'തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രിയായതോടെ സമ്മർദ്ദം കൂടുന്നത് എനിക്കാണ്'; താരതമ്യങ്ങളോട് പ്രതികരിച്ച് പവൻ കല്യാൺ
text_fieldsവിജയ്, പവൻ കല്ല്യാൺ
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള പാർട്ടി നേടിയ ചരിത്രപരമായ വിജയവും അദ്ദേഹത്തിന്റെ മുഖ്യമന്ത്രിപദവിയും ഇപ്പോഴും വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയാണ്. ഈ രാഷ്ട്രീയ തരംഗത്തിനിടയിൽ, സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും തെന്നിന്ത്യൻ സിനിമാലോകത്തെ മറ്റൊരു സൂപ്പർതാരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണുമായി വിജയ്‌യെ താരതമ്യം ചെയ്തുകൊണ്ടുള്ള ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ, ഇത്തരം താരതമ്യങ്ങളോട് തന്റെ പതിവ് ശൈലിയിൽ പ്രതികരിച്ചിരിക്കുകയാണ് പവൻ കല്യാൺ.
മംഗളഗിരിയിലെ ജനസേനാ പാർട്ടി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പവൻ കല്യാൺ ഈ വിഷയം പരാമർശിച്ചത്. 'തമിഴ്‌നാട് തെരഞ്ഞെടുപ്പ് കഴിയുകയും വിജയ് മുഖ്യമന്ത്രിയാവുകയും ചെയ്തതുമുതൽ ജനങ്ങൾ എനിക്ക് മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. അയൽസംസ്ഥാനത്ത് ഒരു നടൻ പാർട്ടി രൂപീകരിച്ച് നേരിട്ട് മുഖ്യമന്ത്രിയായി, അതുപോലെ നിങ്ങളും ആന്ധ്രയിൽ ചെയ്യണമായിരുന്നു പലരും എനിക്ക് മെസ്സേജ് അയക്കുന്നത്,' പവൻ കല്യാൺ പറഞ്ഞു.
ഒരു തെലുങ്ക് പഴഞ്ചൊല്ല് ഉദാഹരണമാക്കിക്കൊണ്ടാണ് താരം ഇതിന് മറുപടി നൽകിയത്. 'അയൽപക്കത്തെ കല്യാണത്തിന് ആവശ്യമില്ലാതെ ആവേശം കൊള്ളുന്ന കുട്ടികളെപ്പോലെയാണിത്. തങ്ങളുടെ വീട്ടിലെ കല്യാണമല്ല എന്ന് തിരിച്ചറിയാതെ കുട്ടികൾ ഓടിനടക്കുമല്ലോ. അതുപോലെയാണ് ഈ താരതമ്യങ്ങൾ. തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും സാഹചര്യം തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ 2019-ലെ തെരഞ്ഞെടുപ്പിൽ ഞാൻ ഒറ്റക്ക് മത്സരിച്ചപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു? അന്ന് എന്റെ കൂടെയുണ്ടായിരുന്ന മന്ത്രിമാർ പോലും എന്നെ പിന്തുണച്ചില്ല. അതുകൊണ്ട് ദയവായി ഞങ്ങളെ തമ്മിൽ താരതമ്യം ചെയ്യരുത്,' പവൻ കല്യാൺ വ്യക്തമാക്കി.
പവൻ കല്യാണിന്റെ ഈ പ്രസ്താവന പുറത്തുവരുന്നതിന് തൊട്ടുതലേദിവസമാണ് അദ്ദേഹത്തിന്റെ ജ്യേഷ്ഠനും മെഗാസ്റ്റാറുമായ ചിരഞ്ജീവി തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയ്‌യെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചത്. വളരെ സൗഹൃദപരമായിരുന്ന ആ സംഭാഷണത്തിൽ, അന്തരിച്ച ജനപ്രിയ നേതാവ് എം.ജി.ആറിനെപ്പോലെ ജനകീയമായ ഭരണത്തിലൂടെ തമിഴ് ജനതയുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ വിജയ്‌ക്ക് കഴിയട്ടെ എന്ന് ചിരഞ്ജീവി ആശംസിച്ചു.
2014-ലാണ് പവൻ കല്യാൺ ജനസേനാ പാർട്ടി രൂപീകരിക്കുന്നത്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിന് ശേഷം, കഴിഞ്ഞ 2024-ലെ തെരഞ്ഞെടുപ്പിൽ ടി.ഡി.പി, ബി.ജെ.പി എന്നിവരുമായി സഖ്യമുണ്ടാക്കി വൻ വിജയം നേടാനും ആന്ധ്രയുടെ ഉപമുഖ്യമന്ത്രിയാകാനും അദ്ദേഹത്തിന് സാധിച്ചു. എന്നാൽ നടൻ വിജയ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് 'തമിഴക വെട്രി കഴകം' എന്ന പാർട്ടി പ്രഖ്യാപിക്കുന്നതും തന്റെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ 108 സീറ്റുകൾ നേടി മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നതും. രണ്ട് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ പശ്ചാത്തലങ്ങൾ വ്യത്യസ്തമാണെന്നും അതിനാൽ ഈ രണ്ട് യാത്രകളെയും ഒരേ തട്ടിൽ അളക്കരുതെന്നുമാണ് പവൻ കല്യാൺ ആരാധകരോട് ഓർമ്മിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

