'സ്വീറ്റിക്കും മുഴുവൻ ടീമിനും എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു...' അനുഷ്ക ഷെട്ടിക്കും കത്തനാർ ടീമിനും ആശംസ അറിയിച്ച് പ്രഭാസ്
text_fieldsകത്തനാർ സിനിമയുടെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ അടുത്ത പൊൻതൂവൽ ആകുമെന്നാണ് ഇതിനോടകം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സിനിമ മേഖലയിലും പുറത്തുമുള്ള പലരും ട്രെയിലറിന് പ്രശംസ അറിയിച്ച് എത്തുന്നുണ്ട്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രത്തിന്‍റെ ട്രെയിലർ പങ്കുവെച്ചുകൊണ്ട് ടീമിന് ആശംസകൾ അറിയിച്ചു.
'കത്തനാർ ട്രെയിലർ വളരെ ആകർഷകവും പ്രതീക്ഷ നൽകുന്നതുമാണ്... ദൃശ്യങ്ങളും, സ്കെയിലും, നിങ്ങൾ എല്ലാവരും ചേർന്ന് സൃഷ്ടിച്ച ലോകവും വളരെ ഇഷ്ടപ്പെട്ടു... സ്വീറ്റിക്കും മുഴുവൻ ടീമിനും എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു' പ്രഭാസ് കുറിച്ചു. അനുഷ്ക ഷെട്ടിയും പ്രഭാസും വളരെകാലമായി അടുത്ത സുഹൃത്തുക്കളാണ്. അനുഷ്കയുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും അവരെ സ്നേഹപൂർവ്വം സ്വീറ്റി എന്നാണ് വിളിക്കാറ്. പ്രഭാസിന്‍റെ ഈ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനകംതന്നെ വലിയ ആരാധക പിന്തുണയുണ്ട്. മനുഷ്യശക്തിക്ക് അതീതമായ ചില അനുഭവങ്ങളാണ് സിനിമയിലൂടെ ആവിഷ്കരിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. അദൃശ്യമായ അമാനുഷിക ശക്തിയേയും അതിന്‍റെ പിന്നിലെ അത്ഭുങ്ങളും പ്രേഷകരുടെ മുന്നിൽ എത്തിക്കാനാണ് ടീം ശ്രമിക്കുന്നത്. വലിയ ജനപ്രീതി നേടിയ ഫിലിപ്സ് ആന്‍റ് മങ്കി പെൻ, ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിൻ തോമസ്. ആയതിനാൽ തന്നെ റോജിൻ തോമസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന അടുത്ത ചിത്രം അത്രതന്നെ പ്രതീക്ഷ നൽകുന്നതാണ്.
ചരിത്രത്തിന്‍റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്‍റസി കഥയാണ് കടമറ്റത്തു കത്തനാറിന്‍റേത്. പ്രശസ്തനായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ ഏറ്റവും ജനശ്രദ്ധ നേടിയ കഥ. മന്ത്രവാദവും, മാജിക്കുമൊക്കെയായി കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിച്ചതാണ് കടമറ്റത്തു കത്തനാരുടെ കഥ. മഹാമാന്ത്രികനെന്നു വിശേഷിപ്പിക്കാവുന്ന കടമറ്റത്തു കത്തനാരെക്കുറിച്ചുള്ള കലാസൃഷ്ടികളെല്ലാം ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. ആ കഥാപാത്രത്തോടുള്ള കൗതുകവും ആകാംക്ഷയുമാണ് ഈ ചിത്രത്തിന്റേയും പിൻബലം.
ആധുനിക സാങ്കേതികവിദ്യകളുടേയും, മികച്ച അണിയറ പ്രവർത്തകരുടെയും പിൻബലത്തോടെ സമീപകാല സിനിമയിലെ ഏറ്റം വലിയ മുതൽമുടക്കിലാണ് ഗോകുലം മൂവീസ് ഈ ചിത്രത്തിന് ദൃശ്യാവിഷ്ക്കരണം നടത്തുന്നത്. കത്തനാർ ദി വൈൽഡ് സോഴ്സർ. എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തും. അതിന്റെ മൂന്നോടിയായിട്ടാണ് ട്രെയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ട്രെയിലറിനു ലഭിച്ചിരിക്കുന്നത്.
ജയസൂര്യയുടെ നായക വേഷത്തിനു പുറമേ അനുഷ്ക്ക ഷെട്ടി, തമിഴ് താരം പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽ പ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിധീഷ് ഭരദ്വാജ്, സനൂപ് സന്തോഷ്. വിനീത്, കോട്ടയം രമേശ്, ദേവികാ സഞ്ജയ്, കിരൺ അരവിന്ദാക്ഷൻ സുശീൽ കുമാർ, എന്നിവരും ഈ ചിത്രത്തിന്‍റെ പ്രധാന വേഷങ്ങളിലുണ്ട്. നാൽപ്പത്തി അയ്യായിരം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഒരുക്കിയ മോഡുലർ ഷൂട്ടിങ് ഫ്ളോറിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷൂടിങ് ഫ്ളോർ ആണിത്. മുപ്പതിൽപ്പരം ഭാഷകളിലായി രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ ചിത്രം എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

