ആരാധകർക്ക് വിങ്ങലായി ഹർമൻ സിദ്ധുവിന്‍റെ മകളുമൊത്തുള്ള അവസാന വിഡിയോ
text_fieldsപ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു മകളോടൊപ്പമുള്ള മനോഹരമായ ഒരു വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. മകളുടെ അരികിൽ ജമന്തിപ്പൂക്കൾ പിടിച്ച് പുഞ്ചിരിച്ച് നിൽക്കുന്ന ഹർമന്‍റെ ചിത്രം കണ്ടവരാരും അതായിരിക്കും അദ്ദേഹം പങ്കുവെക്കുന്ന കുഞ്ഞിനോടൊപ്പമുള്ള അവസാന ചിത്രമെന്ന് ചിന്തിച്ചിട്ടേയുണ്ടാവില്ല. ഇപ്പോൾ പ്രിയ ഗായകന്‍റെ മരണശേഷം ചിത്രങ്ങൾ കോർത്തിണക്കിയ ആ വിഡിയോ ആരാധകർക്ക് ഹൃദയഭേദകമായ ഓർമയായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നതിനുശേഷം സോഷ്യൽ മീഡിയ ഫീഡുകളിൽ നിറയെ മകളോടൊപ്പമുള്ള അവസാന ചിത്രമാണ്.
ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ ഉണ്ടായ ദാരുണ അപകടമാണ് ഗായകന്‍റെ മരണത്തിന് കാരണമായത്. 37 വയസ്സായിരുന്നു. മൻസ-പട്യാല റോഡിൽ ഖ്യാല ഗ്രാമത്തിൽ വെച്ച് ഹർമന്‍റെ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പി.ടി.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഹർമൻ തന്റെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. വാഹനം പൂർണമായും തകർന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം. പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി വൈകിയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഔദ്യോഗിക അന്വേഷണം നടക്കുകയാണ്.
ഹർമൻ സിദ്ധുവിന്റെ പെട്ടെന്നുള്ള മരണം ആരാധകരെയും സംഗീത ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. 'പേപ്പർ യാ പ്യാർ' എന്ന ഗാനത്തിലൂടെയാണ് ഹർമൻ സിദ്ധു പ്രശസ്തിയിലേക്ക് എത്തിയത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും അദ്ദേഹത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. ഹർമൻ സിദ്ധു മ്യൂസിക് എന്ന പേരിൽ 13.1K സബ്‌സ്‌ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലും ഗായകനുണ്ടായിരുന്നു. പഞ്ചാബി സംഗീത രംഗത്ത് വർഷങ്ങളായി ഹർമാൻ സിദ്ധു സജീവമായിരുന്നു. തന്റെ അതുല്യമായ ശബ്ദം കൊണ്ട് അദ്ദേഹം നിരവധി ആരാധകരെ നേടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

