ധർമേന്ദ്രയുടെ ഐ.സി.യു ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
text_fieldsആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിലായ ബോളിവുഡ് നടൻ ധർമേന്ദ്രയുടെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) നിന്നുള്ള വിഡിയോ പ്രചരിപ്പിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. നടനും കുടുംബാംഗങ്ങളും ഉൾപ്പെടുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് ധർമേന്ദ്രയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിലെ ഹൗസ് കീപ്പിങ് സ്റ്റാഫിലെ ഒരാൾ ഫോണിൽ വിഡിയോ റെക്കോർഡ് ചെയ്തതായാണ് വിവരം. ധർമേന്ദ്ര കിടക്കയിൽ വിശ്രമിക്കുന്നതും മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങൾ സമീപത്ത് നിൽക്കുന്നതും വിഡിയോയിൽ കാണാം. കുടുംബത്തിന്റെ അറിവോ അനുവാദമോ ഇല്ലാതെ, സ്റ്റാഫ് അംഗം വിഡിയോ ഓൺലൈനിൽ പങ്കിട്ടു.
വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം പ്രചരിക്കുകയായിരുന്നു. നിരവധിപ്പേരാണ് താരത്തിന്‍റെ സ്വകാര്യതയിലേക്കുള്ളകടന്നു കയറ്റത്തിൽ പ്രതികരിച്ചത്. ഇത്രയും സ്വകാര്യവും വൈകാരികവുമായ ഒരു നിമിഷം പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടതിൽ ആരാധകർ വളരെയധികം അസ്വസ്ഥരായിരുന്നു. സംഭവം കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ ഉടൻ തന്നെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ആശുപത്രി മാനേജ്മെന്റ് ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ, സ്വകാര്യത ലംഘിച്ചതിനും ഡാറ്റാ സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിനുമാണ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. സമ്മതമില്ലാതെ സ്വകാര്യ ഉള്ളടക്കം റെക്കോർഡ് ചെയ്യുന്നതിനും പങ്കുവെക്കുന്നതിനും ഇന്ത്യൻ ശിക്ഷ നിയമത്തിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഒക്ടോബർ 31ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. നടന്റെ ചികിത്സ വീട്ടിൽ തുടരും എന്ന് ധർമേന്ദ്രയെ ചികിത്സിച്ചിരുന്ന ഡോ. പ്രൊഫ. പ്രതീത് സംദാനി അറിയിച്ചു. ആശുപത്രിയിലായിരിക്കെ, നിരവധി പോർട്ടലുകൾ നടൻ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. വ്യാജ റിപ്പോർട്ടുകൾക്കെതിരെ പ്രതികരിച്ചുകൊണ്ട് ധർമേന്ദ്രയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

