'ഗവർണറുടെ പെരുമാറ്റം അങ്ങേയറ്റം അരോചകവും ഭരണഘടനാ വിരുദ്ധവുമാണ്'; പരസ്പര എതിർപ്പുകൾ നിലനിൽക്കെ വിജയ്‌യെ പിന്തുണച്ച് പ്രകാശ് രാജ്
text_fieldsതമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കരസ്ഥമാക്കിയ വിജയ് ഇപ്പോൾ അപ്രതീക്ഷിത തടസ്സങ്ങൾ നേരിടുകയാണ്. തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയെങ്കിലും അധികാരം ഏറ്റെടുക്കുന്നതിന് മുൻപായി ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആവശ്യപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. വിജയിയുമായി ആശയപരമായ എതിർപ്പുകൾ ഉണ്ടെന്ന് തുറന്നു സമ്മതിക്കുമ്പോഴും, ഗവർണറുടെ ഈ നിലപാടിനെതിരെ നടൻ പ്രകാശ് രാജ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
ഗവർണർ മനഃപൂർവം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് വിജയ് ആരാധകർ പങ്കുവെച്ച ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരെ ഗവർണർ അപമാനിക്കുകയാണെന്നും ആ പദവി തന്നെ നിർത്തലാക്കണമെന്നുമാണ് ആരാധകരുടെ പക്ഷം. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട്, ഗവർണറുടെ പെരുമാറ്റം അങ്ങേയറ്റം അരോചകവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രകാശ് രാജ് വിമർശിച്ചു. രാഷ്ട്രീയപരമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും ജനവിധി മാനിക്കപ്പെടണമെന്നും, സഭക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയിക്ക് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെയ് 4-ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 234 സീറ്റുകളിൽ 108 എണ്ണവും നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. എന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യയിൽ എത്താൻ അവർക്ക് കഴിഞ്ഞില്ല. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതോടെ നിലവിൽ 112 അംഗങ്ങളുടെ പിന്തുണ വിജയിക്കുണ്ടെങ്കിലും, ഭൂരിപക്ഷത്തിന് ഇനിയും അഞ്ച് അംഗങ്ങളുടെ കുറവുണ്ട്. ഈ സാഹചര്യത്തിലാണ് പിന്തുണക്കുന്ന എം.എൽ.എമാരുടെ പട്ടിക ഹാജരാക്കാൻ ഗവർണർ നിർദ്ദേശിച്ചത്.
ടി.വി.കെക്ക് മതിയായ ഭൂരിപക്ഷമില്ലെന്ന് ഗവർണറുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചതോടെ സർക്കാർ രൂപീകരണം പ്രതിസന്ധിയിലായി. നിയമപരമായ വഴികൾ തേടാൻ പാർട്ടിയിലെ മുതിർന്ന നേതാക്കൾ വിജയിയോട് നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയത്തിൽ സജീവമാകുന്നതോടെ വിജയ് തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കുമെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

