'1000 ബേബീസ്' രണ്ടാം സീസൺ! ‘ഇത്രയും വലിയൊരു കഥ എങ്ങനെ സിനിമയാക്കുമെന്നാണ് ഞാൻ ചിന്തിച്ചത്, വെബ് സീരീസാണെന്ന് എനിക്കറിയില്ലായിരുന്നു’ -റഹ്മാൻ
text_fieldsഅടുത്തിടെ നടന്ന ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ഇവന്റിൽ ദക്ഷിണേന്ത്യൻ ഭാഷകളിലെ നിരവധി പുതിയ പ്രൊജക്റ്റുകൾ പ്രഖ്യാപിച്ചു. ഇതിൽ '1000 ബേബീസ്' എന്ന വെബ് സീരീസിന്റെ രണ്ടാം സീസണിന്റെ സൂചനയും നൽകിയിട്ടുണ്ട്. റഹ്മാൻ, നീന ഗുപ്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ക്രൈം ത്രില്ലറിന്റെ ആദ്യ സീസൺ 2024ൽ ജിയോ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തിരുന്നു. രണ്ടാം സീസണിലും തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് നടൻ റഹ്മാൻ സംസാരിച്ചു.
‘1000 ബേബീസിൽ പ്രവർത്തിച്ച അനുഭവം വളരെ മികച്ചതായിരുന്നു. അണിയറപ്രവർത്തകർ എന്നോട് തിരക്കഥ പറഞ്ഞപ്പോൾ ഞാൻ വളരെയധികം ആവേശത്തിലായിരുന്നു. എന്നാൽ ഇത് ഒരു വെബ് സീരീസാണെന്ന് എനിക്കറിയില്ലായിരുന്നു. മണിക്കൂറുകളോളം അവർ കഥ പറഞ്ഞുതുടർന്നപ്പോൾ ഇത്രയും വലിയൊരു കഥ എങ്ങനെ ഒരു സിനിമയാക്കുമെന്നാണ് ഞാൻ ചിന്തിച്ചത്. അപ്പോഴാണ് ഇതൊരു വെബ് സീരീസാണെന്ന് അവർ വിശദീകരിച്ചത്. എനിക്ക് ഈ പ്രൊജക്റ്റ് വിട്ടുകളയാൻ തോന്നിയില്ല. തമിഴിൽ മറ്റൊരു പ്രൊജക്റ്റ് ഉണ്ടായിരുന്നെങ്കിലും ഇതിന്റെ വിഷയം കൂടുതൽ ആകർഷകമായതുകൊണ്ട് ഞാൻ ഇത് തിരഞ്ഞെടുത്തു. അന്താരാഷ്ട്ര തലത്തിലുള്ള സ്ക്രീനുകളിൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത മികച്ച ഉള്ളടക്കം ഇതിനുണ്ട്. മാത്രമല്ല ഇത് വെറും കെട്ടുകഥയല്ല, ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’ റഹ്മാൻ പറഞ്ഞു.
നജീം കോയ സംവിധാനം ചെയ്ത് 2024ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാളം ക്രൈം ത്രില്ലർ സ്ട്രീമിങ് ടെലിവിഷൻ പരമ്പരയാണ് 1000 ബേബീസ്. നജീം കോയയും അരൂസ് ഇർഫാനും ചേർന്നാണ് പരമ്പരയുടെ രചന നിർവഹിച്ചിരിക്കുന്നത്. ഫൈസ് സിദ്ദിഖാണ് ഛായാഗ്രഹണം. പരമ്പരയുടെ ആദ്യ സീസൺ 2024 ഒക്ടോബർ 18ന് ഡിസ്നി+ ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങി. ഏഴ് എപ്പിസോഡുകളിലായി മലയാളത്തിൽ ചിത്രീകരിച്ച ഈ സൈക്കോളജിക്കൽ ത്രില്ലർ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലും ലഭ്യമാണ്. തന്റെ ഭൂതകാലത്തിലെ കുറ്റകൃത്യങ്ങളുടെ ഓർമകളിൽ വെന്തുരുകി മാനസിക നില തെറ്റി ജീവിക്കുന്ന ഒരു വൃദ്ധയും അവരുടെ കുറ്റകൃത്യത്തിന്റെ പരിണിതഫലം അനുഭവിക്കാൻ വിധിക്കപ്പെട്ട ചില മനുഷ്യരുടെയും കഥയാണ് 1000 ബേബീസ് പറയുന്നത്.
ജോയ് മാത്യു, ഷാജു ശ്രീധർ, ആദിൽ എബ്രഹാം, ശ്രീകാന്ത് മുരളി, രാധിക രാധാകൃഷ്ണൻ, രാധ ഗോമതി, ഇർഷാദ്, അശ്വിൻ കുമാർ, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സ്പാനിഷ് ത്രില്ലർ സീരിസുകളുടെ ഷെയ്ഡ് അവകാശപ്പെടാവുന്ന ഒന്നുകൂടിയാണ് 1000 ബേബീസ്. ശങ്കർ ശർമ്മ സംഗീതവും ധനുഷ് നായനാർ സൗണ്ട് ഡിസൈനിങ്ങും എഡിറ്റിങ് ജോൺകുട്ടിയും നിർവ്വഹിച്ചിരുന്നു. സൈക്കോളജിക്കൽ- മിസ്റ്ററി ത്രില്ലറുകളുടെ ആരാധകർക്ക് ഒരു ബിഞ്ച് വാച്ചിനുള്ള വക ഒരുക്കിയ സീരിസായതിനാൽ തന്നെ അടുത്ത സീസണും പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

