ആ രണ്ട് ദിവസങ്ങൾ എനിക്ക് ഭയമാണ്, 'നീ കഴിഞ്ഞു' എന്ന് ആളുകൾ പറയുന്നതായി തോന്നും; മാധവൻ
text_fieldsതെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് നടൻ ആർ. മാധവൻ. ചോക്ലേറ്റ് ഹീറോയായി വെള്ളിത്തിരയിലെത്തിയ മാധവൻ പിന്നീട് ശക്തമായ നായക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. വ്യത്യസ്മായ കഥാപാത്രങ്ങളിലൂടെ വർഷങ്ങളായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന മാധവൻ ,തന്‍റെ കരിയറിലെ ഏറ്റവും ഭയാനകമായ രണ്ട് നിമിഷങ്ങളെക്കുറിച്ച് പറയുകയാണ്. കൂടാതെ സിനിമയിൽ അതിജീവിക്കുക എന്നു പറയുന്നത് എളുപ്പമല്ലെന്നും 25 വർഷമായി ഇപ്പോഴും ഇവിടെ നിൽക്കുന്നതിൽ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നെന്നും മാധവൻ പുതിയ അഭിമുഖത്തിൽ പറഞ്ഞു.
'സെറ്റിലെ ആദ്യദിവസവും സിനിമ റിലീസ് ചെയ്യുന്ന ദിവസവും ഏറെ ഭയത്തോടെയാണ് ഞാൻ അഭിമുഖീകരിക്കുന്നത്. അന്ന് എല്ലാവരും നമ്മളെയാണ് ഉറ്റുനോക്കുന്നത്. നീ കഴിഞ്ഞു, നിന്റെ കഴിവൊക്കെ നഷ്ടമായി എന്ന് ആളുകള്‍ പറയുന്നതായി എനിക്ക് തോന്നും. അതുപോലെ സിനിമ വ്യവസായത്തിൽ അതിജീവിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. സിനിമയിലെത്തി 25 വർഷങ്ങൾക്ക് ശേഷവും പ്രധാനവേഷങ്ങൾ എന്നെ തേടി എത്തുന്നത് വളരെ നന്ദിയുള്ള കാര്യമാണ്. ആളുകളുടെ പ്രോത്സാഹനമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അല്ലെങ്കിൽ ഞാൻ ഇപ്പോൾ ഒരു നഷ്ടപ്പെട്ട ആത്മാവായി മാറുമായിരുന്നു'- മാധവൻ പറഞ്ഞു.
ഹിസാബ് ബരാബർ ആണ് മാധവന്റെ പുതിയ സിനിമ. സാമ്പത്തിക തട്ടിപ്പ്, അഴിമതി എന്നീ വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമാണിത്.അശ്വനി ധീർ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ റെയിൽവേ ടിക്കറ്റ് പരിശോധകനായ രാധേ മോഹൻ ശർമ്മ എന്ന കഥാപാത്രത്തെയാണ് മാധവൻ അവതരിപ്പിക്കുന്നത്.നീൽ നിതിൻ മുകേഷ്, കീർത്തി കുൽഹാരി,അനിൽ പാണ്ഡെ, രശ്മി ദേശായി, ഫൈസൽ റഷീദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ജിയോ സ്റ്റുഡിയോയുടെയും എസ്പി സിനിമാകോർപ്പ് പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ജ്യോതി ദേശ്പാണ്ഡെ, ശരദ് പട്ടേൽ, ശ്രേയാൻഷി പട്ടേൽ എന്നിവർ ചേർന്നാണ് ഹിസാബ് ബരാബർ നിർമ്മിച്ചിരിക്കുന്നത്. 55-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു, ചിത്രത്തിന്റെ അതുല്യമായ കഥപറച്ചിൽ നിരൂപക പ്രശംസ നേടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

