പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; നടനെ ഹിന്ദുവിരുദ്ധനും ധർമദ്രോഹിയുമാക്കി ഹിന്ദുത്വ ഗ്രൂപ്പ്
text_fieldsകുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് പ്രദീപ് രംഗനാഥൻ. മമിത ബൈജുവിനൊപ്പം അഭിനയിച്ച ഡ്യൂഡാണ് പ്രദീപിന്‍റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ, താരം കേരളത്തിലെ ഭക്ഷണത്തെക്കുറിച്ച് പറഞ്ഞ ഒരു വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയാണ്. ഇതുവഴി വലിയ സൈബർ ആക്രമണമാണ് അദ്ദേഹത്തിന് നേരിടേണ്ടി വരുന്നത്.
ഡ്യൂഡ് സിനിമയുടെ പ്രമോഷന് വേണ്ടിയാണ് പ്രദീപ് കേരളത്തിൽ എത്തിയത്. എയർപോർട്ടിലെത്തിയ നടനോട് കേരളത്തിലെ ഭക്ഷണത്തെക്കുറിച്ചുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് പൊറോട്ടയും ബീഫും കഴിക്കണമെന്നുണ്ട് എന്നായിരുന്നു മറുപടി. രണ്ട് മാസം മുമ്പുള്ള, വെറും സെക്കന്‍റുകൾ മാത്രം ദൈർഘ്യമുള്ള ഈ വിഡിയോ സമൂഹമാധ്യമത്തിൽ ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്. സനാതന്‍ കന്നഡ എന്ന പേജ് എക്‌സില്‍ പങ്കുവെച്ച വിഡിയോ കണ്ട പലരും നടനെതിരെ രംഗത്തെത്തി. അപമാനിക്കാൻ ഹിന്ദിയിൽ ഉപയോഗിക്കുന്ന ‘ചപ്രി’ എന്ന വാക്ക് ഉപയോഗിച്ചാണ് ഭൂരിഭാഗം പേരും പ്രദീപ് രംഗനാഥനെ വിമർശിച്ചത്.
ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പ്രദീപ് ധര്‍മദ്രോഹിയാണെന്നും പലരും ആരോപിച്ചു. ഇയാൾ നടനാണോ എന്നും ഇതോടെ സിനിമ ജീവിതം അവസാനിച്ചെന്നും ചിലർ കമന്‍റുകളിൽ പറയുന്നു. വംശീയ അധിക്ഷേപം നടത്തുന്ന ചില കമന്‍റുകളും പോസ്റ്റിന് വരുന്നുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞ ഒരു വ്യക്തിയെ ഹിന്ദുത്വ ഗ്രൂപ്പ് കൂട്ടമായി ആക്രമിക്കുകയാണ്. വലിയ സൈബർ അറ്റാക്കാണ് നിലവിൽ നടന് നേരിടേണ്ടിവരുന്നത്. നടന്‍റെ നിറത്തെയും രൂപത്തെയുമൊക്കെ ഒരു മര്യാദയുമില്ലാതെയാണ് ഹിന്ദുത്വവാദികൾ ആക്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

