'വിവാഹത്തേക്കാൾ മുൻഗണന സ്വന്തം കരിയറിന് നൽകൂ, നമ്മളെ രക്ഷിക്കാൻ മറ്റാരും വരില്ല'; ട്വിഷ ശർമ്മയുടെ വിയോഗത്തിൽ കങ്കണ റണാവത്
text_fieldsഭോപ്പാലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 33-കാരിയായ മുൻ നടി ട്വിഷ ശർമ്മ മരണപ്പെട്ട വാർത്ത രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ഈ ദാരുണമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിവാഹിതരായ യുവതികൾ നേരിടുന്ന സമാനമായ പ്രതിസന്ധികളെക്കുറിച്ച് തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് നടിയും രാഷ്ട്രീയപ്രവർത്തകയുമായ കങ്കണ റണാവത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ ഈ വിഷയത്തിൽ മനസ്സ് തുറന്നത്.
വിവാഹിതരായ യുവതികൾ ദാരുണമായി മരണപ്പെടുന്ന വാർത്തകൾ ദിവസേന പുറത്തുവരുന്നുണ്ടെന്ന് കങ്കണ വിഷമത്തോടെ കുറിച്ചു. വിദ്യാസമ്പന്നരായ പല പെൺകുട്ടികളും തങ്ങൾ അനുഭവിക്കുന്ന ശ്വാസംമുട്ടിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് രക്ഷിക്കണമെന്ന് മരണം സംഭവിക്കുന്നതിന് മുൻപ് സ്വന്തം മാതാപിതാക്കളോട് കെഞ്ചാറുണ്ട്. എന്നാൽ നിർഭാഗ്യവശാൽ, ഒരു പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞാൽ അവളെ കൈവിടുന്ന രീതിയാണ് ഇന്ത്യൻ സമൂഹത്തിനുള്ളതെന്ന് കങ്കണ കുറ്റപ്പെടുത്തി.
സോഷ്യൽ മീഡിയയോ ഫാഷൻ-ഡേറ്റിങ് വ്യവസായങ്ങളോ പറഞ്ഞുതരാത്ത ഒരു സുപ്രധാന ഉപദേശമാണ് തനിക്ക് യുവതികൾക്ക് നൽകാനുള്ളതെന്ന് കങ്കണ വ്യക്തമാക്കി. ജീവിതത്തിൽ മറ്റാരെക്കാളും മറ്റെന്തിനേക്കാളും പ്രാധാന്യം സ്വന്തം കരിയറിന് നൽകണം. സാമ്പത്തികമായും വ്യക്തിപരമായും പൂർണ്ണ സ്വാതന്ത്ര്യം നേടിയതിനുശേഷം മാത്രമായിരിക്കണം വിവാഹത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. സ്വന്തം ജീവിതത്തിലെ ഹീറോ മറ്റാരുമല്ല, നമ്മൾ തന്നെയായിരിക്കണം. നമ്മളെ രക്ഷിക്കാൻ മറ്റാരും വരില്ലെന്ന തിരിച്ചറിവുണ്ടാകണം.
ആരെയാണ് വിവാഹം കഴിക്കുന്നത് എന്നതിനേക്കാൾ പ്രധാനം, നമ്മൾ എന്താണ് ചെയ്യുന്നതെന്നും നമ്മൾ ആരായിത്തീരുന്നു എന്നുമാണെന്ന് കങ്കണ ഓർമ്മിപ്പിച്ചു. മറ്റുള്ളവരുടെ വാക്കുകൾക്ക് കാതോർക്കാതെ തനിക്കാഗ്രഹമുള്ള ഒരു ജീവിതം സ്വന്തമായി കെട്ടിപ്പടുക്കാൻ ഓരോ യുവതിയും തയാറാകണമെന്നും താരം കൂട്ടിച്ചേർത്തു.
മെയ് 12-നാണ് ഭോപ്പാലിലെ കടാര ഹിൽസിലുള്ള ഭർതൃവീട്ടിൽ ട്വിഷ ശർമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ട്വിഷയുടെ ഭർത്താവും അഭിഭാഷകനുമായ സമർത്ഥ് സിങ്, മുൻ ജില്ലാ ജഡ്ജി കൂടിയായ ഭർതൃമാതാവ് ഗിരിബാല സിങ് എന്നിവർക്കെതിരെ സ്ത്രീധന പീഡന മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നിരന്തരമായ സ്ത്രീധന പീഡനം, സ്വഭാവഹത്യ, ഗർഭധാരണവുമായി ബന്ധപ്പെട്ടുണ്ടായ മാനസിക സമ്മർദ്ദങ്ങൾ എന്നിവയാണ് ട്വിഷയെ മരണത്തിലേക്ക് നയിച്ചതെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

