'ചാന്തുപൊട്ട് എന്ന പേര് ആളുകൾ മോശമായി ഉപയോഗിച്ചു, എല്ലാത്തിനും ക്ഷമ ചോദിക്കുന്നു' -ബെന്നി പി. നായരമ്പലം
text_fields20 വർഷം മുമ്പ് പുറത്തിറങ്ങിയ സിനിമയാണ് ‘ചാന്തുപൊട്ട്’. തിയറ്ററിൽ വിജയമായ ചിത്രം തുടർന്ന് ചാനലുകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്തി. എന്നാൽ, ‘ചാന്തുപൊട്ട്’ എന്ന പ്രയോഗവും സിനിമയിലെ പല ഡയലോഗുകളും എല്‍.ജി.ബി.ടി.ക്യു വിഭാഗത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു എന്നത് വിവാദമായിരുന്നു. ഇത് സിനിമയുടെ അണിയറപ്രവർത്തകർക്കെതിരായ വലിയ വിമർശനത്തിന് കാരണമായി.
ഇപ്പോൾ ആ വിമർശനങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. ചാന്തുപൊട്ട് എന്ന പേര് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ കളിയാക്കാന്‍ ഉപയോഗിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും അത് തങ്ങള്‍ ചിന്തിക്കുകപോലും ചെയ്യാതിരുന്ന കാര്യമാണെന്നും വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഈ കമ്മ്യൂണിറ്റിയിലുള്ളവരെ ചേർത്ത് നിർത്താൻ വേണ്ടി എഴുതിയ സിനിമയാണ് ചാന്ത്പൊട്ട്. സ്ത്രൈണത ദുരന്തമായി മാറുന്ന കഥയാണത്, കഥാപാത്രം ട്രാൻസ്‌ജെൻഡർ അല്ല. ഒരു പോസിറ്റീവ് ആങ്കിളിലാണ് എഴുത്തുകാരനായ ഞാനും സംവിധായകൻ ലാൽ ജോസും അതിനെ കണ്ടത്. സിനിമയുടെ പേര് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുമായി ചേർത്ത് വിളിക്കുന്ന സാഹചര്യം വന്നപ്പോഴാണ് അത് അവരെ വേദനിപ്പിച്ചത്. മനപൂർവമല്ലെങ്കിലും അതിന് സിനിമ കാരണമായത് വളരെ സങ്കടമുണ്ടാക്കി' -ബെന്നി പി. നായരമ്പലം പറഞ്ഞു.
2005ലാണ് ചാന്ത്‌പൊട്ട് റിലീസാകുന്നത്. ദിലീപാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ രാധാകൃഷ്ണൻ എന്ന രാധയെ അവതരിപ്പിച്ചിരിക്കുന്നത്. ഗോപിക (മാലു), ലാൽ (ദിവാകരൻ), ഇന്ദ്രജിത്ത് (കൊമ്പൻ കുമാരൻ), ബിജു മേനോൻ (ഫ്രെഡി), ഭാവന (റോസി), ശോഭ മോഹൻ (ശാന്തമ്മ), രാജൻ പി. ദേവ് (തുറയിലാശാൻ), സുകുമാരി (മുത്തശ്ശി) എന്നിവരും പ്രധാന വേഷത്തിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

