കരിഷ്മ കപൂറിന്റെ മക്കളുടെ സ്കൂൾ ഫീസ് അടക്കാൻ ഫണ്ട് അനുവദിക്കണം; സ്വത്ത് തർക്കത്തിനിടയിൽ കോടതിയെ സമീപിച്ച് പ്രിയാ സച്ച്ദേവ്
text_fieldsഅന്തരിച്ച പ്രമുഖ വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്തുക്കളെച്ചൊല്ലിയുള്ള നിയമപോരാട്ടം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സഞ്ജയ്‌യുടെ അമ്മ റാണി കപൂർ, അദ്ദേഹത്തിന്റെ ഭാര്യ പ്രിയാ സച്ച്ദേവ്, സഞ്ജയ്‌യുടെ മുൻഭാര്യയും ബോളിവുഡ് നടിയുമായ കരിഷ്മ കപൂർ എന്നിവർക്കിടയിലാണ് ഈ തർക്കം നിലനിൽക്കുന്നത്. എന്നാൽ ഈ കുടുംബവഴക്കിനിടയിലും, കരിഷ്മ കപൂറിലുള്ള സഞ്ജയിന്റെ മക്കളായ സമൈറ, കിയാൻ എന്നിവരുടെ സ്കൂൾ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും മുടങ്ങാതിരിക്കാൻ പ്രിയാ സച്ച്ദേവ് തന്നെ നേരിട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.
കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതി, പ്രിയ സമർപ്പിച്ച അപേക്ഷയിന്മേൽ ഔദ്യോഗികമായി നോട്ടീസ് അയച്ചു. അന്തരിച്ച സഞ്ജയ് കപൂറിന്റെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ അനുവദിക്കണമെന്നാണ് പ്രിയ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മക്കളായ സമൈറയുടെയും കിയാന്റെയും പഠനച്ചെലവുകൾക്കായി ഈ തുക ഉപയോഗിക്കാൻ അനുമതി നൽകണമെന്നാണ് അപേക്ഷയിലുള്ളത്. മേയ് 26-ന് ഈ ഹർജി പരിഗണിച്ച കോടതി, മുൻപ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ചില വ്യക്തതകളും മാറ്റങ്ങളും വരുത്താൻ തയാറായിട്ടുണ്ട്.
നേരത്തെ, ഏപ്രിൽ 30-ലെ കോടതി ഉത്തരവ് പ്രകാരം സഞ്ജയ് കപൂറിന്റെ വ്യക്തിഗത സ്വത്തുക്കളും കോർപ്പറേറ്റ് ഓഹരികളും കൈമാറ്റം ചെയ്യുന്നതിനോ വിനിയോഗിക്കുന്നതിനോ വിലക്കുണ്ടായിരുന്നു. എന്നാൽ കുട്ടികളുടെ അത്യാവശ്യ കാര്യങ്ങൾക്കായി ഇതിൽ ഇളവ് നൽകിയിരുന്നു. ഇപ്പോൾ പ്രിയയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചത്, പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പിൻവലിക്കുന്ന തുക പൂർണ്ണമായും കുട്ടികളുടെ സ്കൂൾ ഫീസിനും മറ്റ് അക്കാദമിക് ആവശ്യങ്ങൾക്കും മാത്രമായിരിക്കും ഉപയോഗിക്കുക എന്നാണ്. മുൻപ് ഒരു കോടതി വാദത്തിനിടയിൽ, സമൈറയുടെ കോളേജ് ഫീസ് അടച്ചിട്ടില്ലെന്ന് കരിഷ്മയുടെ അഭിഭാഷകർ ആരോപിച്ചിരുന്നുവെങ്കിലും, ഒരു സെമസ്റ്ററിലേക്ക് 95 ലക്ഷം രൂപ ഇതിനകം തന്നെ അടച്ചുതീർത്തതിന്റെ രസീതുകൾ പ്രിയയുടെ അഭിഭാഷകർ കോടതിയിൽ ഹാജരാക്കി ആ വാദം തെറ്റാണെന്ന് തെളിയിച്ചിരുന്നു.
2025 ജൂൺ 12-ന് ഇംഗ്ലണ്ടിൽ വെച്ച് ഒരു പോളോ മത്സരത്തിനിടയിൽ കുഴഞ്ഞുവീണായിരുന്നു 53 വയസ്സുകാരനായ സഞ്ജയ് കപൂറിന്റെ അപ്രതീക്ഷിത വിയോഗം. 2017-ലാണ് സഞ്ജയും പ്രിയയും വിവാഹിതരായത്, ഇവർക്ക് അസാരിയസ് എന്നൊരു മകനുണ്ട്. സഞ്ജയ്‌യുടെ മരണശേഷമാണ് കുടുംബത്തിൽ സ്വത്തുതർക്കം രൂക്ഷമായത്. സഞ്ജയ്‌യുടെ വ്യാജ ഒസ്യത്ത് ഉണ്ടാക്കിയാണ് പ്രിയ മുഴുവൻ സ്വത്തുക്കളും സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്ന് കാണിച്ച് കരിഷ്മയുടെ മക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സ്വത്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി പ്രിയയോട് നിർദ്ദേശിച്ചു. നിലവിൽ സഞ്ജയ്‌യുടെ പ്രായമായ അമ്മയുടെ ആരോഗ്യവും സംരക്ഷണവും മുൻനിർത്തി വിഷയം പരസ്പര ധാരണയോടെ ഒത്തുതീർപ്പാക്കാൻ സുപ്രീം കോടതിയും കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

