രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ച ഈ ശരീരം മുമ്പത്തേക്കാൾ ശക്തമാണ്, ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കുന്നു; ബോഡി ഷെയ്മിങ്ങിന് പേളിയുടെ മാസ് മറുപടി
text_fieldsമലയാളികൾക്ക് പേളി മാണി എന്നാൽ വെറുമൊരു അവതാരകയോ നടിയോ മാത്രമല്ല, പോസിറ്റീവ് വൈബും കൂടിയാണ്. പേളിയുടെ ഓരോ അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമാകുന്നത്. ഗൗരവകരമായ കാര്യങ്ങൾ പോലും വളരെ ലളിതമായും തമാശ കലർന്ന രീതിയിലും ചോദിച്ചറിയാനുള്ള പേളിയുടെ കഴിവിന് ആരാധകർ ഏറെയയാണ്. ഇപ്പോഴിതാ ശരീരഘടനയുടെ പേരിൽ വിമർശിക്കുന്നവർക്കും പരിഹസിക്കുന്നവർക്കും ശക്തമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് പേളി മാണി.
രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ച തന്റെ ശരീരം എന്നത്തേക്കാളും കരുത്തുറ്റതാണെന്നും ബോഡി ഷെയ്മിങ് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പേളി വ്യക്തമാക്കുന്നു. സ്ത്രീകളെ വളക്കാൻ കഴിഞ്ഞേക്കും, പക്ഷേ ഒരിക്കലും ഒടിക്കാനാവില്ല എന്ന ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളോടെ പേർളി പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തന്റെ ശരീരത്തെ സ്നേഹിക്കുന്നതിനെക്കുറിച്ചും സ്ത്രീശക്തിയെക്കുറിച്ചുമുള്ള പേളിയുടെ ഈ കുറിപ്പ് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
‘ബോഡി ഷെയ്മിങ് ശരിയാണെന്ന് കരുതിയവർക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിക്കാം. എന്നാൽ ഒന്നോർക്കുക, അത് ഒരിക്കലും ശരിയല്ല, അത് ഒന്നിനും ഒരു പരിഹാരവുമല്ല. ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കുന്നു. രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ച എന്റെ ഈ ശരീരം മുമ്പത്തേക്കാൾ ശക്തമാണ്. സ്ത്രീകളോട് എനിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങൾക്ക് അവരെ വളക്കാൻ കഴിഞ്ഞേക്കും, പക്ഷേ ഒരിക്കലും ഒടിക്കാൻ കഴിയില്ല’ എന്നാണ് പേളി സോഷ്യൽമീഡിയയിൽ കുറിച്ചത്. സാനിയ ഇയ്യപ്പൻ, ശിവദ തുടങ്ങി നിരവധി പേരാണ് പേളിക്ക് പിന്തുണയുമായി കമന്റ് ചെയ്യുന്നത്.
അതേസമയം പേളിയുടെ അഭിമുഖങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഓരോ അഭിമുഖവും മിനിറ്റുകൾക്കുള്ളിൽ ട്രെൻഡിങ്ങിൽ ഇടംപിടിക്കുന്നത് പതിവു കാഴ്ചയാണ്. എന്നാൽ തന്റെ അഭിമുഖങ്ങളെക്കുറിച്ചും അതിന് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും വളരെ വ്യക്തമായ നിലപാടാണ് പേളിക്ക് ഉള്ളത്. തന്റെ അഭിമുഖങ്ങളിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത് വ്യൂസ് മാത്രമാണെന്ന് കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ പേളി തുറന്നുപറഞ്ഞിരുന്നു. വ്യൂസ് ഇല്ലെങ്കിൽ ചെയ്യുന്ന പ്രൊമോഷനുകളിൽ കാര്യമില്ലാതെയാവുമെന്നും, ഒരു കണ്ടന്റ് ജനങ്ങളിലേക്ക് എത്തുക എന്നത് ഏതൊരു ക്രിയേറ്ററെ സംബന്ധിച്ചും പ്രധാനമാണെന്നും പേളി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

