'എന്നെ വളർത്തിയത് മലയാളി പ്രേക്ഷകർ, അവർക്ക് വിമർശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്' -പൃഥ്വിരാജ്
text_fieldsതന്റെ പുതിയ ചിത്രമായ 'വിലായത്ത് ബുദ്ധ'യുടെ ട്രെയിലർ ലോഞ്ചിൽ മലയാളി പ്രേക്ഷകരെ പ്രശംസിച്ച് പൃഥ്വിരാജ് സുകുമാരൻ. തന്റെ സിനിമകളെ വിമർശിക്കാൻ എല്ലാ അവകാശവും മലയാളികൾക്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിലർ ലോഞ്ചിന് എത്തിയ ആരാധകർ കരഘോഷത്തോടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെ സ്വീകരിച്ചത്. 'എന്നെ വളർത്തിയത് മലയാളി പ്രേക്ഷകരാണ്, അവർക്ക് എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്' -എന്ന് നടൻ പറഞ്ഞു.
വിമർശനങ്ങളെ ലളിതമായി എങ്ങനെ മറികടക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു നടൻ. താൻ ട്രെയിലർ ലോഞ്ചിന് വരുമ്പോൾ ഇത്രയും വലിയ ആൾക്കൂട്ടം ഉള്ളത് പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹവും പ്രതീക്ഷകളും കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. തന്നിലെ തെറ്റുകൾ ചൂണ്ടികാണിക്കാൻ ഏറ്റവും അവകാശമുള്ളത് മലയാളി പ്രേക്ഷകർക്കാണെന്നും പൃഥ്വിരാജ് പറഞ്ഞു. തന്‍റെ പരിമിതമായ കഴിവിന്‍റെ 100 ശതമാനം എല്ലാ സിനിമയിലും നൽകും എന്നതാണ് പ്രേക്ഷകരോട് ചെയ്യാൻ കഴിയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായാണ് 'വിലായത്ത് ബുദ്ധ'യിൽ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്. കാടും നാടും വിറപ്പിച്ച ഡബിൾ മോഹനന്‍റെ കഥ ഒരു ഗംഭീര ദൃശ്യ വിസ്മയം തന്നെയാകുമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ നിർമിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാരാണ്.
ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആർ. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

