‘അബിർ ഗുലാലി’നെ പിന്തുണച്ച് പ്രകാശ് രാജ്
text_fieldsപഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് താരം ഫവാദ് ഖാനും വാണി കപൂറും അഭിനയിച്ച ‘അബിർ ഗുലാൽ’ സിനിമയുടെ പ്രദർശനം നിരോധിച്ചതിനെതിരെ നടൻ പ്രകാശ് രാജ്. അതിർത്തികൾക്കതീതമായി ചിന്തിക്കാനും നല്ല ചിത്രങ്ങളെ സ്വീകരിക്കാനും പ്രേക്ഷകർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കല ആളുകളെ ഒന്നിപ്പിക്കാനുള്ളതാണ്, ഭിന്നിപ്പിക്കാനുള്ളതല്ല.
ബാല പീഡനം, അശ്ലീലം പോലുള്ളവയുണ്ടെങ്കിലൊഴികെ വിവാദ ഉള്ളടക്കങ്ങളുള്ള സിനിമകൾ നിരോധിക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായം. സിനിമ കാണാനും അഭിപ്രായം രൂപവത്കരിക്കാനുമുള്ള അവസരം പ്രേക്ഷകർക്കുണ്ടാകണം. സിനിമകളെ ചുറ്റിപ്പറ്റിയുള്ള പ്രതിഷേധം ഭയം സൃഷ്ടിക്കാനുള്ള ബോധപൂർവമായ തന്ത്രത്തിന്റെ ഭാഗമാണ്. ‘പഠാൻ’ സിനിമയിലെ ദീപിക പദുക്കോണിന്റെ വസ്ത്രത്തിന്റെ നിറത്തിന്റെപേരിലുണ്ടായ ഭീഷണി അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സെൻസർഷിപ് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഈ വ്യവസ്ഥാപിതമായ സമ്മർദം ആവിഷ്കാര സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണ്. ഭാവിയിൽ എന്തെങ്കിലും സൃഷ്ടിക്കുന്നതിന് മുമ്പുതന്നെ സ്വയം സെൻസർ ചെയ്യാൻ ഇത് നിർബന്ധിതമാക്കും. സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിട്ടും, ഗോധ്ര കലാപത്തിന്റെ ചിത്രീകരണത്തിന്റെ പേരിൽ ഭീഷണി നേരിട്ട ‘എമ്പുരാൻ’ ഇതിന് ഉദാഹരണമാണ്. നടൻ മോഹൻലാലിന് ക്ഷമാപണം നടത്തേണ്ടി വരികയും ചില രംഗങ്ങൾ എഡിറ്റ് ചെയ്യേണ്ടിയും വന്നു.
‘ദി കശ്മീർ ഫയൽസ്’ പോലുള്ള ചിത്രങ്ങൾ സുഗമമായി റിലീസ് ചെയ്തപ്പോൾ ചില ചിത്രങ്ങൾക്കെതിരെ ഭീഷണി ഉയർന്നു. ഇത്തരം തെരഞ്ഞെടുത്ത പ്രതിഷേധങ്ങൾ നടത്തുന്നത് ഏതെങ്കിലും ഒരു പാർട്ടി മാത്രമല്ല. എന്നാൽ, കേന്ദ്ര സർക്കാർ അത്തരം അസഹിഷ്ണുതയെ പിന്തുണക്കുമ്പോൾ സ്ഥിതി കൂടുതൽ ആശങ്കാജനകമാകും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

