‘ഭരണമാറ്റം വേണം, പക്ഷേ അത് ഭരണഘടനാപരമായിരിക്കണം’; ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ലെന്ന് പ്രകാശ് രാജ്
text_fieldsപ്രകാശ് രാജ്
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. രാജ്യത്ത് നിലവിലുള്ള ഭരണകൂടം മാറേണ്ടത് അനിവാര്യമാണെന്ന് തുറന്നടിച്ച അദ്ദേഹം, എന്നാൽ അത് അയൽരാജ്യങ്ങളിലെപ്പോലെ അക്രമങ്ങളിലൂടെയല്ല, മറിച്ച് ജനാധിപത്യപരമായ മാർഗ്ഗത്തിലൂടെയും ഭരണഘടനാപരമായ തെരഞ്ഞെടുപ്പിലൂടെയുമാണ് യാഥാർത്ഥ്യമാക്കേണ്ടതെന്ന് വ്യക്തമാക്കി.
ബഹുജന പ്രക്ഷോഭങ്ങളെ തുടർന്ന് ഭരണകൂടങ്ങൾ അട്ടിമറിക്കപ്പെട്ട ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിലെ സംഭവവികാസങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രകാശ് രാജ് ഇന്ത്യയുടെ ശക്തമായ ജനാധിപത്യ അടിത്തറയെക്കുറിച്ച് സംസാരിച്ചത്.
രാജ്യത്ത് നിലവിലെ ഭരണകൂടത്തെ പുറത്താക്കണമെന്ന ജനവികാരം ശക്തമാണെന്നും, അത് ജനാധിപത്യപരമായി തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ വരാനിരിക്കുന്ന 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെയുള്ള നീണ്ട രാഷ്ട്രീയ പോരാട്ടങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമായ സൂചന നൽകി.
‘നാം നേപ്പാളോ ബംഗ്ലാദേശോ അല്ല. നമുക്ക് ബി.ആർ. അംബേദ്കറുടെ ദർശനങ്ങളുണ്ട്, മഹാത്മാ ഗാന്ധിയുടെ ആദർശങ്ങളുണ്ട്, ഭഗത് സിങ്ങിന്റെ ധീരതയുണ്ട്. ഏറ്റവും പ്രധാനമായി നമുക്കൊരു ഭരണഘടനയും വോട്ടവകാശമെന്ന ആയുധവുമുണ്ട്’ പ്രകാശ് രാജ് ഓർമിപ്പിച്ചു.
ഡൽഹിയിൽ 'തിരംഗ മാർച്ച്' ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള സമരക്കാരെ ഡൽഹി പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തിരുന്നു. ഈ നടപടിക്ക് പിന്നാലെയാണ് പ്രകാശ് രാജ് മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയത്.
വോട്ടർ പട്ടികയിലെ വിപുലമായ പരിഷ്കരണത്തിൽ വൻതോതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ചും, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമാണ് ഇവർ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധിക്കുന്ന ജനങ്ങളുടെ ശബ്ദങ്ങളെ ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ച് പൂർണ്ണമായി നിശബ്ദമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തി. ജനങ്ങളുമായി സംഭാഷണത്തിന് തയ്യാറാകാതെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗം നടത്തുന്നതാണ് സർക്കാരിനെതിരെയുള്ള അമർഷവും ഭരണമാറ്റത്തിനായുള്ള ആവശ്യവും കൂടുതൽ ശക്തമാക്കുന്നത്.
സമാധാനപരമായ പ്രതിഷേധങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും അരാജകത്വം എന്ന് മുദ്രകുത്തി തള്ളിക്കളയാനുള്ള ശ്രമങ്ങളെ അദ്ദേഹം ശക്തമായി എതിർത്തു. ഞങ്ങളുടെ കയ്യിൽ രാജ്യത്തെ തകർക്കാൻ മാരകായുധങ്ങളൊന്നുമില്ല. ഞങ്ങളുടെ ഏറ്റവും വലിയ ശക്തി ഈ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശവുമാണ്. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാനും, സമാധാനപരമായി തെരുവിൽ പ്രതിഷേധിക്കാനും, വോട്ടിലൂടെ വിധിയെഴുതാനും പൗരന്മാർക്ക് ഭരണഘടന നൽകിയ അവകാശമാണ് ഞങ്ങൾ വിനിയോഗിക്കുന്നത്’ പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
ദേശീയപതാകയും കയ്യിലേന്തി സമാധാനപരമായി പ്രതിഷേധിക്കാനിറങ്ങിയ യുവാക്കളെ പൊലീസ് തടഞ്ഞ നടപടിയെയും അദ്ദേഹം കനത്ത ഭാഷയിൽ ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപ് നടത്തിയ 'ഹർ ഘർ തിരംഗ' ക്യാമ്പയിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. ‘നിങ്ങളുടെ ഹർ ഘർ തിരംഗ ആഹ്വാനത്തിന് ഇപ്പോൾ എന്ത് പറ്റി മോദിജി? ഈ രാജ്യത്തെ യുവാക്കൾ കൈകളിൽ ദേശീയപതാകയേന്തി സമാധാനത്തോടെ നടക്കാൻ ആഗ്രഹിക്കുമ്പോൾ അവരെ എന്തിനാണ് തടയുന്നത്? പ്രകാശ് രാജ് ചോദിച്ചു.
സമരത്തിനിടയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്ക് നേരെ പൊലീസ് അതിക്രമങ്ങൾ ഉണ്ടായതായി അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ പാർലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ രീതിയിൽ ശബ്ദമുയർത്തണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. കർഷക സംഘടനകൾ, സംയുക്ത കിസാൻ മോർച്ച, രാജ്യത്തെ വിവിധ സിവിൽ സൊസൈറ്റി കൂട്ടായ്മകൾ എന്നിവയുടെ പിന്തുണയോടെ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമായ ജനകീയ പ്രക്ഷോഭമായി തെരുവുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

