസ്സിലാക്കാൻ.
ജീവിതമൊപ്പോഴും നിന്നോടു ദയ കാണിച്ചില്ല, പക്ഷെ അതു നിന്‍റെ ഹൃദയത്തെ തകർക്കാൻ നീ അനുവദിച്ചു നൽകിയില്ല. നീ എല്ലാ അനുഭവങ്ങളിൽ നിന്നും പാഠം ഉൾകൊണ്ടു, എല്ലാം സഹിച്ചു, കൂടുതൽ അറിവുള്ളവളായി മാറി. ഇന്ന് നീ ആർജിച്ചെടുത്ത ഈ സ്ത്രീത്വത്തിൽ ഞാൻ വളരെ അധികം അഭിമാനിക്കുന്നു. ചിന്താശീലയായ, കരുണയുള്ള, ഉള്ളിൽ ഭയം തോന്നുമ്പോഴും ധൈര്യം കൈവിടാത്ത മനോഹരമായ ഒരു വ്യക്തിത്വമാണ് നിന്റേത്.
മുപ്പത് ഒരിക്കലുമൊരു അവസാനമല്ല, പകരം ശക്തമായൊരു തുടക്കമാണ്. നിനക്ക് നിന്നെ തന്നെ മനസ്സിലാക്കാനുള്ള പുതിയൊരു അധ്യായമാണിത്. നിനക്കു നിന്‍റെ വില മനസ്സിലാക്കാനും നിന്‍റെ എല്ലാ സന്തോഷങ്ങളെയും ആസ്വധിക്കാനുമുള്ള പുതിയ അധ്യായം. നീ ഒന്നിനുവേണ്ടിയും തിടുക്കം കൂട്ടേണ്ട, ആരെയുമൊന്നും ബോധിപ്പിക്കേണ്ട, നിന്‍റെ യാത്ര നിന്‍റേതു മാത്രമാണ്. നീ എത്തിപ്പെടേണ്ടിടത്തു തന്നെയാണ് ഇപ്പോൾ നീ. ഇത് എപ്പോഴും ഓർക്കുക: നീ പരിപൂർണയാണ്, നീ ആഴത്തിൽ സ്നേഹിക്കപ്പെടുന്നു. നീ കടന്നുപോയ എല്ലാ പ്രയാസകരമായ ദിവസങ്ങളേക്കാളും ശക്തയാണ് നീ.
ജീവിതം നിന്നെ എവിടെ എത്തിച്ചാലും, എന്റെ പ്രാർത്ഥനകളും വിശ്വാസവും അഭിമാനവും നിഴലായി നിന്റെ കൂടെയുണ്ടാകും. വരാനിരിക്കുന്ന വർഷങ്ങളിൽ നിനക്ക് സമാധാനവും വ്യക്തതയും നീ അർഹിക്കുന്ന സന്തോഷവും നിനക്കു ലഭിക്കുമെന്ന് ൽകുമെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. എന്റെ പ്രിയപ്പെട്ട മകൾക്ക് മുപ്പതാം ജന്മദിനാശംസകൾ. ഏറ്റവും നല്ല നിമിഷങ്ങൾ ഇനിയും നിന്നെ കാത്തിരിക്കുന്നു! ഞാൻ എപ്പോഴും നിനക്കൊപ്പം ഇവിടെയുണ്ടാകും. എല്ലാ സ്നേഹത്തോടും കൂടി, അച്ഛൻ.' റഹ്മാൻ കുറിപ്പിൽ പറയുന്നു.
നടൻ തന്‍റെ മകളെ എത്രത്തോളം സ്നേഹിക്കുന്നു എന്നത് ഈ വരികളിൽ വ്യക്തമാണ്. ഒരച്ഛന്‍റെ സ്നേഹം അത് ഒരിക്കലും മങ്ങുകയില്ലെന്നും ലോകത്തെ പരിശുദ്ധമായ സ്നേഹം മാതാപിതാക്കൾക്ക് മക്കളോടുള്ളതുമാണെന്നും ആരാധകർ പോസ്റ്റിനു താഴെ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

