ഒരു ഗ്ലാസ് വെള്ളം പോലും എടുക്കാൻ കഴിയാതെ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്; ശാരീരിക മാറ്റങ്ങളെക്കുറിച്ച് പ്രിയ മോഹൻ
text_fieldsദ ക്യാമ്പസ്, ഉത്തരം പറയാതെ തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയമായ താരമാണ് പ്രിയ മോഹൻ. തന്റെ ശാരീരിക മാറ്റങ്ങളെക്കുറിച്ച് മോശം കമന്റുകൾ പങ്കുവെക്കുന്നവർക്ക് മറുപടിയുമായി നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പ്രിയ മോഹൻ രംഗത്ത്. താൻ നേരിടുന്ന വിട്ടുമാറാത്ത ആരോഗ്യപ്രശ്നവും അതിനായി കഴിക്കുന്ന സ്റ്റിറോയിഡ് മരുന്നുകളുടെ പാർശ്വഫലവുമാണ് ശരീരഭാരം കൂടാൻ കാരണമെന്ന് പ്രിയ വെളിപ്പെടുത്തി. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പ്രിയ വിമർശകർക്ക് മറുപടി നൽകിയത്.
‘അതെ, എന്റെ ശരീരഭാരം കൂടിയിട്ടുണ്ട്. മുഖവും കണ്ണുകളും വീർത്തതുപോലെ തോന്നാം. എപ്പോഴും തളർച്ച അനുഭവപ്പെടാറുണ്ട്. ഇതെല്ലാം ഞാൻ നേരിടുന്ന ഫൈബ്രോമയാൾജിയ എന്ന രോഗത്തിന് കഴിക്കുന്ന മരുന്നുകളുടെ ഫലമാണ്. പ്രിയ കുറിച്ചു. സൗന്ദര്യത്തേക്കാൾ താൻ ഇപ്പോൾ പ്രാധാന്യം നൽകുന്നത് ആരോഗ്യത്തിനാണെന്നും ജീവിക്കാൻ അനുവദിക്കൂ എന്നും പ്രിയ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷമാണ് താൻ ഈ രോഗവുമായി മല്ലിടുകയാണെന്ന് പ്രിയയും ഭർത്താവും മുൻ നടനുമായ നിഹാൽ പിള്ളയും വെളിപ്പെടുത്തിയത്. ആ സമയത്തെ തന്റെ അവസ്ഥ ഭീകരമായിരുന്നെന്നും പ്രിയ പറയുന്നു. ‘മകനെ എടുക്കാനോ അവന് ഭക്ഷണം നൽകാനോ പോലും കഴിയാത്തത്ര വേദനയായിരുന്നു. കിടക്കയിൽ നിന്ന് എഴുന്നേൽക്കാനും വസ്ത്രം മാറാനും മറ്റൊരാളുടെ സഹായം വേണമായിരുന്നു. ഒരു ഗ്ലാസ് വെള്ളം പോലും എടുക്കാൻ കഴിയാതെ, എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ശാരീരിക വേദനകൾക്കൊപ്പം തന്നെ കടുത്ത വിഷാദത്തിലൂടെയും ഉറക്കമില്ലായ്മയിലൂടെയും താൻ കടന്നുപോയെന്നും പ്രിയ വെളിപ്പെടുത്തി. ഇത്രയേറെ പ്രതിസന്ധികൾക്കിടയിലും പ്രിയയും നിഹാലും തങ്ങളുടെ വ്ലോഗുകളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമാണ്.
എന്താണ് ഫൈബ്രോമയാൾജിയ?
പേശികളിലും സന്ധികളിലും അതിശക്തമായ വേദന ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണിത്. ശരീരമാസകലം അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന, കഠിനമായ ക്ഷീണവും ഉറക്കമില്ലായ്മയും, കാര്യങ്ങൾ ശ്രദ്ധിക്കാനും ഓർത്തെടുക്കാനുമുള്ള പ്രയാസം, വിഷാദവും ഉത്കണ്ഠയുമൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. കുടുംബത്തിൽ ആർക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കിൽ വരാൻ സാധ്യതയുണ്ട്. ചില വൈറൽ രോഗങ്ങൾക്ക് ശേഷം ഇത് കണ്ടുവരാറുണ്ട്. അപകടങ്ങൾ അല്ലെങ്കിൽ കടുത്ത മാനസിക സമ്മർദ്ദം ഈ രോഗത്തിന് കാരണമായേക്കാം. ഇതൊരു ജീവിതകാലം മുഴുവൻ നീണ്ടുനിന്നേക്കാവുന്ന അവസ്ഥയാണെങ്കിലും കൃത്യമായ ചികിത്സയിലൂടെ ലക്ഷണങ്ങൾ കുറക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

