ചെറുപ്പത്തിൽ അമിതാഭ് ബച്ചനായി; വലുതായപ്പോൾ സിനിമ ഉപേക്ഷിച്ച് ഐ.ടി ജോലി ചെയ്തു; ഇപ്പോൾ 200 കോടിയുടെ ആസ്തി, ആരാണ് ആ താരം?
text_fieldsഅമിതാഭ് ബച്ചന്റെ കുട്ടിക്കാലം അഭിനയിച്ച ബാലതാരം. 'മാസ്റ്റർ അലങ്കാർ' എന്ന പേരിൽ എഴുപതുകളിലെ ഹിന്ദി സിനിമകളിൽ തിളങ്ങിയ ബാലതാരമാണ് അലങ്കാർ ജോഷി. 1970കളിൽ നൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം, അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, ജയ ബച്ചൻ, ഹേമ മാലിനി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 1975ൽ പുറത്തിറങ്ങിയ 'ദീവാർ' എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച വിജയ് എന്ന കഥാപാത്രത്തിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചത് അലങ്കാർ ജോഷിയാണ്.
ദീവാർ കൂടാതെ 'സീതാ ഓർ ഗീത', 'മജ്ബൂർ' തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രകടനങ്ങളും ഏറെ ശ്രദ്ധ നേടി. ഏഴാമത്തെ വയസിലാണ് അലങ്കാർ സിനിമയിലെത്തുന്നത്. 1972ൽ പുറത്തിറങ്ങിയ 'സീതാ ഓർ ഗീത' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബാലതാരമായി ശ്രദ്ധിക്കപ്പെടുന്നത്. ദീവാർ സിനിമയിൽ അദ്ദേഹത്തെ അഭിനയിക്കാൻ നിർദേശിച്ചത് അമിതാഭ് ബച്ചൻ തന്നെയാണെന്ന് സഹോദരിയും നടിയുമായ പല്ലവി ജോഷി ഒരിക്കൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ കഥാപാത്രം അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. ഇതിനുപുറമെ ധർമ്മേന്ദ്ര, ശത്രുഘ്നൻ സിൻഹ തുടങ്ങിയ താരങ്ങളുടെയും കുട്ടിക്കാലം അദ്ദേഹം അവതരിപ്പിച്ചു.
പ്രായപൂർത്തിയായ ശേഷം സിനിമയിൽ തുടരാൻ അലങ്കാറിന് കഴിഞ്ഞില്ല. അദ്ദേഹം മറാത്തി സിനിമയിൽ സംവിധാനവും നിർമാണവും പോലുള്ള മേഖലകളിൽ ഒരു കൈ നോക്കിയെങ്കിലും പിന്നീട് സിനിമ പൂർണ്ണമായി ഉപേക്ഷിച്ചു. സിനിമ വിട്ടതിന് ശേഷം അദ്ദേഹം ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമറായി ജോലി തുടങ്ങി. അമേരിക്കയിലേക്ക് താമസം മാറിയ അലങ്കാർ അവിടെ സ്വന്തമായി ഒരു ഐടി കമ്പനി സ്ഥാപിച്ചു. അദ്ദേഹത്തിന്‍റെ രണ്ട് പെൺമക്കളും ഹോളിവുഡിൽ നടികളാണ്. മകൻ ഗായകനാണ്. സിനിമ വിട്ടെങ്കിലും, ഹിന്ദി സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ ശ്രദ്ധേയനായ ഒരു ബാലതാരമായി അലങ്കാർ ജോഷി ഇന്നും ഓർമ്മിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

