'ആരാധകരെ വഞ്ചിക്കുന്നത് നിർത്തൂ'; പവൻ കല്യാണിന്റെ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്
text_fieldsപവൻ കല്യാണിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഹരി ഹര വീര മല്ലു. വർഷങ്ങൾക്ക് ശേഷം പവൻ കല്യാണിന്റെ സിനിമയിലേക്കുള്ള ഗംഭീര തിരിച്ചുവരവായിരുന്നു ഹരി ഹര വീര മല്ലു എന്ന് കരുതപ്പെട്ടിരുന്നു. എല്ലാ ഹൈപ്പുകളും, വമ്പൻ സെറ്റുകളും ഒരു ചരിത്ര കഥയും ഉണ്ടായിരുന്നിട്ടും പടം ബോക്സ് ഓഫിസിൽ അത്ര വിജയം കണ്ടില്ല. ഓപ്പണിങ് ദിനം തുടങ്ങി ആറാം ദിവസം വരെ ഇന്ത്യയിൽ 79.10 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ പവൻ കല്യാണിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് പ്രകാശ് രാജ്.
സിനിമയുടെ സത്യസന്ധതയില്ലായ്മയെ അദ്ദേഹം വിമർശിക്കുകയും മോശം പ്രകടനത്തിന് പവനെ കുറ്റപ്പെടുത്തുകയും ചെയ്തു. പവൻ പ്രൊമോഷനുകൾക്ക് വന്നതുപോലെ ആത്മാർത്ഥതയോടെ ഷൂട്ടിങ്ങിനും വന്നിരുന്നെങ്കിൽ ചിത്രം രണ്ട് വർഷം മുമ്പ് റിലീസ് ചെയ്യുമായിരുന്നു. തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ കഥ മാറ്റി പദ്ധതി അഞ്ച് വർഷത്തേക്ക് വൈകിപ്പിച്ചു. നിർമാതാവിനെയും ആരാധകരെയും വഞ്ചിക്കുകയല്ലേ ചെയ്യുന്നതെന്നും പ്രകാശ് രാജ് പറയുന്നു.
വിജയസമ്മേളനത്തിനിടെ പവൻ നടത്തിയ വിവാദ പ്രസംഗത്തെയും പ്രകാശ് രൂക്ഷമായി വിമർശിച്ചു. ഓൺലൈൻ നെഗറ്റീവിറ്റിക്കെതിരെ പോരാടാൻ ആരാധകരോട് അദ്ദേഹം മൗനം പാലിക്കരുതെന്ന് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ആരാധകരെ സൈന്യത്തെപ്പോലെയാണോ പരിശീലിപ്പിക്കുന്നത്? ആളുകൾ വിഡ്ഢികളല്ല. മോശം ഉള്ളടക്കവും അഹങ്കാരത്തോടെയുള്ള പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾ ആരാധകരെ ഉപയോഗിക്കുകയാണ് പ്രകാശ് രാജ് പറഞ്ഞു.
പവൻ കല്യാൺ, ബോബി ഡിയോൾ, നിധി അഗർവാൾ, സത്യരാജ് എന്നിവർ അഭിനയിക്കുന്ന രണ്ട് ഭാഗങ്ങളുള്ള പീരിയഡ് ഡ്രാമയാണ് ഹരി ഹര വീര മല്ലു. ഔറംഗസേബിൽ നിന്ന് കോഹിനൂർ മോഷ്ടിക്കാൻ വാടകക്കെടുക്കുന്ന ഒരു കള്ളനെ പിന്തുടരുന്ന കഥയാണിത്. മുഗൾ ഭരണത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നത്. കൃഷ് ജഗർലമുഡി സംവിധാനം ചെയ്ത ഈ ചിത്രം പിന്നീട് ജ്യോതി കൃഷ്ണയാണ് പൂർത്തിയാക്കിയത്. ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും രണ്ടാം ഭാഗം ഉടൻ ആരംഭിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

